ചണ്ഡീഗഡ്: നൂഹിലുണ്ടായ കലാപത്തിന് പിന്നിൽ കോൺഗ്രസാണെന്ന വെളിപ്പെടുത്തലുമായി മന്ത്രി. ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് ആണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കുന്നതിന് പിന്നിൽ കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
കലാപവുമായി ബന്ധപ്പെട്ട് 510 പേർ അറസ്റ്റിലായെന്നും, കേസുകളുമായി ബന്ധപ്പെട്ട് 140 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തെന്നും മന്ത്രി വെളിപ്പെടുത്തി. നൂഹ് സംഘർഷത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്.
എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട ആളുകളും സമാധനത്തോടെ ജീവിക്കുന്ന സംസ്ഥാനമാണ് ഹരിയാന. നൂഹിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് 500 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ സംഭവത്തിന് പിന്നിൽ കോൺഗ്രസാണെന്ന് വ്യക്തമായി എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ ശാന്തമാണ്. നിയന്ത്രണവിധേയമാണ്. സ്ഥലത്ത് സുരക്ഷയ്ക്കായി ആവശ്യത്തിന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂഹ് കലാപത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്. നൂഹിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കുനേരെ ഒരുകൂട്ടം ആളുകൾ ആക്രമണം നടത്തുകയായിരുന്നു. ഗോസംരക്ഷകനെന്ന് അറിയപ്പെടുന്ന മോനു മനേസർ പങ്കെടുക്കുമെന്ന വിവരം പുറത്തുവന്നതിനെ തുടർന്നായിരുന്നു കലാപം. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും അക്രമകാരികൾ തീയിട്ടിരുന്നു.
അതേസമയം സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിർത്തുന്നതിൽ ജനങ്ങൾക്ക് നന്ദി പറയുന്നതായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന് പിന്തുണ നൽകുന്നവർക്ക് അഭിനന്ദിനങ്ങൾ. ജലാഭിഷേക പരിപാടി വിജയകരമായി പൂർത്തിയായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.