രാജ്യത്ത് എടിഎം കൊള്ള തുടർക്കഥയാവുകയാണ്. പണവും സ്വർണവും കവരാന്‍ ബാങ്കുകളിൽ എത്തിയിരുന്ന കള്ളന്മാർ ഇപ്പോൾ എടിഎം മെഷീന് അപ്പാടെയാണ് കടത്തിക്കൊണ്ടു പോകുന്നത് . ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് കഴിഞ്ഞ ദിവസം സമാനസംഭവം നടന്നത്. ബർഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷീൻ ആണ് കള്ളന്മാർ അപ്പാടെ കടത്തിയത്. എടിഎമ്മിന് സമീപം പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനും മോഷ്ടാക്കൾ കൊണ്ടുപോയി.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബർസോട്ട് ചൗക്ക് സ്വദേശി മനോജ് കുമാർ എന്ന മണിലാലിന്റെ സ്ഥലത്താണ് എടിഎം മെഷീൻ സ്ഥാപിച്ചിരുന്നത്. മോഷണം പോയ വാഹനം ഇയാളുടേതാണ്. വ്യാഴാഴ്ച രാവിലെ ഉറക്കം ഉണർന്നപ്പോഴാണ് എടിഎം കൗണ്ടറിന്റെ ഷട്ടർ തകർത്തതായും വാഹനം മോഷണം പോയതായും മണിലാല്‍ അറിയുന്നത്. തുടർന്ന് ബർഹി പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. എടിഎം കൗണ്ടറിനടുത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ കെമിക്കൽ സ്പ്രേ ചെയ്തിരുന്നതിനാൽ ദൃശ്യങ്ങൾക്ക് വ്യക്തമല്ല. ജാർഖണ്ഡിലെ രാംഗഡ്, ഹസാരിബാഗ്, പലാമു, ഛത്ര, ധൻബാദ്, റാഞ്ചി എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സമാനമായ നിരവധി കൊള്ളകളാണ് നടന്നത് . a