സൂറിച്ച്: ഫിഫ വനിത ലോകകപ്പ് ഫൈനലിന് ശേഷം സ്പാനിഷ് താരം ജെന്നി ഹെര്മോസൊയെ ചുംബിച്ച സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ലൂയിസ് റുബിയാലസിനെതിരെ അച്ചടക്ക നടപടി. ഫിഫയുടെ അച്ചടക്ക സമിതി നടപടി ആരംഭിച്ചതായി ഫിഫ ലൂയിസിനെ അറിയിച്ചു.
താരങ്ങള്‍ക്ക് സ്വര്‍ണ മെഡല്‍ സമ്മാനിക്കുന്നതിനിടെയായിരുന്നു ലൂയിസിന്റെ പ്രവര്‍ത്തി. സംഭവത്തില്‍ സ്പെയിനിലും ആഗോള തലത്തിലും വിമര്‍ശനമുണ്ടായി. ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് ഹെര്‍മോസോയും പ്രതികരിച്ചിരുന്നു. ഈ സംഭവം ഫിഫ ഡിസിപ്ലിനറി കോഡിന്റെ ആർട്ടിക്കിൾ 13 ഖണ്ഡിക 1, 2 എന്നിവയുടെ ലംഘനമാകാമെന്ന് ഫിഫ അറിയിച്ചു.
വനിതാ ലോകകപ്പില്‍ സ്പെയ്ന്‍ കിരീടമുയര്‍ത്തിയതിനു പിന്നാലെ നടന്ന സമ്മാനദാന ചടങ്ങില്‍വെച്ചായിരുന്നു റൂബിയാലെസ് സ്പാനിഷ് താരത്തെ കെട്ടിപ്പിടിക്കുകയും ചുണ്ടില്‍ ചുംബിക്കുകയും ചെയ്തത്. മറ്റുതാരങ്ങളെ കവിളില്‍ ചുംബിക്കുകയും ചെയ്തിരുന്നു. റൂബിയാലെസിന്റെ പെരുമാറ്റം ഇഷ്ടമായില്ലെന്ന് ഹെര്‍മോസോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതോടെ ഹെര്‍മോസോ തന്നെ വിശദീകരണവുമായി രംഗത്തെത്തി. പ്രസിഡന്റിന്റെ പ്രവൃത്തിയോടുള്ള നീരസം പ്രകടമാക്കിയെങ്കിലും റൂബിയാലെസിന് താനുള്‍പ്പെടെയുള്ള വനിതാ താരങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും ആ നീക്കം അപ്രതീക്ഷിതമായിരുന്നെങ്കിലും അത് വിജയനിമിഷത്തില്‍ സ്വാഭാവികമായി സംഭവിച്ചതാണെന്നും ജെന്നിഫര്‍ വ്യക്തമാക്കി. എങ്കിലും മാധ്യമങ്ങളടക്കം റൂബിയാലെസിനെതിരേ കടുത്ത വിമര്‍ശനം അഴിച്ചുവിട്ടു. പിന്നാലെ താരത്തോട് റൂബിയാലെസ് ക്ഷമ ചോദിച്ചിരുന്നു.
സ്പെയ്നിലെ വനിതാ ഫുട്ബോള്‍ ലീഗായ ലിഗ എഫ് റൂബിയാലസിനെ പുറത്താക്കാന്‍ ആവശ്യപ്പെടുകയും മോശം പെരുമാറ്റത്തിനെതിരേ നാഷണല്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
കലാശപ്പോരാട്ടത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഏക ഗോളിന് കീഴടക്കിയാണ് സ്പെയിന് ലോകകിരീടത്തില്‍ മുത്തമിട്ടത്. ഓള്‍ഗ കാര്‍മോണ 29-ാം മിനുറ്റിലാണ് സ്പെയിനിനായ് ലക്ഷ്യം കണ്ടത്. ചരിത്രത്തില്‍ ആദ്യമായാണ് സ്പെയിന് വനിത ലോകകപ്പ് സ്വന്തമാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം