തിരുവനന്തപുരം: മൂന്നാം വട്ടവും കേരളത്തിൽ സിപിഎം അധികാരത്തില്‍ വന്നാൽ പാർട്ടി നശിക്കുമെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ.സച്ചിദാനന്ദൻ. തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിലേറുമ്പോൾ പാർട്ടിക്ക് ധാർഷ്ട്യമേറും. മൂന്നാം തവണയും അധികാരത്തിൽ വന്നാൽ അത് നാശത്തിലേക്ക് നയിക്കും. ബംഗാളില്‍ അതു കണ്ടെതാണെന്നും ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സച്ചിദാനന്ദൻ പറഞ്ഞു.
‘പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കുകയും മുന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. ഞാൻ എന്റെ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു – അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുക. കാരണം അത് പാര്‍ട്ടിയുടെ അവസാനമായിരിക്കും’ . സച്ചിദാനന്ദൻ പറഞ്ഞു.
യുഎപിഎ ചുമത്തൽ, മാവോയിസ്റ്റ് വേട്ട ഉൾപ്പെടെയുള്ള ഇടതു സർക്കാരിന്റെ പൊലീസ് നയത്തോട് വിയോജിപ്പുണ്ട്. ഗ്രോ വാസുവിനെതിരായ നിലപാട് ഒരു കമ്യൂണിസ്റ്റു സർക്കാർ സ്വീകരിക്കാൻ പാടില്ലാത്തതാണ്. പൊലീസിലെ ആർഎസ്എസ് വിഭാഗക്കാരാണ് ഇതിനു പിന്നിലെന്നാണ് പാർട്ടിയുടെ വാദം. അത് എന്തുതന്നെയായാലും അംഗീകരിക്കാനാവില്ലെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.
കേന്ദ്രത്തിലും സംസ്ഥാനത്തും നേതാക്കളെ വ്യക്തിത്വ ആരാധന നടത്തുന്നതിൽ കുറ്റപ്പെടുത്താനാവില്ല. വിഗ്രഹാരാധനയുടെ പിന്നിലെ മനഃശാസ്ത്രം മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യം മുമ്പ് കേരളത്തിൽ ഉണ്ടായിട്ടില്ല എന്നത് സത്യമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഇത്തരം പ്രവണതകൾ ദോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ വലതുപക്ഷത്തോടുള്ള ചായ്വ് നമ്മുടെ മൂക്കിന് താഴെ നടന്നുകൊണ്ടിരിക്കുന്നു സംഭവമാണ്. നാട്ടിലെ പുരാണങ്ങളെയും ആചാരങ്ങളെയും പുനർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമം പ്രകടമാണ്. ഓണത്തെ വാമനപൂജ എന്ന് വിശേഷിപ്പിക്കുന്നത് ഒരു ഉദാഹരണം മാത്രം. ഇപലപ്പോഴും തത്വാധിഷ്ഠിത നിലപാട് സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സമുദായങ്ങള്‍ക്കും ജാതി സംഘടനകള്‍ക്കും ഇടയില്‍ ഇത് ഭിന്നത സൃഷ്ടിക്കുന്നു. ഒരു നിലപാട് എടുക്കാതിരിക്കുന്നതുംഅപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം