തിരുവനന്തപുരം: പുതിയ മദ്യനയത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. ഇതിൽ 5 ലക്ഷം രൂപ കൂടി വർദ്ധിപ്പിച്ചു. സംസ്ഥാനത്ത് മദ്യ ഉൽപ്പാദനം കൂട്ടും. കള്ളു ഷാപ്പുകൾക്ക് ബാറുകളുടേത് പോലെ നക്ഷത്ര പദവി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
read more മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്
പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും.
അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന എതിർപ്പുമായി രംഗത്തു വന്നിരുന്നു. കള്ളുഷാപ്പുകളുടെ പ്രവർത്തനം സംബന്ധിച്ചും പുതിയ മദ്യനയത്തിൽ നിർദേശങ്ങളുണ്ടാകും. ഏപ്രിൽ മാസത്തിൽ പുതിയ മദ്യനയം പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ നയം പ്രഖ്യാപിക്കുന്നത് വൈകുകയായിരുന്നു.
വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനുള്ളിൽ തന്നെ നിർമിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളിൽ ആവശ്യമായ ക്രമീകരണം വരുത്തും.
മദ്യത്തിന്റെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന ഉയർന്ന ബ്രാൻഡ് റജിസ്ട്രേഷൻ ഫീസും എക്സ്പോർട്ട് ഫീസും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി പുനഃക്രമീകരിക്കും.സംസ്ഥാനത്ത് മദ്യ ഉൽപാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോള്‍ കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കും. പഴ വർഗങ്ങളിൽ നിന്നു (ധാന്യേതരമായ) വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ഇതിന് ആവശ്യമായ നിയമനിർമാണം നടത്തും. ബാർ ലൈസൻസ് ഫീസ് 30,00,000ൽ നിന്ന് 35,00,000 രൂപയായി വർധിപ്പിച്ചു. സീ-മെൻ, മറൈൻ ഓഫിസേഴ്സ് എന്നിവർക്കുള്ള ക്ലബ്ബുകളിൽ മദ്യം വിളമ്പുന്നതിനുള്ള ലൈസൻസ് ഫീസ് 50,000ൽ നിന്ന് 2,00,000 രൂപയായി വർധിപ്പിച്ചു.കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനതു ലഹരി പാനീയമായി അവതരിപ്പിക്കും.
കള്ള് ഉൽപാദനം കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്ലാന്റേഷൻ അടിസ്ഥാനത്തിലും പ്രോത്സാഹിപ്പിക്കും. ‘കേരളാ ടോഡി’ എന്ന പേരിൽ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന കള്ള് ബ്രാൻഡ് ചെയ്യും. മൂന്ന് സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലോ ഉള്ള ഹോട്ടലുകൾക്കും, വിനോദ സഞ്ചാരമേഖലകളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കും അതതു സ്ഥാപനങ്ങൾക്കുള്ളിലുള്ള വൃക്ഷം ചെത്തി കള്ള് ഉൽപാദിപ്പിച്ച് അതിഥികൾക്ക് നൽകുന്നതിന് അനുവാദം നൽകും.
അതതു ദിവസങ്ങളിലെ വിൽപനയ്ക്ക് ശേഷം അധികമുള്ള കള്ള് ഒഴുക്കിക്കളയുന്നതിന് പകരം, അതിൽ നിന്നും വിനാഗിരി പോലെയുള്ള മൂല്യ വർധിത വസ്തുക്കൾ നിർമിക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തും. വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റുകള്‍ക്ക് ടൂറിസം സീസണിൽ മാത്രം ബിയറും വൈനും വിൽപന നടത്താൻ പ്രത്യേക ലൈസൻസ് അനുവദിക്കും.
മദ്യവിതരണത്തിന് അനുമതി ഉണ്ടാകില്ല. സംസ്ഥാനത്ത് നിലവിൽ 559 വിദേശ മദ്യ ചില്ലറ വിൽപനശാലകള്‍ക്കാണ് അനുമതിയുള്ളത്. ഇതിൽ 309 ഷോപ്പുകളാണ് തുറന്നു പ്രവർത്തിക്കുന്നത്. അവശേഷിപ്പിക്കുന്നവയിൽ നിയമപ്രശ്നമില്ലാത്തവ തുറന്നു പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കും. ക്ലാസിഫിക്കേഷൻ പുതുക്കി ലഭിക്കാത്ത ഹോട്ടലുകള്‍ക്ക് മറ്റു നിയമപരമായ തടസങ്ങളില്ലെങ്കിൽ ക്ലാസിഫിക്കേഷൻ കമ്മിറ്റിയുടെ പരിശോധന നടത്തുന്നത് വരെ ബാർ ലൈസൻസ് പുതുക്കി നൽകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം