ന്യൂഡൽഹി: ആദിപുരുഷ് സിനിമയ്ക്ക് കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് നൽകിയ പ്രദർശനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി.
ഓരോരുത്തരുടെയും താത്പര്യങ്ങൾ കണക്കിലെടുത്ത് സുപ്രീംകോടതിക്ക് ഇത്തരം ഹർജികളിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റീസുമാരായ എസ്.കെ. കൗൾ, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. മത ഗ്രന്ഥങ്ങളുടെ തനി പകര്‍പ്പല്ല സിനിമയെന്നും ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചുമതലപെട്ട സ്ഥാപനങ്ങളും ബന്ധപെട്ട നിയമങ്ങളുമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സിനിമയുടെ പ്രദർശനാനുമതി തടയണമെന്ന് ആവശ്യപെട്ട് അഭിഭാഷകയായ മമത റാണി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരുടെ നിരീക്ഷണം. സിനിമയിൽ ഹിന്ദു ദൈവങ്ങളെ മോശമായ തരത്തിലാണ് ചിത്രീകരിച്ചിട്ടുള്ളതെന്ന് കേസിൽ കക്ഷിയായിട്ടുള്ള അഭിഭാഷകൻ രത്നേഷ് കുമാർ ശുക്ല പറഞ്ഞു.
ഹർജിയുമായി സുപ്രീംകോടതിയിൽ എത്തിയതിനെ ചോദ്യം ചെയ്ത ജസ്റ്റീസ് കൗൾ നിസാര പ്രശ്നങ്ങൾക്ക് സുപ്രീംകോടതിയിൽ എത്തുന്ന പ്രവണതയെയും വിമർശിച്ചു. പുസ്തകങ്ങൾ, സിനിമകൾ തുടങ്ങിയ കലാസൃഷ്ടികളെ സഹിഷ്ണുതയോടെ നോക്കിക്കാണമെന്നും ജസ്റ്റീസ് കൂട്ടിച്ചേർത്തു.
ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ഈ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. രാമായണം അടിസ്ഥാനമാക്കി എടുത്ത ഈ ചിത്രത്തില്‍ സൂപ്പര്‍താരം പ്രഭാസും കൃതി സനോണും പ്രധാന വേഷത്തില്‍ എത്തി. എന്നാല്‍ നിരവധി തലങ്ങളിൽ കടുത്ത വിമർശനമാണ് ചിത്രം നേടിയത്. മോശം വിഎഫ്എക്സ് മുതൽ കഥാപാത്രങ്ങളുടെ ചിത്രീകരണം മുതൽ സംഭാഷണങ്ങൾ വരെ, സിനിമയെ വിവാദത്തിലേക്ക് നയിച്ചു. 500 കോടി ബജറ്റില്‍ വന്ന ചിത്രം നിര്‍മ്മാതാക്കള്‍ക്ക് കനത്ത നഷ്ടം ഉണ്ടാക്കിയെന്നാണ് വിവരം. അതേ സമയം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് എടുക്കാന്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും വിവരമുണ്ട്. അതിനിടയിലാണ് ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് യൂട്യൂബിൽ ചോർന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം