പാലക്കാട്: മുഹമ്മദ് മുഹ്സിൻ എംഎൽഎയോട് വിശദീകരണം ചോദിക്കാൻ സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനം. മാധ്യമങ്ങളിൽ രാജി വാർത്ത വന്ന സാഹചര്യത്തിലാണ് ജില്ലാ കൗൺസിൽ തീരുമാനം. പട്ടാമ്പി എംഎൽഎയായ മുഹ്‌സിന്റെ രാജിക്കത്ത് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് നേതൃത്വം അറിയിച്ചു.
ജില്ലാ കൗൺസിലിൽ നിന്നുള്ള നേതാക്കളുടെ രാജി വിഷയം ആഗസ്റ്റ് അഞ്ചിന് ചേരുന്ന ജില്ലാ കൗൺസിൽ യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം. അതേസമയം മണ്ണാർക്കാട്, പട്ടാമ്പി, നെന്മാറ മണ്ഡലം കമ്മിറ്റികളിൽ പുതിയ സെക്രട്ടറിമാർക്ക് സിപിഐ ചുമതല നൽകി. മൂന്ന് മണ്ഡലം കമ്മിറ്റികളിലെയും അംഗങ്ങളുടെ രാജി നേതൃത്വം സ്വീകരിച്ചു.
പാലക്കാട് ജില്ലയിൽ സിപിഐ നേതൃത്വത്തിനെതിരെ പരസ്യ പോരിനാണ് മുഹ്സിനും ഒപ്പമുള്ള നേതാക്കളും ഇറങ്ങിത്തിരിച്ചത്. ജില്ലാ സെക്രട്ടറിക്ക് എതിരെയടക്കം രൂക്ഷ വിമർശനം ഉന്നയിച്ചാണ് രാജിക്കത്ത് നൽകിയത്. കാനം രാജേന്ദ്രന്‍ വിഭാഗത്തിന് മുൻതൂക്കമുള്ള പാലക്കാട് ജില്ലയില്‍ പട്ടാമ്പി മണ്ഡലം ഇസ്മായിൽ വിഭാഗത്തിനാണ്.

കഴിഞ്ഞ സമ്മേളനത്തില്‍ കാനം രാജേന്ദ്രൻ വിഭാഗത്തിന് പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ മേൽക്കോയ്മ നഷ്ടപ്പെട്ടിരുന്നു. കെഇ ഇസ്മായില്‍ വിഭാഗം ഈ മണ്ഡലം കമ്മിറ്റി പിടിച്ചെടുക്കുകയും ചെയ്തു.
പിന്നാലെ വിഭാഗീയ വിവാദം ഉയർന്നു. ജില്ലാ സമ്മേളനത്തിനിടെ വിഭാഗീയ പ്രവർത്തനം നടന്നെന്ന് മൂന്നംഗ അന്വേഷണ കമ്മീഷൻ കണ്ടെത്തി. ഈ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് മുഹ്സിനെ ജില്ലാ എക്സിക്യുട്ടീവിൽ നിന്ന് ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു. പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷിനെയും പട്ടാമ്പിക്കാരനായ ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണനെയും ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരം താഴ്ത്തി. ഇതാണ് കടുത്ത പ്രതിഷേധവുമായി പരസ്യ പോരിനിറങ്ങാൻ മറുവിഭാഗത്തെ പ്രേരിപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















