ഹൈദരാബാദ്: അധ്യാപകര്‍ ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി ആന്ധ്ര സര്‍ക്കാര്‍. ക്ലാസ് മുറിക്കുള്ളിൽ അധ്യാപകർ സെൽ ഫോൺ ഉപയോഗിക്കുന്നത് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ തിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ക്ലാസ്മുറികളിലെ അധ്യാപകരുടെ മൊബൈൽ ഉപയോഗം മോശം പ്രതിഫലനമുണ്ടാക്കുമെന്ന് യോഗം വിലയിരുത്തി. അധ്യാപകർ മൊബൈൽ ഫോൺ സജീവമായി ഉപയോഗിക്കുന്നില്ല എങ്കിൽ പോലും അഭിമുഖമായിരിക്കുന്ന വിദ്യാർഥികൾക്ക് ക്ലാസിൽ ശ്രദ്ധിക്കാൻ പ്രയാസമായിരിക്കുമെന്ന യുനെസ്കോയുടെ ഗ്ലോബൽ എജ്യൂക്കേഷൻ മോണിറ്ററിങ് റിപ്പോർട്ട്-2023 യോഗം വിലയിരുത്തി.
ക്ലാസിനിടെ പല അധ്യാപകരം സ്വകാര്യ ആവശ്യത്തിന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് കുട്ടികളുടെ അക്കാദമിക പുരോഗതിക്ക് ഗുണകരമല്ലാത്ത മറ്റ് ഉദ്ദേശ്യങ്ങളിലേക്ക് ക്ലാസ് മുറിയിലെ അധ്യാപന സമയം വഴിതിരിച്ചുവിടുന്നു. ക്ലാസ് മുറികളിൽ എത്തുമ്പോൾ, മൊബൈൽ ഫോൺ ബാഗിൽ വെക്കുകയോ, സൈലന്റ് മോഡിലിടുകയോ വേണമെന്നും നിർദേശമുണ്ട്.
ക്ലാസ്മുറികളിൽ അധ്യാപകർ ഫോൺ ഉപയോഗിച്ചാൽ ശിക്ഷയുമുണ്ട്. മൊബൈൽ ഫോൺ കണ്ടുകെട്ടി, സ്കൂൾ അവസാനിക്കുന്നത് വരെ പ്രധാന അധ്യാപകന്റെ ഓഫിസിൽ സൂക്ഷിക്കും. തിരിച്ചുനൽകണമെങ്കിൽ അധ്യാപകൻ കുറ്റം ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണം. രണ്ടാംതവണയും തെറ്റ് ആവർത്തിച്ചാൽ, ഫോൺ ഹെഡ്മാസ്റ്റർ കണ്ടുകെട്ടും. അധ്യാപകൻ തയാറായില്ലെങ്കിൽ വിദ്യാഭ്യാസ ഓഫിസറോട് വിവരം അറിയിക്കും. അദ്ദേഹത്തിന്റെ മുന്നറിയിപ്പിനു ശേഷം അധ്യാപകർക്ക് ഫോൺ തിരിച്ചുനൽകും.
മൂന്നാം തവണയും നിയമലംഘനം നടത്തുന്നവരുടെ ഫോൺ പിടിച്ചെടുത്ത് ജില്ല വിദ്യാഭ്യാസ ഓഫിസർക്ക് അയയ്ക്കും. ഡി.ഇ.ഒയുമായി ചർച്ച നടത്തിയതിന് ശേഷം അവരുടെ സർവീസ് ബുക്കിൽ നിയമലംഘനം രേഖപ്പെടുത്തിയ ശേഷം മാത്രമേ അധ്യാപകന് ഫോൺ തിരികെ നൽകൂ.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് സ്കൂൾ മേധാവിക്കെതിരെ നടപടി നിർദേശിക്കാം. വിദ്യാർഥികളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ പരാതി ലഭിച്ചാൽ പ്രധാനാധ്യാപകനും ഉത്തരവാദിയായിരിക്കും.
ഈ മാസം ആദ്യം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബോച്ച സത്യനാരായണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അധ്യാപകരുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ ധാരണയായത്. അധ്യാപകർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം