കോട്ടയം: വീണാ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്നത് ജനാധിപത്യ സംവിധാനത്തില്‍ ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുഖ്യമന്ത്രിയുടെ ഓഫീസാണ് എല്ലാ അഴിമതികളുടെയും കേന്ദ്രസ്ഥാനമെന്നും ആരോപണങ്ങള്‍ ഉയരുമ്പോള്‍ മറുപടി പറയാതെ ഓടിയൊളിക്കുന്നത് ശരിയാണോയെന്നും പുതുപ്പള്ളിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സതീശന് ചോദിച്ചു.
‘ആറ് മാസക്കാലത്തിലധികമായി മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കണ്ടിട്ട്. അദ്ദേഹം ആകാശവാണിയായി പ്രവര്‍ത്തിക്കുകയാണ്. ഒരു ചോദ്യവും അദ്ദേഹത്തോട് ചോദിക്കാന്‍ പറ്റില്ല. മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തില്‍ മറുപടി പറയാന്‍ ഉത്തരവാദിത്വമുള്ള ആളാണ്. എന്നാല്‍, അവര്‍ രണ്ട് പേരും മറുപടി പറയില്ലെന്നും പാര്‍ട്ടി പറയുമെന്നുമാണ് പറയുന്നത്. വിവാദത്തില്‍പ്പെട്ടത് എംവി ഗോവിന്ദന്റെ കമ്പനിയോ ഗോവിന്ദന് ആ കമ്പനിയുടെ പാര്ട്ടറോ അല്ലല്ലോ. ഗോവിന്ദനല്ല മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത്’, സതീശന് പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാസപ്പടി സജീവ ചര്‍ച്ചയാക്കും. സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, എ ഐ ക്യാമറ, കൊവിഡ് കാല പർച്ചേസ്, മകളുടെ മാസപ്പടി എല്ലാം ചർച്ചയാക്കും. സർക്കാരിനെതിരായ കുറ്റപത്രം യുഡിഎഫ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. മാത്യു കുഴല്‍നാടനെതിരായ കേസ് നീക്കം നിയമപരമായി നേരിടും. പ്രതിയാകേണ്ടവർക്കെതിരെ കേസില്ല. ആരോപണം ഉന്നയിക്കുന്നവർക്ക് എതിരെ കേസ് എടുക്കുന്നു. പിണറായി മോദിക്ക് പഠിക്കുകയാണ്. മാത്യു കുഴല്നാടന് ഒറ്റക്കല്ല. ആര് വേണമെങ്കിലും അന്വേഷിക്കട്ടെ. ഉമ്മൻ ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവർ, മരിച്ചപ്പോഴും അദ്ദേഹത്തെ അപമാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്‍എസ്എസിനെതിരായ നാമജപ കേസ് ഒഴിവാക്കൽ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം മാത്രമാണ്. ശബരിമല, പൗരത്വ കേസുകൾ പിൻവലിക്കുമോയെന്നും സതീശന് ചോദിച്ചു. കുഴൽപ്പണ കേസിൽ രക്ഷപ്പെടാൻ പിണറായിയുടെ കാല് പിടിച്ചയാളാണ് സുരേന്ദ്രൻ. മാസപ്പടിയിൽ പ്രതിപക്ഷത്തെ വിമർശിക്കാൻ സുരേന്ദ്രന് അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയിലെ വികസന വിഷയം മാറ്റാനുള്ള സർക്കാർ തന്ത്രമാണ്. വികസനം ഒന്നും നടപ്പാക്കാത്തത് കൊണ്ടാണോ 53 വർഷം ഉമ്മൻചാണ്ടി വിജയിച്ചത്. ജനങ്ങൾക്ക് കാര്യങ്ങൾ എല്ലാം അറിയാം. മന്ത്രിമാരെ പുറത്ത് ഇറക്കാൻ പറ്റാത്ത സ്ഥിതിയാണ്. ജനങ്ങൾ തടഞ്ഞു നിർത്തി കാര്യങ്ങൾ ചോദിക്കും. അത് ഭയന്നിട്ടാണ് മന്ത്രിമാർ പുതുപ്പള്ളിയിൽ വരാത്തത്. ഉമ്മൻചാണ്ടി വിജയിച്ചതിനെക്കാൾ വലിയ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ വിജയിക്കും. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു, പ്രതിപക്ഷവുമായി വാദ പ്രതിവാദത്തിന് തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഏഴ് കൊല്ലംകൊണ്ട് സംസ്ഥാനത്ത് രൂക്ഷമായ ധനപ്രതിസന്ധിയാണ് ഈ സര്‍ക്കാര്‍ ഉണ്ടാക്കിവെച്ചിരിക്കുന്നത്. യാതൊരു വികസനവും ഇവിടെ നടക്കുന്നില്ല. ശമ്പളം കൊടുക്കല്‍ മാത്രമാണ് സര്‍ക്കാരിന്റെ ജോലി. ഓണക്കാലത്ത് രൂക്ഷമായ വിലക്കയറ്റംകൊണ്ട് ജനം പൊറുതിമുട്ടി. വൈദ്യുതിച്ചാര്‍ജ്, വെള്ളക്കരം, കെട്ടിടനികുതി, ഇന്ധന സെസ് എന്നിവയെല്ലാം വര്‍ധിപ്പിച്ച് ജനജീവിതം ദുരിതത്തിലാക്കി. ഇതെല്ലാം പുതുപ്പള്ളിയിലെ ജനങ്ങളോട് പറയുമെന്നും സതീശന് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം