മുംബൈ: ബ്രസീൽ സൂപ്പർ താരം നെയ്മര്‍ ഇന്ത്യയില്‍ കളിക്കാനെത്തും. എഎഫ്സി ചാംപ്യൻസ് ലീഗ് മത്സരങ്ങള്‍ക്കായാണ് സൗദി അറേബ്യൻ ക്ലബ് അല്‍ ഹിലാലിന്റെ താരമായ നെയ്മാര്‍ ഇന്ത്യയിലേക്കു വരിക. ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നുള്ള മുംബൈ സിറ്റി എഫ്സിയും അൽ ഹിലാലും എഎഫ്സി ചാംപ്യൻസ് ലീഗിൽ ഗ്രൂപ്പ് ഡിയിലാണു കളിക്കുന്നത്.
ഇറാനിൽനിന്നുള്ള നസാജി മസൻഡരൻ എഫ്സി, ഉസ്ബെക്കിസ്ഥാൻ ക്ലബ് നവ്ബാഹോർ എന്നീ ടീമുകളും ഗ്രൂപ്പ് ഡിയിലാണ്. പുണെയിലെ ബാലെവാഡി സ്റ്റേഡിയത്തിലാണ് മുംബൈ സിറ്റി ചാംപ്യൻസ് ലീഗ് മത്സരങ്ങൾ കളിക്കുന്നത്. 11,600 പേർക്കാണ് ബാലെവാഡി സ്റ്റേഡിയത്തിൽ കളി കാണാൻ സാധിക്കുക.
സെപ്റ്റംബർ 18 മുതലാണ് എഎഫ്സി ചാംപ്യൻസ് ലീഗ് മത്സരങ്ങൾക്കു തുടക്കമാകുന്നത്. ഫ്രഞ്ച് ലീഗ് ക്ലബ്ബ് പിഎസ്ജി വിട്ടാണ് നെയ്മാർ ദിവസങ്ങൾക്കു മുൻപ് സൗദി ക്ലബിൽ ചേർന്നത്. 2 വർഷത്തേക്കാണ് കരാർ. 16 കോടി യൂറോയാണ് (ഏകദേശം 1450 കോടി രൂപ) മുപ്പത്തിയൊന്നുകാരൻ നെയ്മാറിനു പ്രതിഫലമായി ലഭിക്കുക.
നെയ്മര്‍, റുബെന്‍ നെവസ്, മിലങ്കോ സാവിച്, ബോണോ, മാക്സിമിന് എന്ന് തുടങ്ങി സൂപ്പര്‍ താരങ്ങളുടെ വലിയ നിര അല്‍ ഹിലാലിന് ഉണ്ട്. ഇത് ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ക്കും ആവേശം പകരുന്നതാണ്. കിരീടനേട്ടങ്ങളുടെ കണക്കിൽ സൗദിയിലെയും ഏഷ്യയിലെയും നമ്പർ വൺ ക്ലബ്ബാണ് അൽ ഹിലാൽ. 18 സൗദി പ്രൊ ലീഗും 4 ഏഷ്യൻ ചാംപ്യൻസ് ലീഗും ഉൾപ്പെടെ 66 മേജർ ട്രോഫികൾ ക്ലബ് നേടിയിട്ടുണ്ട്.
10 ഗ്രൂപ്പുകളിലായി നാല്‍പ്പതു ടീമുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കുന്നത്. മുംബൈ സിറ്റിയും സൗദി അറേബ്യന്‍ ക്ലബുകളും വെസ്റ്റ് സോണില്‍ ആണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ ഗ്രൂപ്പ് ഇയിലാണ്. പെര്‍സെപൊലിസ്, അല്‍ ദുഹൈല്‍, ഇസ്തിക്ലോല് എന്നിവയാണ് അല്‍ നസറിന്റെ ഗ്രൂപ്പില്‍ ഉള്ളത്.
ബെന്‍സീമയുടെ അല്‍ ഇത്തിഹാദ് ക്ലബ് ഗ്രൂപ്പ് സിയില്‍ ആണ്. നിലവിലെ സൗദി ചാമ്പ്യന്മാര് മുന്‍പ് രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുണ്ട്. സെപെഹാന് എസ് സി, എയര്‍ ഫോഴ്സ് ക്ലബ്, AGMK FC എന്നിവരുണ്ട്. എ എഫ് സി ചാമ്പ്യന്‍സ് ലീഗ് കലണ്ടര്‍ സെപ്റ്റംബര്‍ മുതല്‍ മെയിലേക്ക് മാറിയ ആദ്യ സീസണ് ആണ് ഇത്. ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടം മുതല്‍ വീഡിയോ അസിസ്റ്റന്റ് റഫറിയിംഗ് സംവിധാനം ഉണ്ടാകും.