മുംബൈ: പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ അടുത്ത യോഗം ആഗസ്ത് 25, 26 തിയ്യതികളിൽ മുംബൈയിൽ നടക്കും. ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗവും എൻ.സി.പിയുടെ ശരദ് പവാര്‍ വിഭാഗവും ആതിഥേയത്വം വഹിക്കും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ശേഷമാണ് യോഗം നടക്കുക.
കോഡിനേഷന്‍ കമ്മിറ്റിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, എ.എ.പി, ജെഡി(യു), ആർ.ജെ.ഡി, ശിവസേന (ഉദ്ധവ് പക്ഷം), എൻ.സി.പി, ജെ.എം.എം, സമാജ്വാദി പാർട്ടി, സി.പി.എം എന്നിങ്ങനെ 11 പാർട്ടികളുടെ പ്രതിനിധികൾ ഉണ്ടാകും.
വിശാല പ്രതിപക്ഷ സഖ്യത്തിന്റെ മൂന്നാമത്തെ യോഗമാണിത്. ആദ്യം ജൂൺ 23ന് പട്നയിലും തുടർന്ന് ജൂലൈ 17, 18 തിയ്യതികളിൽ ബെംഗളൂരുവിലും യോഗം നടന്നു. ബെംഗളൂരു യോഗത്തിലാണ് സഖ്യത്തിന് ഇന്‍ഡ്യ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന് പേരിട്ടത്. പട്നയിൽ 15 പാർട്ടികളാണ് പങ്കെടുത്തതെങ്കില്‍ ബെംഗളൂരുവിൽ പാർട്ടികളുടെ എണ്ണം 26 ആയി ഉയർന്നു.