കൊൽക്കത്ത; ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം കുത്തനെ താഴോട്ട് പോകുന്നതായി റിപ്പോർട്ടുകൾ. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നില മെച്ചപ്പെടുത്തിയിരിക്കുകയാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പല സീറ്റുകളും ബിജെപിക്കു നഷ്ടപ്പെട്ടത് സിപിഎം-കോൺഗ്രസ് സഖ്യത്തിന്റെ മുന്നേറ്റം കൊണ്ടുമാത്രമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 38% വോട്ടും ലോക്സഭാ തിരഞ്ഞെടുപ്പിൽ 40% വോട്ടും നേടിയ ബിജെപിക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലഭിച്ചത് 22.88% മാത്രമാണ്. 18.24% ഗ്രാമപഞ്ചായത്ത് സീറ്റുകളും 12.25% പഞ്ചായത്ത് സമിതി സീറ്റുകളും നേടിയ പാർട്ടി 26 ജില്ലാ പരിഷത്ത് സീറ്റുകളിൽ ജയിച്ചു.
തൃണമൂൽ കോൺഗ്രസിന് 51.5% വോട്ട് വിഹിതം ലഭിച്ചു. 95% ജില്ലാ പരിഷത്ത് സീറ്റുകൾ തൃണമൂൽ നേടി. പഞ്ചായത്ത് സമിതിയിൽ 78.84% സീറ്റും ഗ്രാമപഞ്ചായത്തിൽ 65.69% സീറ്റും നേടി. ഏതാനും സീറ്റുകളിൽ ഇനിയും ഔദ്യോഗിക ഫലം വന്നിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 48 ശതമാനവും ലോക്സഭാ തിരഞ്ഞെടുപ്പിൽ 43 ശതമാനവുമായിരുന്നു പാർട്ടിയുടെ വോട്ട്.
കോൺഗ്രസ്, സിപിഎം, ഇന്ത്യൻ സെക്കുലർ ഫ്രണ്ട് എന്നിവർക്ക് മൊത്തമായി 20.98% വോട്ട് ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് കഷ്ടിച്ച് 10% ആയിരുന്നു. 13.2 % വോട്ടുവിഹിതം നേടിയ ഇടത് സഖ്യം 5.8 % ഗ്രാമ പഞ്ചായത്ത് സീറ്റുകളും 2.3% പഞ്ചായത്ത് സമിതി സീറ്റുകളും സ്വന്തമാക്കി. 2 ജില്ലാ പരിഷത്ത് സീറ്റുകളും പാർട്ടിക്ക് ലഭിച്ചു. കോൺഗ്രസ് 6.42% വോട്ട് വിഹിതം നേടി. 4.82 % ഗ്രാമപഞ്ചായത്ത് സീറ്റുകളും 3.2 % പഞ്ചായത്ത് സമിതി സീറ്റുകളും നേടിയ കോൺഗ്രസ് 12 ജില്ലാ പരിഷത്ത് സീറ്റുകളിൽ ജയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം