ദക്ഷിണാഫ്രിക്കയിലെ അനധികൃത കുടിയേറ്റക്കാർ
താമസിക്കുന്ന അഞ്ചുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 7 കുട്ടികൾ ഉൾപ്പെടെ 73 പേർ മരിച്ചു. 52 പേർക്കു പരുക്കേറ്റു.പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു തീപിടിത്തം. ഇതുവരെ 73 മൃതദേഹങ്ങൾ കണ്ടെടുത്തു. തിരച്ചിൽ തുടരുകയാണ്. അനധികൃത താമസക്കാർ ഏറെയുള്ളതിനാൽ മരണസംഖ്യ കൂടുമെന്നാണു സൂചന.
വെള്ളക്കാരുടെ പ്രദേശങ്ങളിൽ ജോലി ചെയ്യാൻ കറുത്ത വർഗക്കാർക്ക് അനുമതിപത്രം വിതരണം ചെയ്തുവന്ന ഈ കെട്ടിടം പിന്നീട് വർണവിവേചനകാലത്തിന്റെ സ്മാരകമായി മാറിയിരുന്നു. കെട്ടിടത്തിന്റെ ഉടമസ്ഥത മുനിസിപ്പാലിറ്റിക്കാണെങ്കിലും കുറ്റവാളികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും താവളമായ ഇവിടം അധോലോകസംഘം കയ്യടക്കി.
വിറകടുപ്പും മണ്ണെണ്ണ സ്റ്റൗവും ഉപയോഗിച്ചിരുന്ന ഇവിടെ തീ വേഗം പടർന്നു. വ്യാപകമായ ദാരിദ്ര്യവും തൊഴിലില്ലായ്മയുമുള്ള ജൊഹാനസ്ബർഗ് നഗരത്തിൽ ഭവനരഹിതരായ 12 ലക്ഷത്തോളം പേർ പാർക്കുന്നുണ്ട്