ന്യൂഡൽഹി: ഉത്തർപ്രദേശിൽ അധ്യാപികയുടെ പ്രേരണ മൂലം മുസ്ലിം വിദ്യാർഥിയെ സഹപാഠി തല്ലിയ സംഭവത്തിൽ മധ്യസ്ഥശ്രമങ്ങളുമായി ഭാരതീയ കിസാൻ യൂണിയൻ(ബികെയു) നേതാവ് നരേഷ് ടിക്കായത്ത്. മർദനമേറ്റ വിദ്യാർഥിയുടെ കുടുംബത്തെ സന്ദർശിച്ച ബികെയു നേതാക്കൾ, മർദിച്ച കുട്ടിയെക്കൊണ്ട് സഹപാഠിയെ ആലിംഗനം ചെയ്യിപ്പിച്ചു. വിദ്യാലയങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ടിക്കായത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ, വിവാദമായ തല്ലിന്റെ വീഡിയോ കേന്ദ്രസർക്കാർ നിർദേശപ്രകാരം നീക്കിയിരുന്നു. മുസ്ലിം വിദ്യാർഥിക്ക് ക്രൂര മർദനമേൽക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് കേന്ദ്രസർക്കാർ വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. വീഡിയോ പങ്കുവച്ച മൂന്ന് പോസ്റ്റുകൾ എക്സ് നീക്കം ചെയ്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ ഈ വീഡിയോ ലഭ്യമാണ്.
മുസ്ലിം വിദ്യാർഥിയും മർദിച്ച സഹപാഠികളിലൊരാളും തമ്മിൽ ആലിംഗനം ചെയ്യുന്നതിന്റെ വിഡിയോ സമാജ്വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് പങ്കുവച്ചു. കുട്ടികള് ആലിംഗനം ചെയ്യുന്നത് നല്ല സന്ദേശമാണെന്നും സ്നേഹത്തിന്റെ പാഠം പഠിപ്പിച്ചാൽ മാത്രമേ യഥാർഥ ഇന്ത്യ നിലനിൽക്കൂവെന്നും എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) വിഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം പോസ്റ്റ് ചെയ്തു.
മുസാഫർനഗറിലെ കുബപുർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്കൂൾ എന്ന സ്വകാര്യ പ്രൈമറി സ്കൂളിലെ രണ്ടാം ക്ലാസുകാരനായ മുസ്ലിം വിദ്യാർഥിക്കാണ് പരസ്യമായ അടിയും അപമാനവുമേറ്റത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ക്ലാസിലെ മറ്റ് കുട്ടികളെ കൊണ്ടു തല്ലിച്ചതിനു പുറമെ, മുസ്ലിം കുട്ടികളെല്ലാം മറ്റേതെങ്കിലും സ്ഥലത്തേക്കു പോകൂ എന്ന് അധ്യാപിക ആക്രോശിക്കുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. സംഭവം വിവാദമായതിനു പിന്നാലെ തൃപ്തി ത്യാഗിക്കെതിരെ മുസാഫർനഗർ പൊലീസ് ശനിയാഴ്ച കേസെടുത്തിരുന്നു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം