കൊല്ലം: വെള്ളക്കരം വർധിപ്പിച്ചതിന് പിന്നാലെ മീറ്റർ റീഡിങ് കാര്യക്ഷമമാക്കാൻ നടപടികളുമായി ജല അതോറിറ്റി. വലിയതോതിൽ വെള്ളക്കരം കൂട്ടിയതുമൂലമുള്ള അധികവരുമാനം കൃത്യമായി പിരിച്ചെടുക്കുകഎന്നതാണ് ലക്ഷ്യം. നിലവിലെ മീറ്റർ റീഡിങ് സംവിധാനം തൃപ്തികരമല്ലെന്ന വിലയിരുത്തൽ മാനേജ്മെന്റിനുണ്ട്. മീറ്റർ റീഡർമാരുടെ തസ്തികകൾ പി.എസ്.സി വഴി നികത്താതെതന്നെ റീഡിങ് കുറ്റമറ്റതാക്കാനുള്ള നടപടികളാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി വാച്ച്മാൻ, ഓഫിസ് അറ്റൻഡന്റ് തസ്തികകളിൽ ജോലി ചെയ്തിരുന്നവരെ ബൈ ട്രാൻസ്ഫർ രീതിയിൽ മീറ്റർ റീഡർമാരായി നിയമിച്ചുവരുകയാണ്. പത്തുപേർക്ക് കഴിഞ്ഞയാഴ്ച നിയമന ഉത്തരവ് നൽകി. ഇനിയുള്ള ഒഴിവുകളും ഇത്തരത്തിൽ നികത്താനാണ് ആലോചന. ഇതോടൊപ്പം മീറ്റർ റീഡർ തസ്തികയിൽ ജോലി ചെയ്യുന്നവർ ഒരു ദിവസം നടത്തേണ്ട മീറ്റർ റീഡിങ്ങിന്റെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. പുതിയ ഉത്തരവുപ്രകാരം പഞ്ചായത്തുകളിൽ 50, മുനിസിപ്പാലിറ്റികളിൽ 60, കോർപറേഷനുകളിൽ 80 എന്നിങ്ങനെയാണ് ഒരു ദിവസം എടുക്കേണ്ട റീഡിങ്.
18 വർഷത്തിന് ശേഷമാണ് ദിവസവും നടത്തേണ്ട മീറ്റർ റീഡിങ്ങിന്റെ എണ്ണത്തിൽ വ്യക്തത വരുത്തുന്നത്. 2020 ഡിസംബറിൽ പഞ്ചായത്ത് പ്രദേശങ്ങളിൽ മീറ്റർ റീഡർമാർ പ്രതിദിനം എടുക്കേണ്ട റീഡിങ്ങിന്റെ എണ്ണം 80 ആയും കോർപറേഷൻ/നഗരസഭ പ്രദേശത്ത് 100 ആയും വർധിപ്പിച്ച് ഉത്തരവായിരുന്നു. എന്നാൽ ഇത് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി യൂനിയനുകൾ രംഗത്തുവന്നതോടെ 2021 ജനുവരിയിൽ ഉത്തരവ് നടപ്പാക്കുന്നത് നിർത്തിെവച്ചു. വിഷയത്തിൽ അക്കൗണ്ട്സ് മെംബർ ചെയർമാനായി നിയോഗിച്ച കമ്മിറ്റി 2021 ഏപ്രിൽ 16ന് എം.ഡിക്ക് ശിപാർശ നൽകി. ഈ ശിപാർശകൾ പരിശോധിച്ച് ആവശ്യമായ മാറ്റം നിർദേശിക്കാൻ ടെക്നിക്കൽ മെംബറെ ചുമതലപ്പെടുത്തുകയും ചെയ്തു. 2021 ഏപ്രിൽ 21ന് ടെക്നിക്കൽ മെംബറുടെ അധ്യക്ഷതയിൽ കൂടിയ യോഗം മീറ്റർ റീഡർമാർ ഒരു മാസം ഇരുപത് ദിവസമെങ്കിലും റീഡിങ് എടുക്കുകയും ബാക്കി പ്രവൃത്തിദിവസങ്ങളിൽ ഡിസ്കണക്ഷൻ ഉൾപ്പെടെ ജോലികൾ ചെയ്യണമെന്നും നിർദേശിക്കുകയായിരുന്നു. പഞ്ചായത്തുകൾ-50, മുനിസിപ്പാലിറ്റി-60, കോർപറേഷൻ-80 എന്നിങ്ങനെ ഒരു ദിവസം എടുക്കേണ്ട റീഡിങ്ങുകളുടെ എണ്ണവും നിർദേശിച്ചു. ഇക്കാര്യം ബോർഡിന്റെ കഴിഞ്ഞ മേയിൽ ചേർന്ന റവന്യൂ വർക്ഷോപ്പ് ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം