മുംബൈ: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തില്ലെന്ന് എന്‍.സി.പി അധ്യക്ഷൻ ശരത് പവാർ.
ബി.ജെ.പിക്കെതിരെ പോരാടാനും എൻ.ഡി.എക്ക് ബദലാവാനും പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ ഒരുമിച്ചിരിക്കുകയാണെന്ന് ശരത് പവാര്‍ പറഞ്ഞു
താന്‍ അനന്തരവന് അജിത് പവാറിനെ പിന്തുടര്ന്ന് ബി.ജെ.പി സഖ്യത്തിലെത്തുമെന്ന അഭ്യൂഹം ശരിയല്ല. ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്നും 2024ല്‍ മാറ്റത്തിനായി പ്രവർത്തിക്കുമെന്നും ശരത് പവാര്‍ വ്യക്തമാക്കി.
“ഞങ്ങൾ പോരാടും. ഒറ്റക്കെട്ടായി നിൽക്കുകയും പൊതുഅഭിപ്രായത്തില്‍ എത്തുകയും ചെയ്യും. ചെങ്കോട്ടയിലെ പ്രസംഗത്തിനിടെ, താൻ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് നരേന്ദ്ര മോദി പറഞ്ഞുകൊണ്ടിരുന്നു. മോദി പ്രധാനമന്ത്രിയായി തിരിച്ചുവരില്ലെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. രാജ്യത്തെ സ്ഥിതി വ്യത്യസ്തമാണ്. പല സംസ്ഥാനങ്ങളിലും അധികാരത്തില്‍ ഇല്ലാത്തതിനാൽ 2024ലെ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമാകില്ല”- പവാർ പറഞ്ഞു.
അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രിയാകണമെന്ന അജിത് പവാറിന്റെ സ്വപ്നം പൂവണിയണമെങ്കില്‍ അമ്മാവന് ശരത് പവാറിനെ എന്‍.ഡി.എ പാളയത്തിലെത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞെന്ന് ആരോപണമുയര്‍ന്നു. പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാറാണ് ഇക്കാര്യം പറഞ്ഞത്. അനന്തരവനും അമ്മാവനും തമ്മിലുള്ള കൂടിക്കാഴ്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോൺഗ്രസ് നേതാവ്. അജിത് പവാര്‍ ശരത് പവാറുമായി നിരന്തരം കൂടിക്കാഴ്ച നടത്താന്‍ കാരണം ഇതാണെന്ന് വിജയ് വഡേത്തിവാര്‍ പറഞ്ഞു.