ചെന്നൈ: 2023 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. സെമി ഫൈനലില്‍ ജപ്പാനെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ആധികാരികമായി ഫൈനലിലേക്ക് യോഗ്യത നേടിയത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ കുതിപ്പ്.
സെമിയില്‍ ഇന്ത്യയ്ക്ക് വേണ്ടി ആകാശ്ദീപ് സിങ്, ഹര്‍മന്‍പ്രീത് സിങ്, മന്‍പ്രീത് സിങ്, സുമിത്, കാര്‍ത്തി എന്നിവര്‍ ലക്ഷ്യം കണ്ടു. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജപ്പാന് ഇന്ത്യയെ സമനിലയില്‍ തളച്ചിരുന്നു. ഫൈനലില്‍ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളി.
കരുത്തരായ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ ആറു ഗോളിന് വീഴ്ത്തിയാണ് മലേഷ്യ ആദ്യമായി ഫൈനലിനെത്തുന്നത്. ടൂർണമെന്റിൽ ഇന്ത്യക്കു മുന്നിലൊഴിച്ചാൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് മലേഷ്യ ഫൈനലിലെത്തിയത്.
മത്സരത്തിന്റെ 19-ാം മിനിറ്റില്‍ ആകാശ്ദീപ് സിങ്ങിലൂടെ ഇന്ത്യ ലീഡെടുത്തു. 23-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ നായകന് ഹര്‍മന്‍പ്രീത് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഹാഫ് ടൈമിന് തൊട്ടുമുന്‍പ് 30-ാം മിനിറ്റില്‍ മന്ദീപ് സിങ്ങിലൂടെ ഇന്ത്യ മൂന്നാം ഗോള്‍ നേടി. ആദ്യ പകുതിയില്‍ ഇന്ത്യ 3-0 ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ 39-ാം മിനിറ്റില്‍ സുമിതും 51-ാം മിനിറ്റില്‍ കാര്‍ത്തിയും ഇന്ത്യയുടെ ഗോള്‍നേട്ടം പൂര്‍ത്തിയാക്കി.
മലയാളി താരം പി.ആര്.ശ്രീജേഷ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ച 300-ാം മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിന് മുന്‍പ് ശ്രീജേഷിനെ അധികൃതര്‍ ആദരിച്ചു. ഞായറാഴ്ച രാത്രി 8.30 നാണ് ഇന്ത്യയുടെ മലേഷ്യയ്ക്കെതിരായ ഫൈനല്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം