കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് പുതുപ്പള്ളി പള്ളി സജ്ജമായി. നിർമാണം നടക്കുന്ന സ്വവസതിയിലെ പ്രാർഥനാ ചടങ്ങുകൾക്ക് ശേഷം ഭൗതിക ശരീരം അൽപസമയത്തിനകം പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലേക്ക് മാറ്റും. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പള്ളിയിലെത്തിയിട്ടുണ്ട്.
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ തറവാട് വീടായ കരോട്ടുവള്ളിക്കാലിൽ നിന്ന് അൽപസമയം മുമ്പാണ് ഭൗതിക ശരീരം നിർമാണം നടക്കുന്ന സ്വവസതിയിലെത്തിച്ചത്. ഇവിടെ പ്രാർഥനകൾക്ക് ശേഷമാവും പള്ളിയിലേക്ക് വിലാപയാത്ര. 9 മണിയോടെ മൃതദേഹം സംസ്കരിക്കാനാണ് തീരുമാനം.
കണ്ഠമിടരുന്ന മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി, പതിനായിരക്കണക്കിന് ജനങ്ങളാണ് അവസാന നിമിഷം വരെയും പ്രിയ നേതാവിനെ വഴിനീളെ കാത്തു നിന്നത്. നിലവിലെ തീരുമാനമനുസരിച്ച് രാത്രി ഏഴരയ്ക്ക് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ശുശ്രൂഷകളിൽ 20 ബിഷപ്പുമാരും ആയിരം വൈദികരും പങ്കാളികളാകും.
സെന്റ് ജോർജ് വലിയ പള്ളിയിൽ പ്രത്യേകം ക്രമീകരിച്ച കല്ലറയിലാണ് ഉമ്മൻ ചാണ്ടിക്ക് അന്ത്യനിദ്രയൊരുക്കിയിരിക്കുന്നത്. പുതുപ്പള്ളിക്കും ഇടവകയ്ക്കും നൽകിയ സേവനത്തിനോടുള്ള ആദരസൂചകമായി നേതാവിനായി പ്രത്യേക കല്ലറയൊരുക്കാൻ ദേവാലയ അധികൃതർ തീരുമാനിക്കുകയായിരുന്നു. പള്ളിയുടെ കിഴക്ക് വശത്തായി വേദികരുടെ കല്ലറയോട് ചേർന്നാണ് പ്രത്യേക കല്ലറ.
ഇന്നലെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്ന് തുടങ്ങിയ യാത്ര 28 മണിക്കൂർ പിന്നിട്ടാണ് പുതുപ്പള്ളിയിലെത്തിയത്. നിലയ്ക്കാത്ത മുദ്രാവാക്യം വിളികളോടെ, തോരാതെ കണ്ണീർവീണ എംസി റോഡിലൂടെ, ചെങ്ങന്നൂരിലേയും ചങ്ങനാശ്ശേരിയിലെയും ആൾക്കടൽ കടന്ന്, ഒരു പകലും രാത്രിയും പിന്നിട്ട് തിരുനക്കര എത്തിയപ്പോഴെക്കും ചരിത്രമായി. ജനം ഇരമ്പിയിട്ടും ആൾക്കൂട്ടത്തിന്റെ രാജാവിന് അനക്കമില്ല. കോട്ടയത്തോട് അടുക്കുംതോറും സ്നേഹക്കോട്ടകൾ പലതും കണ്ടു. പുതുപ്പള്ളി എത്തുമ്പോഴേക്കും പല മനസുകളും വിങ്ങിപ്പൊട്ടി. ജനസാഗരത്തിന് നടുവിൽ നിൽക്കുമ്പോഴും ഞങ്ങൾ അനാഥരായെന്ന് പദം പറഞ്ഞവരാണേറയും. ഇനി കുഞ്ഞൂഞ്ഞിന് അന്ത്യവിശ്രമം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം