ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ വാഹനമായ ചാന്ദ്രയാൻ മൂന്നിൻ്റെ വിക്ഷേപണം നാളെ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ദൌത്യം വിജയകരമായാൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. 600 കോടി രൂപയാണ് ചാന്ദ്രയാൻ–3ന്റെ മൊത്തം ചെലവ് കണക്കാക്കുന്നത്. ഒരു ചരിത്രനേട്ടത്തിനരികിലാണ് ഇന്ത്യൻ ബഹിരാകാശ രംഗം.ചന്ദ്രയാൻ മൂന്നാം ദൌത്യം വിജയമായാൽ അത് ഇന്ത്യൻ ബഹിരാകാശ മേഖലയ്ക്കൊരു വലിയ നാഴികക്കല്ലായി മാറും.
ചന്ദ്രനിലേക്കുള്ള ഐഎസ്ആർഒയുടെ മൂന്നാം ദൌത്യമാണ് ഇത്തവണത്തേത്. 2008ലായിരുന്നു ആദ്യ ദൌത്യം.ചന്ദ്രനിലെ ജലസാന്നിധ്യം ഉൾപ്പടെയുള്ള വിവിധ വിലപ്പെട്ട വിവരങ്ങളാണ് അന്ന് ലഭിച്ചത്. രണ്ടാമൂഴത്തിൽ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാനായിരുന്നു ശ്രമം. എന്നാൽ അത് ഭാഗിക വിജയം മാത്രമായി അവശേഷിച്ചു. ആദ്യ ഘട്ടങ്ങൾ വിജയകരമായി പ്രവർത്തിച്ചെങ്കിലും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ശ്രമം പരാജയപ്പെട്ടു.ലക്ഷ്യത്തിന് തൊട്ടരികെ വെച്ച് ഓർബിറ്ററുമായുള്ള ബന്ധം നഷ്ടമായതിനെ തുടർന്ന് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു ലാൻഡർ . ഈ ദൌത്യത്തിൻ്റെ തുടർച്ചയാണ് ഇത്തവണത്തേത്. അന്നത്തെ പരാജയത്തിൽനിന്ന് പാഠമുൾക്കൊണ്ടാണ് ചാന്ദ്രയാൻ മൂന്നിന്റെ രൂപകല്പന. രാജ്യത്തിന്റ ഇതുവരേയുള്ള ചന്ദ്രപര്യവേക്ഷണങ്ങളില് നിന്നും തീർത്തും വ്യത്യസ്തമായ നിരവധി സവിശേഷതകളുമായിട്ടാണ് ചന്ദ്രയാന്‍ 3 കുതിപ്പിന് ഒരുങ്ങുന്നത്.
ചന്ദ്രൻറെ ദക്ഷിണ ധ്രുവപ്രദേശങ്ങൾ,അഥവാ ഒരിക്കലും സൂര്യപ്രകാശം ഏല്ക്കാതെ കിടക്കുന്ന മേഖലകളില്‍ പര്യവേഷണം നടത്തുക എന്നതാണ് ചന്ദ്രയാന്‍-3ന്റെ പ്രധാന ലക്ഷ്യം. ഇത് വരെ മറ്റൊരു രാജ്യത്തിനും ഇവിടെ സോഫ്റ്റ് ലാൻറിങ് നടത്താനായിട്ടില്ല. വളരെ താഴ്ന്ന താപനിലയായതിനാൽ ഇവിടെയുള്ള വസ്തുക്കൾ മാറ്റങ്ങൾക്ക് വിധേയമാകാതെ ഖനീഭവിച്ച അവസ്ഥയിലാണ്. ഇവയിൽ പഠനം നടത്തുന്നതിലൂടെ ആദ്യകാല സൗരയൂഥത്തിന്റെ ഘടനയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. ഈ പ്രദേശത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും 2025ൽ ഇവിടേക്ക് പേടകത്തെ അയക്കുന്നുണ്ട്.ഇന്ധനം അടക്കം 2148 കിലോഗ്രാം ഭാരമാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന് മാത്രമായിട്ടുള്ളത്. പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ചാന്ദ്രയാൻ മൂന്ന് ദൌത്യത്തിലുള്ളത്. ഇതിൽ ആദ്യത്തേത് ലാൻ്ററിനെയും റോവറിനെയും ബഹിരാകാശത്തെത്തിക്കുന്ന വാഹനമാണ്. ISRO വികസിപ്പിച്ചെടുത്ത ഏറ്റവും ശക്തമേറിയ റോക്കറ്റായ LVM-3 ആണ് ഇതിനുപയോഗിക്കുന്നത്. ബഹിരാകാശത്തുവെച്ച് റോക്കറ്റിൽനിന്ന് വേർപെട്ട ശേഷം റോവറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കുന്നതിനാണ് ലാൻ്റർ.
ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. വിക്രം സാരാഭായിയുടെ സ്മരണാർഥം വിക്രം എന്നാണ് ലാൻഡറിന് പേര് നൽകിയിരിക്കുന്നത്. റോവറിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കുകയാണ് ഇതിന്റെ പ്രധാന ദൗത്യം. കഴിഞ്ഞ തവണ ഈ ഘട്ടത്തിലായിരുന്നു പരാജയം നേരിട്ടത്. ഇതിൽ നിന്ന് പാഠമുൾക്കൊണ്ടാണ് ഇത്തവണത്തെ ലാന്റർ രൂപകല്പന ചെയ്തിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തല്ലാതെ പോലും ഇറങ്ങാൻ ഇത്തവണത്തെ പുതിയ ലാന്റിന് കഴിയും. ലാൻ്റർ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങിയതിന് ശേഷം, ആറ് ചക്രങ്ങളുള്ള റോവർ പുറത്തുവരും. അറിവ് എന്ന് അർഥം വരുന്ന പ്രഗ്യാൻ എന്ന പേരാണ് റോവറിന് നൽകിയിട്ടുള്ളത്.
ചന്ദ്രോപരി തലത്തിലൂടെ ഉരുണ്ടു നീങ്ങുന്ന റോവർ ഉപയോഗിച്ച് ഒട്ടേറെ പരീക്ഷണങ്ങൾ നടത്താനാണ് ഐഎസ്ആർഒ പദ്ധതിയിട്ടുള്ളത്. റോവറിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളുടെ സഹായത്തോടെ ചന്ദ്രോപരി തലത്തിലുള്ള നിരവധി ചിത്രങ്ങളുമെടുക്കാനാകും. റോവർ ചന്ദ്രനിൽ 14 ദിവസം പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. വിക്ഷേപണം കഴിഞ്ഞ് 42 ദിവസങ്ങൾ കഴിഞ്ഞാണ് ലാൻ്റർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങുക. ആ ചരിത്ര മുഹൂർത്തത്തിനായുള്ള നിമിഷങ്ങളെണ്ണിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ശാസ്ത്ര ലോകം. ഇതിന് മുൻപ് അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും മാത്രമാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻ്റിങ് നടത്താനായിട്ടുള്ളത്. ഈ പട്ടികയിലേക്കാണ് ഇന്ത്യയുടെ പേരും എഴുതിച്ചേർക്കപ്പെടുക.
ചന്ദ്രയാൻ 3 നാളെ കുതിച്ചുയരുമ്പോൾ മലയാളികൾക്കും അഭിമാനിക്കാമെന്ന് വട്ടിയൂർക്കാവിലെ ഐഎസ്ആർഒയുടെ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റ് ഡയറക്ടർ ES പദ്മകുമാർ പറഞ്ഞു. ഒരു സോഫ്റ്റ് ലാന്റിംഗ് സാധ്യമായില്ലെങ്കില്‍ പോലും നിരവധി വിവരങ്ങളാണ് ചാന്ദ്രയാന്‍ 2 ദൌത്യത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ചാന്ദ്രയാന്‍ വിഎസ്എസ് സിയും ഐഎസ് യുവും വിക്ഷേപണത്തില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. വളരെ കൃത്യതയുള്ള സെന്‍സറുകളും നാവിഗേഷന്‍ സിസ്റ്റവും തയ്യാറാക്കിയിരിക്കുന്നത് ഐഎസ് യു ആണ്.കൂടാതെ വ്യോംമ് മിത്ര പോലുള്ള സ്പേസ് റോബോര്ട്ടസിനെ ഡിസൈന്‍ ചെയ്യുന്നതിലും ഐഎസ് യു പരിശ്രമിക്കുന്നുണ്ട്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനുള്ള ആദിത്യ എല്‍ വണ്‍ അടുത്തമാസം കുതിച്ചുയരും. ആ പരിശ്രമങ്ങള്‍ക്ക് ചാന്ദ്രയാന്‍ 3 -ദൌത്യം കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം