ലണ്ടൻ: ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തിയതിനും ആറ് കുട്ടികളെ കൊല്ലാൻ ശ്രമിച്ചതിനും നഴ്സ് ലൂസി ലെറ്റ്ബിയുടെ വിചാരണ ബ്രിട്ടീഷ് ക്രിമിനൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒന്നായിരുന്നു.
read more : കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ മോഷണം: അന്വേഷണം ഊർജിതമാക്കി പൊലീസ്
ലൂസി കുറ്റക്കാരിയെന്ന് മാഞ്ചസറ്റർ ക്രൗൺ കോടതി കണ്ടെത്തി. തിങ്കളാഴ്ചയാകും ഇവർക്ക് ശിക്ഷ വിധിക്കുക. പത്തുമാസത്തെ വിചാരണ നടപടികൾക്ക് ശേഷമാണ് തീവ്രപരിചരണ വിഭാഗത്തിലെ നഴ്സായിരുന്ന ലൂസി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഹെയർഫോർഡിൽ നിന്നുള്ള ലെറ്റ്ബി ചെസ്റ്റർ സർവകലാശാലയിൽ നഴ്സിംഗ് പഠിച്ചു. കുട്ടികളോടൊപ്പം സമയം ചിലവഴിക്കാൻ താൻ എപ്പോഴും ആഗ്രഹിക്കുന്നുവെന്നായിരുന്നു വിചാരണയ്ക്കിടെ അവർ മാഞ്ചസ്റ്റർ ക്രൗൺ കോടതിയോട് പറഞ്ഞത്.
ലെറ്റ്ബി 2011-ൽ ബിരുദം നേടി. തൊട്ടടുത്ത വർഷം കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിൽ ജോലി ആരംഭിച്ചു. നവജാതശിശുക്കളുടെ വിഭാഗത്തിലായിരുന്നു ലൂസിയുടെ ജോലി. 2015-ൽ, തീവ്രപരിചരണ ശിശു വിഭാഗത്തിൽ മാറ്റം കിട്ടി. കുട്ടികളുമായി അടുത്ത് പ്രവർത്തിയ്ക്കാൻ ലൂസിക്ക് സാധിക്കുമായിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായിരുന്ന ലൂസി സൽസ ക്ലാസുകളിൽ പങ്കെടുക്കുകയും ഇടയ്ക്കിടെ യാത്ര പോവുകയും ചെയ്തിരുന്നു.
2015 ജൂണിനും 2016 ജൂണിനുമിടയിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള 17 കുഞ്ഞുങ്ങളെ ലെറ്റ്ബി ഉപദ്രവിച്ചതായി ആരോപിക്കപ്പെട്ടു. മിക്ക കേസുകളിലും അവൾ ഇൻസുലിൻ കുത്തിവച്ചതായി ആരോപണം ഉയർന്നു. 2015 ജൂണിനും 2016 ജൂണിനുമിടയിൽ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ 7 നവജാത ശിശുക്കളെയാണ് ലൂസി ക്രൂരമായി കൊലപ്പെടുത്തിയത്. അമിതമായി പാൽ നൽകിയും ഇൻസുലിൻ കുത്തിവെച്ചുമാണ് കുട്ടികളെ കൊലപ്പെടുത്തിയത്. രണ്ട് കുട്ടികളെ ഇൻസുലിൻ കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. നൈറ്റ് ഡ്യൂട്ടിയിലാണ് യുവതി എല്ലാ കൊലപാതകവും നടത്തിയത്.
അവളുടെ ഇരകളിൽ ഒരു ഇരട്ട സഹോദരനും സഹോദരിയും രണ്ട് ട്രിപ്പിൾ ആൺകുട്ടികളും ഉൾപ്പെടുന്നു. യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലാതിരുന്നിട്ടും സ്ഥിരമായി കുട്ടികൾ മരണപ്പെടുന്നത് നിയോ-നാറ്റൽ യൂണിറ്റിൽ ജോലി ചെയ്യുന്നവരെ മുഴുവൻ സംശയത്തിന്റെ നിഴലിൽ വരുത്തി. ഒരു തുമ്പും അവശേഷിപ്പിക്കാത്ത തരത്തിലുള്ള കൊലപാതക രീതികളായിരുന്നു ലൂസിയുടേത്. ലൂസി അടക്കമുള്ള നഴ്സുമാരെ അവരറിയാതെ ആശുപത്രിയിലെ ഡോക്ടർമാർ നിരീക്ഷിച്ചു. ഇവരുടെ വീടുകളിൽ പരിശോധന നടത്തി. ഒടുവിൽ അവർ തേടിയ ആൾ ലൂസിയാണെന്ന് തിരിച്ചറിഞ്ഞു.
പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ‘കുട്ടികളെ നോക്കാൻ എനിക്കാകില്ലെന്നും, ഞാൻ പിശാച് ആണെന്നുമുള്ള’ കുറിപ്പ് ലൂസിയുടെ വീട്ടിൽ നിണ് പോലീസ് കണ്ടെത്തി. ഓരോ തവണയും കുട്ടികൾ മരിക്കുമ്പോൾ അന്നത്തെ ഷിഫ്റ്റിലുണ്ടായിരുന്നത് ലൂസിയായിരുന്നു എന്നതാണ് സംശയം ശക്തമാക്കിയതും അന്വേഷണം യുവതിയിലേക്ക് എത്തിയതും. വിശദമായ പരിശോധനയിൽ കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ യുവതി പരിശോധിച്ചിരുന്നതായും കണ്ടെത്തി. ലെറ്റ്ബിയെ രണ്ട് തവണ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തു. 2018 ജൂലൈയിൽ ആയിരുന്നു ആദ്യത്തെ അറസ്റ്റ്. 2020-ൽ മൂന്നാമതും അറസ്റ്റ് ചെയ്തു. ഈ സമയമാണ് ഔദ്യോഗികമായി കുറ്റം ചുമത്തി കസ്റ്റഡിയിൽ ആക്കിയത്.
എന്നാൽ, താൻ കുറ്റം ചെയ്തിട്ടില്ലെന്ന് യുവതി കോടതിയിലും ആവർത്തിച്ചു. 2022 ഒക്ടോബറിലാണ് കേസിൽ വിചാരണ ആരംഭിച്ചത്. തനിക്ക് കുട്ടികൾ എന്ന് പറഞ്ഞാൽ ജീവനാണെന്നും ജോലിയിൽ ആത്മാർത്ഥത ഉള്ള ആളാണ് താനെന്നുമായിരുന്നു ലൂസി കോടതിയിൽ വാദിച്ചിരുന്നത്. കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്നതോ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നതോ ആയ കാര്യങ്ങൾ തനിക്ക് ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് ലൂസി കോടതിയിൽ ‘നല്ല പിള്ള’ ചമയാൻ ശ്രമിച്ചു. ആശുപത്രിക്കാരുടെ വീഴ്ചകൾ മറയ്ക്കാൻ നാല് കൺസൾട്ടന്റുമാരുടെ ഒരു സംഘം തന്റെമേൽ കുറ്റം ചുമത്താൻ ഗൂഢാലോചന നടത്തിയതായി വിചാരണ കാലയളവിൽ അവർ ആരോപിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം