ബംഗളൂരു: സാഫ് കപ്പ് ഫുട്ബോൾ ഫൈനൽ ഷൂട്ടൗട്ടിൽ കുവൈത്തിനെ വീഴ്ത്തി ഇന്ത്യയ്ക്ക് ഒമ്പതാം കിരീടം. പെനാൽറ്റി ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ നടത്തുന്ന ടൂർണമെൻറിലെ നിലവിലെ ചാമ്പ്യന്മാർ കൂടിയാണ് ഇന്ത്യ.
ആദ്യ പകുതി 1-1 സമനിലയിൽ അവസാനിച്ച ഫൈനൽ മത്സരത്തിന്റെ രണ്ടാം പകുതിയിലും മാറ്റമൊന്നുമുണ്ടായില്ല. ഗോളടിക്കാൻ ഇരുടീമുകളും ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. അധിക സമയത്തിലും ഗോൾ പിറന്നില്ല. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി സുനില്‍ ഛേത്രിയും സന്ദേശ് ജിംഗാനും ലാലിയൻസുവാല ചാംഗ്തേയും സുഭാശിഷ് ബോസും മഹേഷ് സിംഗും ലക്ഷ്യം കണ്ടപ്പോള്‍ ഉദാന്ത സിംഗ് പാഴാക്കി. എങ്കിലും സഡന്‍ ഡത്തിലെ കുവൈത്തിന്റെ ആദ്യ കിക്ക് ഗുർപ്രീത് തടുത്തതോടെ ഇന്ത്യ കിരീടമണിഞ്ഞു.
മത്സരത്തിന്റെ ആദ്യ മിനിറ്റ് തൊട്ട് ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. ഇന്ത്യയാണ് കൂടുതല്‍ സമയം പന്തടക്കി വെച്ചതെങ്കിലും ആതിഥേയരെ ഞെട്ടിച്ചുകൊണ്ട് കുവൈത്ത് ലീഡെടുത്തു. 15-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ഗോള്‍ പിറന്നത്. ഷബീബ് അല്‍ ഖാല്‍ദിയാണ് ടീമിനായി ഗോളടിച്ചത്.
ഒരു ഗോള്‍ ലീഡ് വഴങ്ങി ഇന്ത്യ ഇടവേളയ്ക്ക് പിരിയും എന്ന് തോന്നിയിരിക്കേ 38-ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഇടത് പാര്‍ശ്വത്തില്‍ നിന്നുള്ള ക്രോസില്‍ ലാലിയൻസുവാല ചാംഗ്തേ ഇന്ത്യയെ 1-1ന് സമനിലയിലേക്ക് നയിച്ചു.
രണ്ടാംപകുതിയുടെ തുടക്കം മുതല്‍ അടുത്ത ഗോളിനായി ഇന്ത്യ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അവസാന നിമിഷങ്ങളില്‍ ലഭിച്ച അവസരങ്ങള്‍ ഗോളിലേക്ക് വഴിതിരിച്ച് വിടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിയാതിരുന്നതോടെ മത്സരം എക്സ്ട്രാടൈമിലേക്ക് നീണ്ടു. അവിടേയും വലകുലുക്കാന്‍ ഇരു ടീമുകള്‍ക്കും കഴിയാതെ വന്നതോടെ ഫലത്തിനായി ഷൂട്ടൗട്ടിനെ ആശ്രയിക്കുകയായിരുന്നു.
കരുത്തരായ ലബനനെ കീഴടക്കി കഴിഞ്ഞമാസം ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിൽ മുത്തമിട്ട ഇന്ത്യ തോൽവിയറിയാതെ പത്ത് കളികൾ പൂർത്തിയാക്കിയിരിക്കുകയാണ്. ലോകറാങ്കിങിൽ ആദ്യ നൂറിലേക്ക് തിരിച്ചെത്തിയിരിക്കുകയുമാണ്. കുവൈത്തിന്റെ സാഫ് കപ്പ് അരങ്ങേറ്റമായിരുന്നു ഇത്തവണത്തേത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം