ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ പുതുപ്പള്ളിയിൽ എത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അഗാധമായ ദുഃഖത്തോടെ നാളെ പുതുപ്പള്ളിയിൽ വെച്ച് പ്രിയ നേതാവിന് ആദരവോടെ വിടപറയുമെന്നും കെസി വേണുഗോപാൽ കുറിച്ചു.
ഇന്നലെ ബംഗളൂരുവിൽ ഉമ്മൻചാണ്ടിക്ക് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അന്ത്യോപചാരം അർപ്പിച്ചിരുന്നു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് സോണിയയും രാഹുലും അവിടെ നിന്ന് മടങ്ങിപോയത്. രാഹുലിനും സോണിയക്കുമൊപ്പം മുതിർന്ന നേതാക്കളും ബംഗളൂരുവിൽ എത്തുകയുണ്ടായി.
തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വിലാപയാത്ര കോട്ടയത്തേക്കുള്ള വഴിയിലാണ്. വൈകിട്ട് ഏഴ് മണിക്ക് കോട്ടയത്തെത്തും. വൈകിട്ട് അഞ്ചുമണിയോടെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, വിലാപയാത്ര പുറപ്പെട്ടത് മുതൽ റോഡരികിൽ വൻ ജനക്കൂട്ടമായിരുന്നു പ്രിയ നേതാവിനെ കാത്തുനിന്നത്. എല്ലാവർക്കും അവസാനമായി കാണാൻ അവസരമുണ്ടാക്കുന്നതിനായി വളരെ പതുക്കെയാണ് വിലാപയാത്ര പോയ്കൊണ്ടിരിക്കുന്നത്.
ഏഴുമണിയോടെ കോട്ടയം തിരുനക്കര മൈതാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. രാത്രിയിലാണ് മൃതദേഹം പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കുക. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ ആരംഭിക്കുന്ന അന്ത്യ ശുശ്രൂഷകള്‍ക്ക് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ നേതൃത്വം നൽകും
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം