ഓണത്തിന് കഷ്ടി ഒരുമാസം മാത്രം ബാക്കി നില്‍ക്കേ ശരാശരി മലയാളിയുടെ മനസില്‍ ഉയരുന്ന ചോദ്യമാണ് ഇത്. ഇന്ധന സെസ്, വെള്ളക്കരം, വൈദ്യുതി ചാർജ്, കെട്ടിട നികുതി തുടങ്ങി സാധാരണക്കാരന്‍റെ ജീവിതത്തില്‍ ദുരിതങ്ങളുടെ ഘോഷയാത്ര തുടരുന്നതിനിടെയാണ് നിത്യോപയോഗ ഭക്ഷണസാധനങ്ങളുടെ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നത്. തൊട്ടതിനെല്ലാം കൈ പൊള്ളുന്ന വിലയാണ്.
വിപണി ഇടപെടല്‍ നടത്തേണ്ട സര്‍ക്കാര്‍ ഏജന്‍സിയായ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനാകട്ടെ അടച്ചു പൂട്ടലിന്‍റെ വക്കിലെന്നാണ് കണക്ക്. 3400 കോടിയോളം രൂപയുടെ ബാധ്യതയാണ് സപ്ലൈക്കോയ്ക്ക് ഉള്ളത്. സബ്സിഡി നിരക്കിൽ സാധനങ്ങൾ വിതരണം ചെയ്ത വകയിൽ 1462 കോടി രൂപയാണ് സർക്കാരിൽ നിന്നും ലഭിക്കാനുള്ളത് . നെല്ല് സംഭരിച്ച വകയിൽ 1198 കോടിയും റേഷൻ കടകളിലേക്ക് അരിയും മറ്റും വിതരണം ചെയ്ത വകയിൽ 247 കോടിയും സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങൾ വിതരണം ചെയ്തതിന്റെ 146 കോടിയുമാണ് സർക്കാരിൽ നിന്ന് ലഭിക്കേണ്ടത്.
കോവിഡ് കാലത്ത് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തതും സപ്ലൈകോയ്ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിട്ടുണ്ട്. കോവിഡ് കിറ്റുകളുടെ കണക്കിൽ ലഭിക്കാനുള്ളത് 30 കോടി രൂപയാണ്. ഇതു കൂടാതെയാണ് ട്രഷറി ഫണ്ടിൽ നിന്നെടുത്ത തുകയുടെ പലിശ. 33 കോടി രൂപയുടെ അധിക ബാധ്യതയും ആ ഇനത്തിലുണ്ട് . പണമില്ലാത്തതിനാൽ ഓണത്തിനുള്ള തയ്യാറെടുപ്പുകൾ ഇനിയും തുടങ്ങാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞിട്ടില്ല. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ അത് ഉടൻ ലഭിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് 800 കോടി രൂപയെങ്കിലും അടിയന്തരമായി ലഭ്യമാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 250 കോടി രൂപയെങ്കിലും കിട്ടിയാൽ മാത്രമേ കുറഞ്ഞ വിലയിലെങ്കിലും പൊതുവിപണിയിൽ സാധനങ്ങൾ ലഭ്യമാക്കാൻ സപ്ലൈകോയ്ക്ക് സാധിക്കൂ.
നിലവിൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ കടല വൻപയർ ചെറുപയർ ഇവയൊക്കെ സ്റ്റോക്ക് വരാനിരിക്കുന്നതേയുള്ളൂ . വിതരണക്കാർക്ക് മൂന്നുമാസമായി പണം നൽകാൻ കഴിയാത്തതും പ്രതിസന്ധിക്ക് കാരണമാണ് കുടിശ്ശികയുള്ളതിനാൽ ഇവർ വിതരണം നിർത്തി വച്ചിരിക്കുകയാണ്. ധനമന്ത്രി കെ എൻ ബാലഗോപാൽ വിതരണക്കാരുമായി സംസാരിച്ചിട്ടുണ്ടെങ്കിലും കുടിശ്ശികയുള്ള തുകയിൽ കുറച്ചെങ്കിലും കൊടുത്തില്ലെങ്കിൽ പ്രതിസന്ധി പരിഹരിക്കാൻ ആകില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നത് . അതേസമയം പൊതുവിപണിയിൽ ഇടപെടാൻ സപ്ലൈകോയ്ക്ക് ആവശ്യമായ ഉടൻ നൽകുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
ഇരട്ടിയിലധികമാണ് സാധനങ്ങളുടെ വിലയിലെ വര്‍ദ്ധനവ്. അരിക്ക് മാത്രം 10-മുതല്‍ 15 രൂപ വരെ വിലകൂടിയ തക്കാളിയും ഇഞ്ചിയുമൊക്കെ ഉള്‍പ്പെടെ ഉപ്പുമുതല്‍ കര്‍പ്പൂരം വരെ വാണം വിട്ടപോലെ വില കുതിക്കുന്നു. അതിനിടെ ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചതുപോലെയാണ് സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ എല്ലാവർക്കും ഓണകിറ്റ് നൽകാനാകില്ലെന്ന ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രസ്താവന. മഞ്ഞ കാർഡുകാർക്കും, ക്ഷേമ സ്ഥാപനങ്ങൾക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തുമെന്നാണ് സൂചന. കിറ്റ് വിതരണത്തോടനുബന്ധിച്ച് നടന്ന പ്രാഥമിക ചർച്ചയിലാണ് ഇക്കാര്യം ധാരണയായത്. കഴിഞ്ഞ വർഷം 90 ലക്ഷം കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തപ്പോൾ ചെലവായത് 500 കോടി രൂപയാണ്. എന്നാൽ ഇത്തവണ കാർഡ് ഉടമകളുടെ എണ്ണം 93.76 ലക്ഷമായി ഉയർന്നു. ഇത് കനത്ത ബാധ്യതയാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഏറ്റവും ദരിദ്രരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചത്. കേരളത്തിൽ 5.87 ലക്ഷം മഞ്ഞ കാർഡുകാരാണുള്ളത്. കൊവിഡ് ഉൾപ്പെടെയുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മുൻവർഷങ്ങളിൽ എല്ലാവിഭാഗക്കാർക്കും ഓണക്കിറ്റ് നൽകിയത്. എന്തായാലും ഇതുസംബന്ധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കും.
സംസ്ഥാനം ഇതുവരെ നേരിട്ടതില്‍ ഏറ്റവും രൂക്ഷമായ ധനപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് . ജി.എസ്.ടിക്ക് അനുകൂലമായി നികുതി ഭരണ സംവിധാനത്തിലേക്ക് മറ്റു സംസ്ഥാനങ്ങളെല്ലാം മാറിയിട്ടും കേരളം അതിന് തയ്യാറാകാത്തത് വിലക്കയറ്റം രൂക്ഷമാക്കുന്നു. സംസ്ഥാനത്തിന്‍റെ കടമെടുപ്പിന് പരിധിയുണ്ടെന്നും കൂടുതല്‍ കടമെടുക്കാനുള്ള അവസരമില്ലാത്ത സാഹചര്യത്തില്‍ കേന്ദ്രം നികുതി വിഹിതമെങ്കിലും വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമാണ് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മുന്നോട്ടുവെയ്ക്കുന്നത്. മാത്രമല്ല നികുതി വിഹിതം വെട്ടിക്കുറച്ചതിനാല്‍ സ്പെഷ്യല്‍ പാക്കേജ് അനുവദിക്കണമെന്ന് കേരളം ജിഎസ് ടി കൌണ്‍സിലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.