കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം പരിശോധിക്കാനുള്ള മെഡിക്കൽ ബോർഡിലേക്ക് റേഡിയോളജിസ്റ്റിനെ നിയോഗിച്ചു. എറണാകുളം ഗവൺമെന്റ് ആശുപത്രിയിലെ റേഡിയോളജിസ്റ്റാണ് മെഡിക്കൽ ബോർഡിലുണ്ടാവുക. മെഡിക്കൽ ബോർഡ് ഈ മാസം എട്ടിന് യോഗം ചേരും.
റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ ചൊവ്വാഴ്ച ചേരാനിരുന്ന മെഡിക്കൽ ബോർഡ് യോഗം മാറ്റിവെച്ചിരുന്നു. മുന്നറിയിപ്പില്ലാതെ യോഗം മാറ്റിയെന്നാരോപിച്ച് ഹർഷിന ഡി.എം.ഒ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് എട്ടാം തിയ്യതി വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് മെഡിക്കൽ ബോർഡ് ചേർന്ന് റിപ്പോർട്ട് ആരോഗ്യവകുപ്പിന് പൊലീസിനും സമർപ്പിക്കുമെന്ന് ഡി.എം.ഒ ഉറപ്പ് നൽകിയിരുന്നു.
ഹർഷിനയുടെ ചികിത്സയുടെ ഭാഗമായി എടുത്ത എം.ആർ.ഐ സ്‌കാനിങ് റിപ്പോർട്ട് ഉൾപ്പെടെ പരിശോധിക്കാൻ റേഡിയോളജിസ്റ്റിന്റെ സേവനം ആവശ്യമാണ്. ജില്ലയിൽ ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രിയിൽ റേഡിയോളജിസ്റ്റില്ല. ഇതിനെ തുടർന്ന് റേഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കണമെന്ന് ഡി.എം.ഒ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരുന്നു.
കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുണമെന്നും അർഹമായ നഷ്ടപരിഹാരം കിട്ടണമെന്നും അവശ്യപ്പെട്ട് ഹർഷീന കോഴിക്കോട് മെഡിക്കൽ കോളേജിൻറെ മുൻപിൽ സമരം ചെയ്യതിരുന്നു.

തുടർന്ന് നടന്ന കോഴിക്കോട് എസിപിയുടെ അന്വേഷണത്തിൽ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിലാണെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നായിരുന്നു കണ്ടെത്തൽ. സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട് പറയുന്നു. 2017 ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ചെടുത്ത എംആർഐ സ്കാനിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തിൽ നിർണായകമായത്.
2017 നവംബര്‍ 30-ന് പ്രസവ ശസ്ത്രക്രിയ നടന്നതിന് ശേഷം ഹര്‍ഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. മൂത്ര സഞ്ചിയില്‍ കുത്തി നില്‍ക്കുന്ന നിലയില്‍ കത്രികയുമായി യുവതി 5 വർഷം വേദന തിന്നു. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള കത്രിക കുത്തി നിന്നതിലൂടെ മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്തെങ്കിലും ഫലം കണ്ടില്ല. പിന്നീട് കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ കത്രിക കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















