മുഹമ്മദ് റഫി, ഇന്ത്യന്‍ സംഗീത രംഗത്തെ മുടിചൂടാമന്നന്‍, നൂറ്റാണ്ടിന്റെ ഗായകന്. സംഗീത ലോകത്തെ അതികായന്. രാജ്യം കണ്ട എക്കാലത്തെയും ജനപ്രിയ ഗായകന്റെ ഓര്‍മകള്‍ക്ക് ഇന്നേക്ക് 43 വയസ്സ്.ഖവാലികൾ മുതൽ ഗസലുകൾ വരെ : ഫാസ്റ്റ് പെപ്പി ഗാനങ്ങൾ മുതല്‍ ദേശഭക്തി ഗാനങ്ങൾ വരെ.
ആലപിച്ചവയില്‍ പ്രണയ – വിരഹ ഗാനങ്ങളും ഒട്ടേറെ. ഖവാലികളും ഗസലുകളും ഭജനകളും ശാസ്ത്രീയ സംഗീത ഗാനങ്ങളുമെല്ലാം ആ ശബ്ദമാധുരിയില്‍ അനുവാചകരിലേക്ക് പെയ്തിറങ്ങി.പ്രാദേശിക ഭാഷകള്‍ മുതല്‍ വിദേശ ഭാഷകള്‍ വരെ വഴങ്ങിയ ഗായകന് : ബോളിവുഡില്‍ ആയിരത്തിലേറെ ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. വിവിധ ഇന്ത്യൻ ഭാഷകളിലും പാടി. കൂടാതെ വിദേശ ഭാഷകളില്‍ ആലപിച്ചും വിസ്മയിപ്പിച്ചു.
പ്രാഥമികമായും ഉറുദു, പഞ്ചാബി എന്നീ ഭാഷകളിലാണ് ആധിപത്യം ഉണ്ടായിരുന്നതെങ്കിലും, കൊങ്കിണി, ആസാമീസ്, ഭോജ്പുരി, ഒഡിയ, ബംഗാളി, മറാഠി, സിന്ധി, കന്നട, ഗുജറാത്തി, തമിഴ്, തെലുഗു, മഗാഹി, മൈഥിലി തുടങ്ങിയ ഭാഷകളിലുമടക്കം 70,000ത്തോളം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ്, ഫാർസി, അറബിക്, സിംഹള, മൗറീഷ്യൻ ക്രിയോൾ, ഡച്ച് എന്നിവയുൾപ്പടെ വിദേശ ഭാഷകളിലും പാടി.റഫിയുടെ ഹിറ്റുകള്‍ : ‘ചൗദ് വീ കാചാന്ദ് ഹോ’ (ചൌദ് വിൻ കാ ചാന്ദ്, 1960), ‘ചാഹുംഗ മേം തുച്ഛേ’ (ദോസ്തി, 1964), ‘ലിഖേ ജോ ഖത്ത് തുഝെ’ (കാനായാം, 1969), ‘ഖിലോന ജാന്‍ കര്’ (ഖിലോന, 1970), ‘തെരി ബിന്ദിയ റേ’ (അഭിമാന്, 1973), ‘യേ ദുനിയാ യേ മെഹ്ഫിൽ’ (ഹവാലി, 1977), ‘മേനെ പൂച്ച ചാന്ദ് സേ’ (അബ്ദുള്ള, 1980), ദര്‍ദ് -ഈ- ദില്‍ (കര്‍സ്) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങള്‍…പുരസ്കാരങ്ങളും ബഹുമതികളും : ഒരു ദേശീയ പുരസ്കാരവും ആറ് ഫിലിംഫെയർ അവാർഡുകളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
1967ൽ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 2001ല്‍ മുഹമ്മദ് റഫി ബെസ്റ്റ് സിംഗര്‍ ഓഫ് ദി മില്ലേനിയം ആയി തിരഞ്ഞെടുക്കപ്പെട്ടു. 2013ൽ സിഎന്‍എന്‍ – ഐബിഎന്‍ വോട്ടെടുപ്പില്‍ ബോളിവുഡിലെ ഏറ്റവും മികച്ച ഗായകനായും തെരഞ്ഞെടുക്കപ്പെട്ടു.പഞ്ചാബി ജാട്ട് മുസ്ലിം കുടുംബത്തിൽ ജനനം: പഞ്ചാബി ജാട്ട് മുസ്ലിം കുടുംബത്തിൽ അല്ലാ രാഖിയുടെയും ഹാജി അലി മുഹമ്മദിന്റെയും ആറ് മക്കളില്‍ രണ്ടാമനായാണ് ജനനം.
പഞ്ചാബിലെ അമൃത്സർ ജില്ലയില്‍ മജിതയ്ക്ക് സമീപമുള്ള കോട്ല സുൽത്താൻ സിംഗിലായിരുന്നു കുടുംബം. പിന്നീട് 1935ല്‍ റഫിയുടെ പിതാവ് ലാഹോറിലേയ്ക്ക് താമസം മാറിയിരുന്നു. അവിടെ ഭാട്ടി ഗേറ്റിലെ നൂർ മൊഹല്ലയിൽ അദ്ദേഹം ഒരു ബാർബർ ഷോപ്പ് നടത്തിയാണ് കുടുംബം പോറ്റിയിരുന്നത്.ഫക്കീറിന്റെ ഗാനങ്ങൾ അനുകരിച്ച് പാടി തുടങ്ങി: കുട്ടിക്കാലത്ത് ഫീക്കോ എന്നായിരുന്നു വിളിപ്പേര്.
തന്റെ ഗ്രാമത്തില്‍ അലഞ്ഞുനടന്ന ഒരു ഫക്കീറിന്റെ ഗാനങ്ങൾ അനുകരിച്ച് പാടാൻ തുടങ്ങി കുഞ്ഞു റഫി.ആദ്യ പ്രകടനം 13-ാം വയസ്സില്‍: പതിമൂന്നാം വയസ്സിലായിരുന്നു റഫിയുടെ ആദ്യ പ്രകടനം. സഹോദരീഭര്‍ത്താവ് ഹമീദിനൊപ്പം മുഹമ്മദ് റഫി, കെ.എല്‍ സൈഗാളിന്റെ സംഗീത കച്ചേരി കേള്‍ക്കാന്‍ പോയിരുന്നു. അവിടെ സദസ്സിന് മുന്നില്‍ വച്ച് ഒരു ഗാനം ആലപിക്കാന്‍ റഫിക്ക് അവസരം ലഭിച്ചു.
അങ്ങനെയാണ് 13-ാം വയസ്സില്‍ ആദ്യമായി ഒരു പൊതു പരിപാടിയില്‍ പാടുന്നത്.ഗുല്‍ ബലോച്ചിലൂടെ സിനിമയിലേയ്ക്ക് അരങ്ങേറ്റം: 1941ൽ പിന്നണി ഗായകനായി ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചു. സീനത്ത് ബീഗത്തിനൊപ്പമുള്ള ഡ്യുവറ്റ് ഗാനമായിരുന്നു അത്. പഞ്ചാബി ചിത്രമായ ‘ഗുൽ ബലോച്ചി’ലെ ‘സോണിയേ നി, ഹീരിയേ നി’ ആയിരുന്നു റഫിയുടെ ആദ്യ ഗാനം. 1945ൽ ‘ഗാവ് കി ഗോറി’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
ഉസ്താദ് അബ്ദുൽ വാഹിദ് ഖാൻ, പണ്ഡിറ്റ് ജീവൻ ലാൽ മട്ടൂ, ഫിറോസ് നിസാമി എന്നിവരിൽ നിന്നാണ് അദ്ദേഹം ശാസ്ത്രീയ സംഗീതം പഠിച്ചത്. അനശ്വര ഗാനങ്ങള്‍ അവശേഷിപ്പിച്ച് മടക്കം: 1980 ജൂലൈ 31നാണ് പ്രിയ ഗായകന് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന് അപ്പോള്‍ 55 വയസ്സായിരുന്നു.
മരണ വാര്‍ത്ത ബോളിവുഡിനെ മാത്രമല്ല, രാജ്യത്തെയാകെ ദുഖത്തിലാഴ്ത്തി. എങ്കിലും, റഫി എന്ന സംഗീത മാന്ത്രികന്റെ ശബ്ദം പ്രേക്ഷക ഹൃദയങ്ങളില്‍ ഇന്നും അലയടിക്കുന്നു.