കോട്ടയം: രാഷ്ട്രീയ രംഗത്ത് സജീവമാകാനില്ലെന്ന് വെളിപ്പെടുത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ, ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി അച്ചു ഉമ്മൻ, സഹോദരൻ ചാണ്ടി ഉമ്മൻ എന്നിവരിൽ ആര് മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് അച്ചുവിന്റെ ഈ പ്രസ്താവന.
സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള ചർച്ചകളും ചോദ്യങ്ങളും അങ്ങേയറ്റം അരോചകമാണ്. നിലവിലെ അവസ്ഥയിൽ ഒഴിവാക്കേണ്ട ചർച്ചകളായിരുന്നു ഇവയെല്ലാം. എന്നാൽ, ഒരു പ്രസ്താവന വന്നതിന് ശേഷം സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യങ്ങൾക്ക് വ്യക്ത്യത വരേണ്ടത് ആവശ്യമാണെന്ന് തോന്നി. ചാണ്ടി ഉമ്മൻ യോഗ്യതയുള്ള ഒരു സ്ഥാനാർത്ഥിയാണ്. എന്നാൽ, ചാണ്ടിയുടെ യോഗ്യതയും സ്ഥാനാർഥി ആരാകണമെന്നതും അടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണെന്നും അച്ചു ഉമ്മൻ പറഞ്ഞു.
Also read: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബം പറയുന്നയാളെ സ്ഥാനാർഥിയാക്കുമെന്ന് കെ സുധാകരൻ
പൊതുപ്രവർത്തനരംഗത്തേക്ക് വരാൻ യാതൊരു ആഗ്രഹവുമില്ലെന്നും അച്ചു ഉമ്മൻ ആവർത്തിച്ചു. എവിടെ പോയാലും ഉമ്മൻ ചാണ്ടിയുടെ മകൾ എന്നതാണ് തന്റെ ഐഡന്റിറ്റി. അവസാനം വരെ ആ ലേബലിൽ ജീവിച്ച് മരിക്കാനാണ് ആഗ്രഹമെന്നും അച്ചു ഉമ്മൻ കൂട്ടിച്ചേർത്തു.
സ്ഥാനാർഥി ആരാകണമെന്നത് പാർട്ടിയാണ് തീരുമാനിക്കുന്നത്. ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നാൽ, വീട്ടിൽ അപ്പ കഴിഞ്ഞാലുള്ള ഏക രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണെന്ന് അച്ചു ഉമ്മൻ വ്യക്തമാക്കി.
അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെയാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് നിലപാട് മാറ്റി. ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നാണ് സ്ഥാനാർഥി എന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു തുടർന്നുള്ള പ്രസ്താവന. സ്ഥാനാർത്ഥിയെ തീരുമാനിക്കുമ്പോൾ ഉമ്മൻചാണ്ടിയുടെ കുടുംബവുമായി ആലോചിക്കും എന്നാണ് പറഞ്ഞത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ഒരു ചർച്ചകളും പാർട്ടിയിൽ നടന്നിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം