വ്യത്യസ്ത ആശയങ്ങളിൽ വിശ്വസിക്കുന്നവർ പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങളിൽ ഏർപ്പെടുന്നതും നാടിന്റെ വികസനകാര്യങ്ങളിൽ എല്ലാം മറന്നു ഒന്നാകുന്നതുമായിരുന്നു കേരള രാഷ്ട്രീയത്തിന്റെ മേന്മയായി നാം ഇത്രയും കാലം കണക്കാക്കിയിരുന്നത്. കേരള പഠനകോൺഗ്രസെല്ലാം അത്തരം രാഷ്ട്രീയസംസ്കാരത്തിന്റെ ഉല്പന്നമാണ്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിലെ രാഷ്ട്രീയ സംവാദങ്ങൾ നിരീക്ഷിച്ചാൽ നാം ആർജിച്ചെടുത്ത ഈ രാഷ്ട്രീയ സംസ്കാരത്തിൽ കാര്യമായ അപകടം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന് കാണാം. രാഷ്ട്രീയം സംബന്ധിച്ച മാധ്യമ ചർച്ചകൾ തന്നെ പലപ്പോഴും അർത്ഥമില്ലാത്ത ബഹളം വയ്ക്കലുകളായി മാറിയിരിക്കുന്നു.
ജനാധിപത്യത്തേയും മതനിരപേക്ഷതയേയും ഒക്കെ പുറംമോടികളായി പരിഗണിക്കുന്ന സംഘപരിവാരവും പൊളിറ്റിക്കൽ ഇസ്ലാമും കേരള രാഷ്ട്രീയത്തിലും ചുവടുറപ്പിക്കുന്നതിന്റെ ലക്ഷണമായിട്ട് വേണം ഈ മാറ്റത്തെ കാണാൻ. മതനിരപേക്ഷ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയുടെ ഓരത്തുപോലും നാം ഇതുവരെ കയറ്റാത്തവർ ഇത്രയുംകാലം ഒളിഞ്ഞുള്ള പ്രവർത്തനങ്ങളിലായിരുന്നു. എന്നാൽ ഇന്ന് അവർ മറനീക്കി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. അവരെ ഏറ്റെടുക്കാൻ കോൺഗ്രസ്സ് തയ്യാറായി എന്നതാണ് ഈ ദുര്യോഗത്തിന്റെ കാരണം.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ ജമാഅത്തെ ഇസ്ലാമി, യുഡിഎഫ് മുന്നണിയുടെ ഭാഗമായിരുന്നു. വേണമെങ്കിൽ ബിജെപിക്കൊപ്പം പോകാൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ആർഎസ്എസുമായി ഞങ്ങൾക്കൊരു പ്രശ്നവുമില്ല എന്ന് പറയുകയും ചെയ്ത കെ. സുധാകരനാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ്. കോൺഗ്രസിലെ പുതുതലമുറയിലെ ഒരു വിഭാഗമാകട്ടെ, ആർഎസ്എസിന് സമാനമായ അപരവിദ്വേഷത്തിന്റെ രാഷ്ട്രീയ പ്രചാരകമായി മാറിയിരിക്കുന്നു. ജനാധിപത്യത്തിന്റെ ശീലങ്ങൾ കോൺഗ്രസ്സ് കയ്യൊഴിയുകയാണ്.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് രാഷ്ട്രീയ വിയോജിപ്പുകൾ ഉണ്ടായിരുന്നപ്പോഴും പൊതുവിഷയങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായവും പിന്തുണയും തേടാവുന്ന സ്ഥിതിയുണ്ടായിരുന്നു. സംവാദസാധ്യതയെന്നത് ആ തലമുറയുടെ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. ആ തലമുറയിലെ കോൺഗ്രസ് നേതാക്കളെല്ലാം സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് വിശ്രമത്തിലാണിന്ന്.
കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതിനേയും കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ സഖാവ് സീതാറാം യെച്ചൂരി പങ്കെടുത്തതിനേയും കോൺഗ്രസിന്റെ പുതുതലമുറ നേതാക്കൾ പരിഹസിക്കുകയും ആ നേതാക്കളെ അവഹേളിക്കാൻ ശ്രമിക്കുകയും ചെയ്തത് ഈ രാഷ്ട്രീയ മാറ്റങ്ങളുടെ തീവ്രത ബോധ്യപ്പെടുത്തുന്നതാണ്. ജനാധിപത്യത്തെ കൈവിട്ട് കോൺഗ്രസ് നേടിയെടുക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയാധികാരം എന്തെന്ന് മാത്രമാണ് ഇനിയറിയേണ്ടത്. ഈ മാറ്റം കേരളീയ സമൂഹം ഉൾകൊള്ളുമെന്ന് കരുതേണ്ടതില്ല. കോൺഗ്രസ് സ്വയം തിരുത്തിയില്ലെങ്കിൽ മലയാളികൾ കോൺഗ്രസിനെ തിരുത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം