കോഴിക്കോട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് പോലെ സമകാലിക രാഷ്ട്രീയത്തിൽ മറ്റാരേയും വേട്ടയാടിയിട്ടില്ലെന്ന് സി.പി.ഐ. നേതാവ് സി.ദിവാകരൻ. ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്ന ആളുകളാണ് അദ്ദേഹത്തെ വേട്ടയാടിയതെന്നും കാലം അത് തെളിയിക്കുമെന്നും ദിവാകരൻ പറഞ്ഞു. സെക്രട്ടേറിയറ്റ് അസോസിയേഷന്റെ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയപ്പോൾ അദ്ദേഹത്തിന് വേണ്ടി ശബ്ദങ്ങൾ ഉയർന്നില്ലെന്ന് ഓർമ്മിച്ച സി. ദിവാകരൻ, ഉമ്മൻ ചാണ്ടിയുടെ കൂടെയുള്ള ആളുകൾ തന്നെയാണ് ഈ ദുരന്തങ്ങളെല്ലാം വരുത്തിവെച്ചത് എന്ന് അന്ന് തന്നെ അദ്ദേഹത്തോട് ഞാൻ പറഞ്ഞിരുന്നുവെന്നും കൂട്ടിച്ചേർത്തു.
Also read : ചുമയ്ക്കുള്ള സിറപ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; ഇന്ത്യക്കെതിരെ നിയമനടപടി തുടങ്ങി ഗാംബിയ സര്‍ക്കാര്‍
“അടിസ്ഥാനമുണ്ടോ ഇല്ലയോ എന്ന് ഇന്നും സംശയമുള്ള ആരോപണങ്ങൾക്കൊണ്ട് ഉമ്മൻ ചാണ്ടിക്കെതിരെ നിയമസഭയിൽ ഞങ്ങൾ ശരവർഷം ഉയർത്തി. വിട്ടുവീഴ്ചയില്ലാതെ നിർദ്ദാക്ഷിണ്യം ഞങ്ങൾ ആരോപണമുയർത്തി. സത്യമാണോ അല്ലയോ എന്നതൊന്നും പ്രസംഗിക്കുന്ന ഞങ്ങൾക്ക് പ്രശ്നമല്ല. ചെന്നു കൊള്ളുന്നെങ്കിൽ കൊള്ളട്ടെ എന്നു കരുതി വച്ചു തട്ടുകയായിരുന്നു. ഈ പ്രക്ഷുബ്ധമായ നിയമസഭയിൽ അദ്ദേഹത്തിനു വേണ്ടി അധികം ശബ്ദങ്ങൾ ഉയർന്നില്ല എന്നത് എന്നെ എന്നും വേദനിപ്പിച്ചിട്ടുള്ളതാണ്. അദ്ദേഹം അത് ആഗ്രഹിച്ചിട്ടുമില്ല.
ഇതെല്ലാം സംഭവിക്കുമ്പോഴും, ഉമ്മൻ ചാണ്ടിയുടെ മുഖത്തു നോക്കി പറയാൻ പാടില്ലാത്തത് സഭയ്ക്കകത്ത് പറയുമ്പോഴും അദ്ദേഹം എഴുതിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ഞങ്ങൾക്ക് കലി കൂടുന്നത്. അദ്ദേഹത്തെ ക്ഷുഭിതനാക്കാനല്ലേ ഞങ്ങൾ ഇതെല്ലാം പറയുന്നത്. അപ്പോഴും ഇതെല്ലാം പരമ നിസാരമായി കണ്ട് അദ്ദേഹം ഇങ്ങനെ എഴുതിക്കൊണ്ടിരിക്കുകയാണ്. ഇങ്ങേ വശത്ത് വലിയ ബഹളം നടക്കുമ്പോഴാണ് ഇത് എന്ന് ഓർക്കണം.
എത്രയോ ജീർണതയുള്ള ആരോപണങ്ങളാണ് അദ്ദേഹം നേരിട്ടത്. എത്ര ക്ഷമയോടു കൂടി, സഹിഷ്ണുതയോടു കൂടിയാണ് അദ്ദേഹം അതെല്ലാം കേട്ടത്. അന്ന് സഭയിലുണ്ടായിരുന്ന ഞങ്ങൾക്കെല്ലാം അതൊരു അദ്ഭുതമാണ്. എന്തുകൊണ്ടാണ് ഞാൻ ഉമ്മൻ ചാണ്ടിക്കെതിരെ സഭയിൽ കടുത്ത വിമർശനം ഉന്നയിക്കാത്തതെന്നും, ഇതല്ലല്ലോ ദിവാകരന്റെ ശൈലി എന്നും ചോദിച്ച ആളുകളുണ്ട്. വ്യക്തിപരമായി എനിക്കു ബോധ്യമില്ലാത്ത ആരോപണങ്ങൾ ഞാൻ ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ല” – ദിവാകരൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















