ലണ്ടൻ: ഏഴ് നവജാതശിശുക്കളെ കൊല്ലപ്പെടുത്തിയ ബ്രിട്ടീഷ് നഴ്സ് കുറ്റക്കാരിയെന്ന് കോടതി. ബ്രിട്ടനിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ നടന്ന ഏഴുകുഞ്ഞുങ്ങളുടെ ദുരൂഹമരണങ്ങൾ നഴ്സ് നടത്തിയ കൊലപാതകങ്ങളാണെന്ന് കോടതിയില്‍ തെളിഞ്ഞു. ഏഴ് കുട്ടികളെ കൊലപ്പെടുത്തുകയും ആറുകുട്ടികളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തെന്ന കേസില്‍ നഴ്സായ ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്നും കോടതി വിധിച്ചു.
2015 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് 13 കുട്ടികള്‍ക്ക് നേരേ ലൂസിയുടെ ക്രൂരത അരങ്ങേറിയത്. ഇതില്‍ ഏഴുകുഞ്ഞുങ്ങള്‍ മരിച്ചു. ആറുപേര്‍ കഷ്ടിച്ച് മരണത്തില്‍നിന്ന് രക്ഷപ്പെട്ടു. മാസങ്ങള്‍ക്കിടെ പിഞ്ചുകുഞ്ഞുങ്ങളെ നിഷ്കരുണം കൊന്നുതള്ളിയിട്ടും ഒന്നും അറിയാത്തപോലെ എല്ലാം സ്വാഭാവികമരണങ്ങളായി ചിത്രീകരിക്കാനായിരുന്നു പ്രതിയായ ലൂസിയുടെ ശ്രമം. കുഞ്ഞുങ്ങളുടെ ആരോഗ്യനില വഷളാകുന്നത് സഹപ്രവര്‍ത്തകരെ ആദ്യം അറിയിക്കുന്നതും അവര്‍ക്ക് മുന്നില്‍ ദുഃഖം അഭിനയിക്കുന്നതും ലൂസിയുടെ രീതിയായിരുന്നു. രണ്ടുതവണ ലൂസിയെ അറസ്റ്റ് ചെയ്തെങ്കിലും കുറ്റമൊന്നും ചുമത്തിയിരുന്നില്ല. 10 മാസം നീണ്ട വിചാരണയ്ക്കൊടുവിൽ മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണു ലൂസി കുറ്റക്കാരിയെന്നു കണ്ടെത്തിയത്.
രാത്രി ജോലിക്കിടെ ഇൻസുലിൻ കുത്തിവച്ചും ബലമായി ആവശ്യത്തിലേറെ പാൽ കുടിപ്പിച്ചുമാണു കുഞ്ഞുങ്ങളെ താൻ കൊന്നതെന്ന് ലൂസി പൊലീസിനോട് വെളിപ്പെടുത്തി. കുഞ്ഞുങ്ങളുടെ തുടര്‍മരണങ്ങളുമായി ബന്ധപ്പെട്ട് രണ്ടുതവണ ലൂസിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഒടുവില്‍ 2020-ല്‍ ലൂസി വീണ്ടും അറസ്റ്റിലാവുകയും പ്രതിക്കെതിരേ കുറ്റംചുമത്തുകയും ചെയ്തു.
അന്വേഷണഘട്ടത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആശുപത്രിയിലെ രേഖകളും ഞെട്ടിക്കുന്ന ചില കുറിപ്പുകളുമാണ് പോലീസ് സംഘം കണ്ടെടുത്തത്. കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം ‘കുട്ടികളെ നോക്കാൻ എനിക്കു പറ്റില്ല, ഞാൻ പിശാചാണ്’ എന്ന് ലെറ്റ്ബി എഴുതിവച്ചിരുന്നു.
ലൂസിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. ജീവിതാവസാനം വരെ തടവുശിക്ഷ ലഭിക്കുമെന്നാണ് സൂചന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം