തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന. ഓഫീസുകളിൽ നടന്നു വരുന്ന ക്രമവിരുദ്ധ പ്രവർത്തനങ്ങളും അഴിമതികളും കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ എക്സൈസ് ഡിവിഷൻ ഓഫീസുകളിലും തെരഞ്ഞെടുത്ത എക്സൈസ് സർക്കിൾ ഓഫീസുകളിലും റേഞ്ച് ഓഫീസുകളിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. ‘ഓപ്പറേഷൻ കോക്ടെയിൽ’ എന്ന പേരിൽ ഇന്നലെ ഒരേ സമയത്ത് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.
ബെവ്കോ ഗോഡൗണുകളിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മാത്രമേ ബാറുകളിൽ മദ്യം ഇറക്കാവൂ എന്ന ഉത്തരവ് സംസ്ഥാനത്തെ ചില എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാർ നടപ്പിലാക്കുന്നില്ലെന്നു പരിശോധനയിൽ വ്യക്തമായി. ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫിസിൽ പൊതുസ്ഥലത്ത് പുക വലിക്കുന്നത് പോലുള്ള കുറ്റങ്ങളിൽ പിടിക്കപ്പെടുന്നവരിൽ നിന്നും പിഴ ഈടാക്കാതെ പിഴയെക്കാൾ കൂടുതൽ തുകയുമായി ഓഫിസിലെത്താൻ നിർദ്ദേശിക്കുന്നതായി കണ്ടെത്തി.
കണ്ണൂർ ജില്ലയിലെ ഇരിട്ടി എക്സൈസ് റേഞ്ച് ഓഫിസിലെ വിശ്രമ മുറിയിൽ നിന്നും കണക്കിൽപ്പെടാത്ത പത്ത് കുപ്പി വിദേശ മദ്യവും, കാസർഗോഡ് ജില്ലയിലെ ബദിയെടുക്ക എക്സൈസ് റേഞ്ച് ഓഫിസിൽ അബ്ക്കാരി കേസിൽ ഉൾപ്പെടാത്തതും, കർണാടകയിൽ മാത്രം വിൽക്കുന്നതുമായ പത്ത് കവർ മദ്യവും വിജിലൻസ് മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തു.
കാസർഗോട് ജില്ലയിലെ കുമ്പള എക്സൈസ് റേഞ്ച് ഓഫിസിൽ തൊണ്ടി മുതലായി സൂക്ഷിച്ചിരിക്കുന്ന ആറ് വാഹനങ്ങളുടെ ബാറ്ററിയും, കോഴിക്കോട് ജില്ലയിലെ വടകര എക്സൈസ് സർക്കിൾ ഓഫിസിൽ സൂക്ഷിച്ചിരുന്ന വാഹനത്തിന്റെ ബാറ്ററിയും നഷ്ടപ്പെട്ടതായി കണ്ടെത്തി. കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫിസിലെ ഡ്രൈവറുടെ ഗൂഗിൾ പേ വഴി കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ 4 തവണകളിലായി 1,15,000 രൂപ വന്നതിനെപ്പറ്റി വിശദമായ അന്വേഷണം നടത്തുന്നതാണെന്ന് വിജിലൻസ് അറിയിച്ചു.
14 എക്സൈസ് ഡിവിഷനുകളിലും തിരഞ്ഞെടുത്ത 16 എക്സൈസ് സർക്കിൾ ഓഫിസുകളിലും 45 റേഞ്ച് ഓഫിസുകളും ഉൾപ്പടെ 75ഓളം എക്സൈസ് ഓഫിസുകളിലാണ് പരിശോധന നടന്നത്.
എക്സൈസ് ഓഫീസുകളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിനും അഴിമതി പൂർണ്ണമായും തുടച്ചുനീക്കുന്നത് ഉറപ്പ് വരുത്തുന്നതിലേയ്ക്കുമായി വരും ദിവസങ്ങളിലും ഇത് സംബന്ധിച്ച പരിശോധന തുടരുമെന്നും മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോർട്ട് മേൽനടപടികൾക്കായി സർക്കാരിന് നൽകുമെന്നും വിജിലൻസ് ഡയറക്ടർ ടികെ വിനോദ്കുമാർ ഐപിഎസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം