മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ അടക്കം നടന്ന അക്രമങ്ങളെക്കുറിച്ച് പ്രചരിക്കുന്ന വീഡിയോകൾ യാഥാർത്ഥ്യമാണോയെന്ന് പരിശോധിക്കാൻ സംസ്ഥാന പൊലീസും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും. മ്യാൻമാറിൽ നിന്നും ചില വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ അപ് ലോഡ് ചെയ്ത സാഹചര്യത്തിലാണ് നടപടി. മ്യാൻമറിൽ നടന്ന ആക്രമണങ്ങൾ മണിപ്പൂരിലേത് എന്ന പേരിൽ പ്രചരിക്കുന്നതായി സൈബര്‍ ടീം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീഡിയോകൾ വ്യാജമാണോ യാഥാർത്ഥ്യമാണോ എന്ന് പരിശോധിക്കുന്നത്.
മണിപ്പൂരില്‍ നിന്ന് കടയില്‍ വച്ച് BSF ഹെഡ് കോണ്‍സ്റ്റബിള്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തുന്ന വീഡിയോയും പുറത്തു വന്നിരുന്നു. സൈന്യം മണിപ്പൂരിൽ അതീവ ജാഗ്രത തുടരുന്നതിനിടെയും ഇന്റര്‍നെറ്റ് വിലക്ക് ഭാഗീകമായി നീക്കിയ സാഹചര്യത്തിൽ ആക്രമണ ദൃശ്യങ്ങളും മറ്റും കൂടുതലായി പ്രചരിക്കുമെന്ന് സർക്കാരിന് ആശങ്കയുണ്ട്. സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ സംഭവത്തിനെതിരായ പ്രതിഷേധം വിഘടനവാദികൾ അക്രമത്തിന് മറയാക്കുമോ എന്നും ആശങ്ക ഉയരുന്നു.
മ്യാന്മര് അതിര്‍ത്തി കടന്നെത്തുന്ന അതിക്രമങ്ങള്‍…
മണിപ്പൂരിനെ കാര്‍ന്ന് തിന്നുന്ന സംഘര്‍ഷങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ഏറ്റവും ഫലപ്രദമായ പോംവഴി മണിപ്പൂരും മ്യാന്മറും തമ്മിലുള്ള അന്താരാഷ്ട്ര അതിര്‍ത്തി അതിര്‍ത്തി അടയ്ക്കലാണെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ഇംഫാല്‍ സന്ദര്‍ശനത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു.
മണിപ്പൂര്‍ ജനതയുടെ ആറിലൊന്ന് വരുന്ന കുകി വിഭാഗത്തിന്റെ പ്രതിനിധികളുമായും പകുതിയിലേറെ ഭൂരിപക്ഷമുള്ള മെയ്തെയ് വിഭാഗത്തിന്റെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അമിത് ഷായുടെ പ്രതികരണം. കുടിയേറ്റക്കാരെ തടയുന്നതിന്റെ ഭാഗമായി ഇപ്പോള്‍ ഏതാണ് 10 കിലോമീറ്ററോളം മണിപ്പൂര്‍ മ്യാന്മര് അതിര്‍ത്തിയില്‍ വേലികെട്ടിത്തിരിച്ചിട്ടുണ്ട്. മ്യാന്മറുമായി മണിപ്പൂര്‍ 400 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇതില്‍ നല്ലൊരു ഭാഗവും വേലി കെട്ടിത്തിരിക്കുകയോ അതിര്‍ത്തി കടക്കുന്നതിന് മറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യാത്ത മേഖലയാണ്.
തുറന്ന അതിര്‍ത്തികളിലൂടെ ഇരു വശത്തുമുള്ള ജനങ്ങള്‍ക്ക് 16 കിലോമീറ്ററോളം പരസ്പരം ഉള്ളിലേക്ക് സഞ്ചരിക്കാവുന്നതാണ്. മാത്രമല്ല മറ്റ് വിസാനിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ 3 ദിവസം വരെ താമസിക്കാവുന്നതുമാണ്. ഈ മാര്‍ഗ്ഗങ്ങള്‍ മ്യാന്മറില് നിന്നുള്ള കുകി- ചിന് വിഭാഗങ്ങള്‍ മയക്കു മരുന്ന് കടത്തിന് സജീവമായി ദുരുപയോഗം ചെയ്യുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതിരോധ പാളിച്ചകള്‍- …..
മണിപ്പൂര്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നതിനുള്ള ആദ്യ മാര്‍ഗ്ഗം ഇത്തരത്തില്‍ അനധികൃതമായി അതിര്‍ത്തി കടന്നെത്തിയ ഗോത്ര -കുടിയേറ്റ വിഭാഗക്കാരെ കണ്ടെത്തി അവരെ മ്യാന്മറിലേക്ക് മടക്കി അയയ്ക്കുന്നതാണെന്ന് നയനതന്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്ന സംഘങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും മ്യാന്മറില് നിന്നുള്ളവര്‍ നേതൃത്വം നല്കുന്ന കുകി കുടിയേറ്റ സംഘടനകളുമായുള്ള എല്ലാത്തരം ഇടപാടുകളും ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇന്ത്യ- ബംഗ്ലാദേശ് മ്യാന്മര് ത്രിരാഷ്ട്ര അതിര്‍ത്തികളില്‍ രൂപം കൊണ്ട കുകി-ചിന്- സോ ഗോത്രവര്‍ഗ്ഗം ഇത്തരത്തില്‍ വലിയ തോതില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
എന്തായാലും മിസോറാമിലേക്ക് എത്തപ്പെട്ട കുകി- ചിന്‍സോ വിഭാഗത്തിന് സംസ്ഥാന സര്‍ക്കാര്‍ മനുഷ്യാവകാശ തലത്തില്‍ ആശ്രയം നല്‍കിയിട്ടുണ്ട്. മണിപ്പൂരിലെ മൂന്ന് സുപ്രധാന വംശീയ ഗോത്രങ്ങളില്‍ മെയ്തെയ് ഇംഫാല്‍ താഴ്വരയിലും നാഗാ വടക്കന്‍ മലകളിലുമാണ് തമ്പടിച്ചിരിക്കുന്നത്. 19ആം നൂറ്റാണ്ട് മുതല്‍ കുകികള്‍ മ്യാന്മറുമായും മിസോറാമുമായും അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ മലകളിലാണ് കുടിയേറി വരുന്നത്.
കഴിഞ്ഞവര്‍ഷം ആഗസ്റ്റ് മുതല്‍ മണിപ്പൂരിലേക്കുള്ള മ്യാന്മറില് നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം സംസ്ഥാനത്ത് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് പ്രതിഷേധങ്ങള്‍ക്കും ഇടവരുത്തിയിരുന്നു.ഇതിന്രെ പശ്ചാത്തലത്തില്‍ ഓഗസ്റ്റില്‍ തന്നെ കൃത്യമായ ജനസംഖ്യാ- ഗോത്ര നിര്‍ണ്ണയത്തിനായി മണിപ്പൂര്‍ അസംബ്ലി പോപ്പുലേഷന്‍ കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്റെ കണ്ടെത്തലുകള്‍ പരിശോധിച്ച് നടപടിയെടുക്കുന്നതിന് ഒരു മന്ത്രിസഭാ ഉപസമിതിയെയും ചുമതലപ്പെടുത്തിയിരുന്നു.
ഈ വര്‍ഷം തന്നെ ഏപ്രിലില്‍ സര്‍ക്കാര്‍ നടത്തിയ തിരിച്ചറിയല്‍ പരിശോധനയില്‍ 13 മേഖലകളില്‍ നിന്നായി 2300ഓളം രേഖകളില്ലാത്ത മ്യാന്മര് സ്വദേശികളുടെ കുടിയേറ്റങ്ങള്‍ കണ്ടെത്തി. ആദ്യഘട്ടത്തിലെ പരിശോധനയില്‍ തന്നെ ഇത്രയേറെ അനധികൃത വിദേശികളെ കണ്ടെത്തിയത് പ്രശ്നത്തില്‍ വ്യാപ്തി എത്രത്തോളമെന്ന് ചൂണ്ടിക്കാട്ടുന്നു. വയലന്‍സ് ഇന്‍ മണിപ്പൂര്‍ -ദി ലാര്‍ജര്‍ സ്റ്റോറി എന്ന പേരില്‍ ഡല്‍ഹി മണിപ്പൂര്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ അഞ്ച് ദശകത്തിനിടെ കുകി കുടിയേറ്റക്കാരുടെ 617 പുതിയതായി രൂപപ്പെട്ട ഗ്രാമങ്ങള്‍ കണ്ടെത്തി.
മ്യാൻമറിൽ നിന്ന് മണിപ്പൂരിലേക്കുള്ള കുക്കി-ചിൻ കുടിയേറ്റം പതിറ്റാണ്ടുകളായി മൂന്ന് ഘട്ടങ്ങളിലായാണ് നടന്നതെന്ന് ന്യൂ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രൊഫസർ ഒയിനം പറയുന്നു ആദ്യത്തെ തരംഗം 1950-കളുടെ അവസാനത്തിലും 1960-കളുടെ തുടക്കത്തിലും മ്യാൻമറിലെ ആഭ്യന്തരയുദ്ധകാലത്തായിരുന്നു രണ്ടാമത്തേത് 1988 ഓഗസ്റ്റിലെ മ്യാൻമറിലെ കലാപത്തിന് മുമ്പും ശേഷവും; 2005-ൽ ഇന്ത്യൻ സുരക്ഷാ സേനയും കുക്കി തീവ്രവാദികളും തമ്മിലുള്ള അനൗപചാരിക വെടിനിർത്തലിന് ശേഷമാണ് മൂന്നാമത്തേത്.
ഇത് 2008-ൽ ഇത് ഔപചാരികകുടിയേറ്റമായി.കഴിഞ്ഞ കുറച്ച് വർഷങ്ങളായി മണിപ്പൂരില്‍ സംഭവിച്ചത് കുക്കി ആധിപത്യമുള്ള ജില്ലകളിൽ മയക്കുമരുന്ന് സംഘങ്ങളുടെയും അതിർത്തി കടന്നുള്ള വിമത ഗ്രൂപ്പുകളുടെയും പിന്തുണയോടെയുള്ള പോപ്പി കൃഷിയിലെ ഒരു പൊട്ടിത്തെറിയാണ്. അതിന്റെ ഫലമായി വനവിസ്തൃതി വൻതോതിൽ നഷ്ടപ്പെട്ടു.അവർ മയക്കുമരുന്ന് പണം ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ പരസ്പരം പോരടിക്കുന്നതിനുള്ള ആയുധങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അനധികൃത കുടിയേറ്റത്തിനുമേല്‍ കലാപസാധ്യതകള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് ഗോത്രവര്‍ഗ്ഗ പദവി ആവശ്യപ്പെട്ടും അതിലൂടെ കുകി കൈയ്യേറ്റ മേഖലകളില്‍ ഭൂമി വാങ്ങുന്നതിന് അനുവാദം തേടിയും മെയ്തേയ് വിഭാഗം മുന്നോട്ടുവരുന്നത്. എരി തീയില്‍ എണ്ണയൊഴിക്കുന്നതിന് സമാനമായി മെയ്തേയ് വിഭാഗത്തിന്റെ നീക്കം. എന്നാല്‍ കുക്കികളെ നുഴഞ്ഞുകയറ്റക്കാരും വനമേഖലയിലെ അധിനിവേശക്കാരും പോപ്പി കൃഷിക്കാരും എന്ന് മുദ്രകുത്തുന്നത് തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമാണെന്നും ആ പേരില്‍ മണിപ്പൂരില്‍ നിന്ന് ആട്ടിയോടിക്കാനുള്ള ശ്രമമെന്നും കുകി സൈദ്ധാന്തികന്‍ പാവോകൊലുന്‍ ഹാംസിംഗ് ആരോപിക്കുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ അധിനിവേശത്തിനെതിരെ കുകി ഗോത്രവിഭാഗം നടത്തിയ പോരാട്ടങ്ങളെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നതെന്നാണ് കുകികളുടെ ശബ്ദമായ ഹാംസിംഗ് പറയുന്നത്.—-
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം