പിടിവാശി കാണിച്ചതിനരിശം തീർത്തോ –
രച്ഛന്റെ മകളെ.., മാപ്പ്
പുലർകാല സൂര്യനെ വരവേൽക്കുവാനായ്
കരിങ്കൽ ഭിത്തിയിൽ ചുടു ചോര
കൊണ്ടമ്മ ചിത്രം വരച്ചൊരു
മകനെ നിനക്കും മാപ്പ്…
കടിച്ചു ചീന്തപ്പെട്ട നിശബ്ദമാം
ബാല്യത്തെ നോക്കിയൊരു ശുനക –
സ്നേഹി കുരച്ചു ചാടുന്നു
കഴുത്തിൽ ഞാന്നു കിടക്കുന്ന
കരി വണ്ടുകളോരമ്മ തൻ
തേങ്ങലുകളൊപ്പിയെടുക്കുന്നു,
മുന്നിൽ ചോദ്യശരമെയ്യുന്ന വിഷ –
പ്പാമ്പുകൾ സഹതപിക്കുന്നു.
കണ്ണിലിരുട്ടു കയറുന്നു ,നാവു കുഴയുന്നു
കളിച്ചു തളർന്നോടി വന്ന മകളുടെ
വിയർപ്പുഗന്ധം മായാത്ത കുപ്പായത്തെ
പുണർന്നമ്മ മലച്ചു വീഴുന്നു…
എഴുതി തയ്യാറാക്കിയ ചോദ്യക്കടലാസു –
മായൊരാൾ ഉറക്കമൊഴിഞ്ഞു പഠിച്ചു
ജയിച്ചതിൻ ഭാരവും പേറി
ചോദ്യചിഹ്നമായ് നിൽപ്പൂ ദൂരെ…
നഗ്നയായ് തെരുവിലിറക്കപ്പെട്ട
പെണ്ണിന്റെ കലിയിലറ്റു വീണ
കബന്ധങ്ങൾ കിണറ്റിൻ കരയിൽ
മുളച്ചു പൊന്തുമ്പോഴും.
ഗർഭപാത്രമറുക്കപ്പെട്ട , പെണ്ണേ…
നീയൊന്നു പുനർജ്ജനിച്ചെങ്കിൽ…
ചവിട്ടിയരയ്ക്കപ്പെട്ട കുഞ്ഞു –
പൂവുകളൊക്കെയും നീ ചേർന്ന
മണ്ണിലലിഞ്ഞപ്പോഴെങ്കിലും…
അല്ലയോ ഫുലൻ… നീയൊന്നു
പുനർജ്ജനിച്ചെങ്കിൽ…
-സിമി ബൈജു, കായലൂർ