അസർബൈജാൻ: ഫിഡെ ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയും നോർവീജിയൻ താരം മാഗ്നസ് കാൾസനും തമ്മിലെ രണ്ടാം മത്സരവും സമനിലയിൽ. ഒരു മണിക്കൂർ മാത്രം നീണ്ട 30 നീക്കങ്ങൾക്കൊടുവിൽ ഇരുവരും സമനില അംഗീകരിക്കുകയായിരുന്നു. നാളെ നടക്കുന്ന ടൈ ബ്രേക്കറിൽ ഇരുവരും വീണ്ടും നേർക്കുനേർ വരും. ചൊവ്വാഴ്ച നടന്ന ആദ്യകളി 35 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയിൽ പിരിഞ്ഞിരുന്നു.
ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാര്‍ട്ടറിലെത്തിയത്. സെമിയിൽ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയെ കീഴടക്കി പ്രഗ്ഗ ഫൈനലുറപ്പിച്ചു.
വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പ്രത്യേകതയുമുണ്ട് ഈ പതിനെട്ടുകാരന്. 2005-ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്നാനന്ദ.