കോട്ടയം: പല കാര്യങ്ങളിലും വ്യക്തത ഉണ്ടാക്കുന്ന ഒന്നാകും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വികസനം വരരുതെന്നാഗ്രഹിക്കുന്നു. എന്നാൽ, ഇടതുപക്ഷ സർക്കാർ വികസനം നടപ്പാക്കിയെന്നും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനം പറഞ്ഞ് പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി, കഴിഞ്ഞ 7 വർഷം ഇടത് സർക്കാരിന്റെ കാലത്ത് കേരളത്തിലുണ്ടായ മാറ്റങ്ങളും എണ്ണിപ്പറഞ്ഞു. വികസനം നാടിനോടുള്ള പ്രതിബദ്ധതയിൽ ഉണ്ടാകുന്നതാണ്. പുതുപ്പള്ളി പ്രദേശത്തിന്റെ വികസനവും, മറ്റ് സ്ഥലങ്ങളുമായുള്ള താരതമ്യവുമെല്ലാം ഉപതെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടും. അതുണ്ടാകരുതെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ മണ്ഡലത്തിന്റെ യഥാർത്ഥ സ്ഥിതി എല്ലാവർക്കും അറിയാം. മണ്ഡലത്തിലെ പ്രശ്നങ്ങൾ ഈ തെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടും. ഏഴ് വർഷം മുൻപ് നിരാശയിലാണ്ട സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് ഇടത് സർക്കാരെത്തിച്ചു. പുതുപ്പള്ളിക്ക് അപ്പുറം കടക്കില്ലെന്നു കരുതിയ പവർ ഹൈവേ പൂർത്തിയാക്കാൻ കഴിഞ്ഞു. ഇതെല്ലാം ഇടത് സർക്കാരിന്റെ വിജയമാണ്. ദേശീയ പാത വികസനത്തിന് 2011 ലെ യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ല. മറ്റിടങ്ങളെ അപേക്ഷിച്ച് വികസനം പോരാ എന്ന് പറയുന്ന പുതുപ്പള്ളിയിലും സ്കൂളുകൾ നന്നായി.
പക്ഷേ കേരളത്തെ കേന്ദ്രം അവഗണിക്കുകയാണ്. നികുതി വിഹിതം വെട്ടിക്കുറയ്ക്കുന്നു. വർഗീയതക്കെതിരെ പോരാടുന്നവരാണ് ഇടത് പക്ഷം. പക്ഷേ കേന്ദ്രത്തിനെതിരെ സംസാരിക്കാൻ യുഡിഎഫിന് കഴിയാത്തത് എന്താണ് കഴിയാത്തത് ? എല്ലാം ഒത്തുകളിയാണ്. യുഡിഎഫ് ബിജെപി ഒത്തുകളി. കിടങ്ങൂർ എടുത്ത് പറഞ്ഞ പിണറായി പ്രാദേശിക തെരെഞ്ഞെടുപ്പിൽ മറ്റ് ഇടങ്ങളിലും ഈ ഒത്തുകളി കണ്ടിട്ടുണ്ടെന്നും ആരോപിച്ചു.
വോട്ടവകാശം ശരിയായി വിനിയോഗിക്കുക എന്നതാണ് പ്രധാനം. ബൂത്തിലെയോ വില്ലേജിലെയോ പ്രശ്നങ്ങൻ മാത്രം അടിസ്ഥാനമാക്കിയല്ല വോട്ട് ചെയ്യേണ്ടത്. നാടിന്റെ വികസന പ്രശ്നങ്ങൾ, മറ്റു സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആ നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ടോ എന്നതടക്കം പരിഗണിക്കണം. അതുണ്ടാവല്ലേ എന്ന് ചിലർ ആശിക്കുന്നതായി കാണുന്നു. നാട്ടുകാരാണ് വിധി കർത്താക്കൾ. അവർക്ക് അറിയാം നാടിന്റെ സ്ഥിതി. വികസനം എന്നത് നാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗം. വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ പല തടസങ്ങൾ നേരിട്ടു. പക്ഷേ, നടപ്പാക്കി എന്ന് മുഖ്യമന്ത്രി പറഞ്ഞു.
യു ഡി എഫ് സർക്കാർ ആയിരുന്നുവെങ്കിൽ പദ്ധതികൾ അവിടെ തന്നെ കിടന്നേനെ. നാഷണൽ ഹൈവേ പഴയ അവസ്ഥയിലായിരുന്നേനെ. ഒരുപാടു കഥകൾ അതിൽ പറയാനുണ്ട്. യുഡിഎഫ് സർക്കാർ ഫലപ്രദമായ ഒരു നടപടിയും എടുത്തില്ല. ഇനിയും സഹിക്കാനാവില്ലെന്ന് ജനങ്ങൾ തീരുമാനം എടുത്തു. ഇടതുമുന്നണി അധികാരത്തിൽ വന്നു. നാഷണൽ ഹൈവേയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തി. അവർ സഹിച്ചു. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യണം. ദേശീയ പാതക്ക് രാജ്യത്ത് എല്ലായിടത്തും നാഷണൽ ഹൈവേ ആണ് സ്ഥലം ഏറ്റെടുക്കുന്നത്. കേരളത്തിന്റെ കാര്യത്തിൽ സംസ്ഥാനം സ്ഥലം ഏറ്റെടുക്കണമെന്ന് നിലപാട് സ്വീകരിച്ചു. അതിന് വഴങ്ങേണ്ടി വന്നു. യുഡിഎഫിന്റെ കെടുകാര്യസ്ഥതയുടെ ഫലമാണ് അത്. കേരളം മാറുന്നുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ അവകാശപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം