ഹൃദ്രോഗത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് ഭക്ഷണശീലങ്ങളാണ്. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഒഴിവാക്കി കൊഴുപ്പ് കൂടിയതും പ്രോസസ് ചെയ്തതും സോഡിയം കൂടിയതുമായ ഭക്ഷണങ്ങളാണ് ഇന്നത്തെ ചെറുപ്പക്കാർ കഴിക്കുന്നത്. ഈ ഭക്ഷണരീതി, ചെറിയ പ്രായത്തിൽ തന്നെ കൊളസ്ട്രോള്‍ കൂടാനും ഉയർന്ന രക്തസമ്മർദത്തിനും കാരണമാകുന്നു. ഇത് ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു. ജീവിതശൈലി ആണ് രണ്ടാമത്തെ ഘടകം. ചടഞ്ഞുകൂടിയുള്ള ഇരിപ്പ് രോഗസാധ്യത കൂട്ടും. സാങ്കേതികവിദ്യ വികസിച്ചതോടെ, ശരീരമനങ്ങിയുള്ള ജോലികളും കുറഞ്ഞു. വ്യായാമമില്ലായ്മ പൊണ്ണത്തടിക്ക് കാരണമാകും. ഇത് ഹൃദ്രോഗത്തിലേക്കു നയിക്കും. കടുത്ത സ്ട്രെസ്, ഉത്കണ്ഠ, വിഷാദം ഇവയെല്ലാം ശരീരത്തിന് ദോഷകരമായ മാറ്റങ്ങൾ ഉണ്ടാക്കുകയും ഹൃദയപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും . മദ്യത്തിൻ്റെയും പുകയിലയുടെയും ഉപയോഗവും ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു . ചെറുപ്പക്കാർക്കിടയിൽ ഹൃദയാരോഗ്യമേകുന്ന ജീവിതശൈലിയെ കുറിച്ചുള്ള അവബോധം അത്യാവശ്യമാണ്. സമീകൃത ഭക്ഷണം പ്രോത്സാഹിപ്പിക്കുക, പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, സ്ട്രെസ് നിയന്ത്രിക്കുക, ഉപദ്രവകാരികളായ വസ്തുക്കൾ ഒഴിവാക്കുക തുടങ്ങിയവയെല്ലാം രോഗസാധ്യത കുറയ്ക്കുന്ന ഘടകങ്ങളാണ്. രോഗം വരുത്തുന്നതിലും നല്ലത് വരാതെ തടയുന്നതാണ്. ചെറുപ്പത്തിൽ തന്നെ ഹൃദയത്തിൻ്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.