വടക്കഞ്ചേരി: ഉയർന്ന ശമ്പളത്തിനു ജോലി വാഗ്ദാനം ചെയ്ത് പാവപ്പെട്ട കുടുംബങ്ങളിലെ യുവതികളെ അന്യസംസ്ഥാനങ്ങളിൽ വില്പന നടത്തുന്ന മനുഷ്യക്കടത്ത് സംഘത്തിലെ നാലു പേരെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
ഇടനിലക്കാരിയും വിവാഹ ബ്രോക്കറുമായ കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശിനി മൊഹമ്മൂദ ബൾക്കീസ് (49), സഹായികളായി പ്രവർത്തിച്ച പുതുക്കോട് മണപ്പാടം കുമ്പാരതറ പുത്തൻവീട്ടിൽ മണി (60 ), അഞ്ചുമൂർത്തിമംഗലം രക്കംകളം ഗോപാലൻ (47), അണക്കപ്പാറ മലൻകുളമ്പ് മുഹമ്മദു കുട്ടി എന്ന ബാപ്പുട്ടി (64 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായ വടക്കഞ്ചേരി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.
സേലത്തിനടുത്ത വീട്ടിൽ മാസം നാല്പതിനായിരം രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് യുവതിയെ കൊണ്ടുപോയത്. പിന്നീട് മധുക്കരയിൽ വച്ച് അവരെ ഭീഷണിപ്പെടുത്തി വിവാഹം ചെയ്യിപ്പിച്ചെന്നും ഇത്തരത്തിൽ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നുമായിരുന്നു പരാതി.
ജോലിക്കുള്ള ഇന്റർവ്യൂ ബോർഡ്, പെണ്ണുകാണൽ ചടങ്ങ് എന്നിങ്ങനെ രണ്ടു സംഘങ്ങളായാണ് തട്ടിപ്പിന് കോപ്പുകൂട്ടുന്നത്. തമിഴ്നാട്ടിലുള്ള ഇന്റർവ്യു സംഘമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വടക്കഞ്ചേരി പ്ലാഴിയിൽ ഒരു വീട് ക്രമീകരിച്ച് അവിടെയായിരുന്നു ഇന്റർവ്യൂ. തമിഴ്നാട്ടിലെ ചെക്കനും ഇന്റർവ്യു ബോർഡിൽ ഉണ്ടാകും.
ജോലിക്ക് സെലക്ട് ചെയ്താൽ പിന്നെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും. അവിടെയെത്തി യുവതികൾ വരുതിയിൽ വരുന്നില്ലെങ്കിൽ ഭീഷണിപ്പെടുത്തി കാര്യങ്ങൾ നടത്തും. പെണ്ണുകാണൽ നാടകം ഉണ്ടാക്കി വിവാഹം ചെയ്യിപ്പിക്കുമെന്നും പോലീസ് പറഞ്ഞു. ലൈംഗികാവശ്യങ്ങൾക്കും പണത്തിനുമായാണ് ഇങ്ങനെ സ്ത്രീകളെ കടത്തുന്നത്.
പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള യുവതികൾ, കുടുംബ പ്രശ്നങ്ങളിൽ പെട്ട് ബുദ്ധിമുട്ടുന്നവർ എന്നിവരാണ് സംഘങ്ങളുടെ ഇരകളാകുന്നത്. ജോലിക്ക് സെലക്ഷൻ കിട്ടി എന്ന് പറയുന്ന സ്ത്രീകളുടെ മൊബൈൽ ഫോൺ പിന്നീട് ഇവർ വാങ്ങി സ്വിച്ച് ഓഫ് ചെയ്യും. വീടുമായുള്ള ബന്ധങ്ങളും വിച്ഛേദിക്കും. സംഘത്തിൽനിന്നു രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതിയാണ് പരാതി നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം