കേരളത്തിന്റെ ധനകാര്യ സ്ഥിതി തിരിച്ചുവരവ് സാധ്യമല്ലാത്തവിധം തകർച്ചയുടെ നെല്ലിപ്പടികയിലാണെന്നു പ്രചരിപ്പിക്കുന്ന ചില കൂട്ടരുണ്ട്. ഈ അബദ്ധധാരണകളെ പൊളിച്ചു കാട്ടുന്നതാണ് സമീപകാലത്ത് ജി.എസ്.ടി വരുമാനത്തിൽ പ്രകടമായിട്ടുള്ള ഉണർവ്വ്. ഇന്നുള്ള ധനകാര്യ പ്രതിസന്ധി കേന്ദ്ര സർക്കാരിന്റെ സൃഷ്ടിയാണ്. അതിനെതിരെ ജനരോഷം ഉയർത്തുന്നതിനെതിരെ പുകമറ സൃഷ്ടിക്കുകയാണ് മാധ്യമങ്ങളും ചില വിദഗ്ദന്മാരും.
കേരളത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ 40-45 ശതമാനം ജി.എസ്.ടി നികുതിയാണ്. 2021-22-ൽ മുൻവർഷത്തെ അപേക്ഷിച്ച് ജി.എസ്.ടി നികുതി 26 ശതമാനം വളർന്നു. അത് കോവിഡ് കാലത്തെ നികുതി തകർച്ചയിൽ നിന്നുള്ള തിരിച്ചുവരവാണെന്നു പറയാം. എന്നാൽ 2022-23-ലും 26 ശതമാനം വർദ്ധനവ് വീണ്ടും ഉണ്ടായി. ഇത് ജി.എസ്.ടി കൗൺസിലിന്റെ ഔദ്യോഗിക കണക്കാണ്. സംസ്ഥാന സർക്കാരിന്റെ അക്കൗണ്ടിലെ കണക്കുമായി ഇതിനു വ്യത്യാസമുണ്ടെന്നും പറഞ്ഞുകൊള്ളട്ടെ. അതുപ്രകാരം 22 ശതമാനമാണ് വർദ്ധന. ഈ വ്യത്യാസത്തിനു കാരണം ജി.എസ്.ടിയിൽ കയറ്റുമതിക്കാർക്കും മറ്റും നൽകുന്ന റീഫണ്ട് വകയിരുത്തുന്നതിലെ വ്യത്യാസമാണെന്നു പറയപ്പെടുന്നു. 2023-24 ധനകാര്യ വർഷത്തിൽ ആദ്യപാദത്തിലെ കണക്കുകൾ നടപ്പുവർഷത്തിലും ഈ വളർച്ച നിലനിൽക്കുന്നൂവെന്നു സൂചിപ്പിക്കുന്നതാണ്. കേരളത്തിന്റെ ജി.എസ്.ടി വരുമാനം വളർച്ചയുടെ പാതയിലാണ്.
കേരളത്തിന്റെ വാറ്റ് നികുതി വരുമാനം 2006-07 മുതലുള്ള വിഎസ് സർക്കാരിന്റെ കാലത്ത് ഏതാണ്ട് 20 ശതമാനംവച്ച് പ്രതിവർഷം വളരുകയുണ്ടായി. ഈ വളർച്ചാ നിരക്ക് യുഡിഎഫ് അധികാരത്തിൽവന്ന ശേഷവും രണ്ട് വർഷം തുടർന്നു. ഇതിന്റെ ഫലമായി കേരളത്തിന്റെ ധനക്കമ്മിയും റവന്യുക്കമ്മിയും കുറഞ്ഞുവരാൻ തുടങ്ങി. സർക്കാർ ചെലവുകൾ ഞെരുക്കാതെ സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സുസ്ഥിരമായി തീരുമെന്ന പ്രതീക്ഷയുണ്ടായി. എന്നാൽ പ്രവേശന നികുതി കോടതി ഇല്ലാതാക്കിയതോടെ കേരളത്തിന്റെ അന്തർസംസ്ഥാന വ്യാപാരത്തിൽ നിന്നുള്ള നികുതി വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. വാറ്റ് നികുതി വരുമാന വളർച്ച ഏതാണ്ട് 10 ശതമാനമായി ഇടിഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി കേരളത്തിലെ ഉപഭോഗ കമ്പോളത്തിൽ വിറ്റഴിക്കപ്പെടുന്ന ചരക്കുകളിൽ 60-70 ശതമാനം മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവയാണ്. അതുപോലെ തന്നെ നമ്മുടെ നാട്ടിൽ ഉല്പാദിപ്പിക്കുന്ന സാധനങ്ങളിൽ പകുതിയോളം മറ്റു സംസ്ഥാനങ്ങളിലേക്കോ വിദേശത്തേക്കോ കയറ്റുമതി ചെയ്യുന്നവയാണ്. ഭരണഘടന പ്രകാരം ഇത്തരത്തിൽ വിദേശത്തേക്കോ മറ്റു സംസ്ഥാനങ്ങളിലേക്കോ കയറ്റുമതി ചെയ്യുന്നതോ അവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതോ ആയ ചരക്കുകളുടെമേൽ സംസ്ഥാനങ്ങൾക്ക് നികുതി അധികാരമില്ല. വിദേശത്തുനിന്നുള്ള കയറ്റുമതി ഇറക്കുമതിക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്താൻ കേന്ദ്ര സർക്കാരിനേ അവകാശമുള്ളൂ. അതുപോലെ തന്നെ അന്തർസംസ്ഥാന വ്യാപാരത്തിനുമേൽ കേന്ദ്ര സെയിൽസ് ടാക്സാണു ചുമത്തപ്പെടുന്നത്. അതാവട്ടെ വെറും 4 ശതമാനം മാത്രമാണ്. എന്നാൽ ജി.എസ്.ടി ഈ സ്ഥിതിവിശേഷത്തിൽ മാറ്റം വരുത്തുന്നു.
Read more: ബാലസോർ ട്രെയിൻ ദുരന്തം; മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്ത് സിബിഐ
എവിടെയാണോ അവസാനം ഒരു ചരക്കോ സേവനമോ ഉപയോഗിക്കപ്പെടുന്നത് ആ സംസ്ഥാനത്തിനായിരിക്കും ആ ചരക്കിനുമേൽ അതിനു മുമ്പുള്ള ഉൽപാദന-വ്യാപാര ഘട്ടങ്ങളിൽ ചുമത്തപ്പെട്ട നികുതിയെന്നള്ളതാണ് ജി.എസ്.ടിയുടെ അടിസ്ഥാനതത്വം. ഇതിനെയാണ് ഡെസ്റ്റിനേഷൻ പ്രിൻസിപ്പൾ എന്നു പറയുന്നത്.
എന്നാൽ ജി.എസ്.ടി വന്നിട്ടും കേരളത്തിന്റെ നികുതി വരുമാന മാന്ദ്യത്തിൽ മാറ്റമൊന്നും വന്നില്ല. ജി.എസ്.ടി 10 ശതമാനംവച്ചേ വളർന്നിട്ടുള്ളൂ. അന്തർസംസ്ഥാന വ്യാപാരത്തിന്മേലുള്ള ഐ.ജി.എസ്.ടിയിൽ നിന്നാണ് ഗണ്യമായ വരുമാനം ഉണ്ടാകേണ്ടത്. എന്നാൽ ഐ.ജി.എസ്.ടി സംസ്ഥാനത്തിനുള്ളിൽ നടക്കുന്ന വില്പന-വാങ്ങലിന്മേലുള്ള എസ്.ജി.എസ്.ടിക്കു തുല്യമായേ വന്നുള്ളൂ. ഐ.ജി.എസ്.ടിയിലുള്ള ചോർച്ച തടയുന്നതിന് ആവശ്യമായ ഇവേ-ബിൽ സമ്പ്രദായം രണ്ട് വർഷം മുമ്പ് മാത്രമാണ് ഫലപ്രാപ്തിയിൽ എത്തിയത് എന്നതാണു ഇതിനു കാരണം. ഇപ്പോൾ ഇവേബിൽ സമ്പ്രദായം പൂർണ്ണപ്രവർത്തനക്ഷമമാണ്.
കേരളത്തെ സംബന്ധിച്ച് ജി.എസ്.ടി നികുതി വളർച്ചയ്ക്ക് ഉണ്ടായിരുന്ന ചില പ്രധാന തടസ്സങ്ങൾ നീങ്ങിത്തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നികുതി നിരക്കുകളിലുണ്ടായ അശാസ്ത്രീയമായ വെട്ടിക്കുറവ് ഇപ്പോഴും തുടരുകയാണ്. എന്നിട്ടും നമ്മുടെ നികുതി വരുമാനം കഴിഞ്ഞ രണ്ടുവർഷമായി നല്ല തോതിൽ വളർന്നു. ഇതു ശക്തിപ്പെടുത്താൻ നമുക്കാവണം. എങ്കിൽ 2006-07/2012-13 കാലത്തെന്നപോലെ സംസ്ഥാന ധനകാര്യസ്ഥിതി സുസ്ഥിരമാക്കുന്നതിനു കഴിയും.
ഇതിനു തടയിടാനാണു കേന്ദ്ര സർക്കാരിന്റെ നീക്കം. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകൾ ഇതുവരെ തുടർന്ന കീഴ് വഴക്കങ്ങൾക്കു വിരുദ്ധമായി സംസ്ഥാനത്തിന്റെ അനുവദനീയമായ വായ്പാ തുകയിൽ നിന്ന് കിഴിവ് ചെയ്യുന്നതിനാണു കേന്ദ്ര സർക്കാരിന്റെ തീരുമാനം. അതും മുൻകാല പ്രാബല്യത്തോടെ. സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയെ തുരങ്കംവയ്ക്കാനുള്ള കുത്സിതനീക്കത്തിനെതിരെയുള്ള ജനരോഷം തണുപ്പിക്കുന്നതിനാണ് നികുതി പിരിക്കുന്നതിലുള്ള കെടുകാര്യസ്ഥത മൂലമാണ് ധനപ്രതിസന്ധിയെന്നു പറഞ്ഞുപരത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം