തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററും (ഡി എ സി) അമേരിക്കയിലെ അഡെല്‍ഫി സര്‍വകലാശാലയും ചേര്‍ന്ന് ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സമഗ്ര വിദ്യാഭ്യാസം വിഷയമാക്കി അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു. ഇത്തരത്തിലുള്ള കുട്ടികള്‍ കൗമാരത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകുന്ന ഘട്ടത്തിലേക്കുള്ള മാറ്റം സുഗമമാക്കുന്നതു സംബന്ധിച്ചു ചെയ്യേണ്ട കാര്യങ്ങളും അനുബന്ധ വിഷയങ്ങളുമാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. സമ്മേളനം കഴക്കൂട്ടം കിന്‍ഫ്ര ആന്‍ഡ് വീഡിയോ പാര്‍ക്കിലുള്ള ഡിഫറന്റ്റ് ആര്‍ട് സെന്ററില്‍ ജൂലൈ 5 മുതല്‍ 7 വരെ നടക്കും. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെയും സംസ്ഥാന സാമൂഹ്യ നീതിവകുപ്പിന്റെയും പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, ലോകമെമ്പാടുമുള്ള പണ്ഡിതന്മാര്, ഗവേഷകര്‍, അക്കാദമികതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍, പ്രൊഫഷണലുകള്‍ എന്നിവരും ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളും പങ്കെടുക്കും. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രായപൂര്‍ത്തിയിലേക്ക് നയിക്കുന്നതിന് എങ്ങനെ സഹായിക്കണം എന്നതിനെ കുറിച്ചുള്ള പ്രായോഗിക അനുഭവങ്ങളും ഗവേഷണ അറിവുകളും പങ്കുവയ്ക്കും എന്നതാണ് സമ്മേളനത്തിന്റെ പ്രാധാന്യം.
ന്യൂയോര്‍ക്കിലെ അഡെല്‍ഫി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ദ റൂത്ത് എസ്. അമോണ്‍ കോളജ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസിലെ സ്കൂള്‍ ഓഫ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ക്ലിനിക്കല്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സ്റ്റീഫന്‍ മാര്‍ക്ക് ഷോര്‍, യു.എസിലെ ഉഠാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. മാത്യൂ വാപ്പെറ്റ്, അഡെല്‍ഫി യൂണിവേഴ്സിറ്റിയിലെ ഡോ. സിവായോ ലെയി വാങ്, ഫ്രാന്‍സിലെ നാഷണല്‍ ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് ഫോര്‍ എഡ്യൂക്കേഷന്‍ ഓഫ് യങ് ഡിസേബിള്‍ഡ് പേഴ്സണ്‍സ് അന്‍ഡ് സ്പെഷ്യല്‍ എഡ്യൂക്കേഷനിലെ ( ഐ.എന്‍.എസ്.എച്ച്.ഇ.എ ) ഡോ. സോഫി സാക്കാ തുടങ്ങി നിരവധി പ്രമുഖരും അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്, യു.എ.ഇ, സൗദി അറേബ്യ, യു.കെ, ഇറ്റലി, ബംഗ്ലാദേശ്, അസര്ബൈജാന്, യുക്രൈന്, നേപ്പാള്‍, റഷ്യ, സൗത്ത് ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരും സമ്മേളനത്തില്‍ സംസാരിക്കും. അഡെല്‍ഫി സര്‍വകലാശാലയ്ക്കു പുറമേ അമേരിക്കയിലെ ഉഠാ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റി, ജപ്പാനിലെ സോഫിയ സര്‍വകലാശാല, യു.കെയിലെ കേംബ്രിഡ്ജ് സര്‍വകലാശാല, പാരീസിലെ ഐ.എന്‍.എസ്.എച്ച്.ഇ.എ എന്നിവരും സമ്മേളനത്തിന്റെ സംഘാടകരാണ്.
ഭിന്നശേഷിക്കാര്‍ പ്രായപൂര്‍ത്തിയിലേക്ക് കടക്കുന്ന ഹൈസ്കൂള്‍ തലം മുതല്‍ ഇവരെ സഹായിക്കുന്നതിനുള്ള പ്രായോഗികമായ കാര്യങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുകയും അത് വഴി രക്ഷിതാക്കള്‍, അധ്യാപകര്‍, ഭിന്നശേഷി മേഖലയിലുള്ള മറ്റ് പ്രൊഫഷണലുകള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഫലപ്രദമായി ഇവരെ സഹായിക്കാന്‍ വഴിയൊരുക്കുകയും ചെയ്യുകയാണ് സമ്മേളനത്തിന്റെ ഉദ്ദേശമെന്ന് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട് വ്യക്തമാക്കി. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍, മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കുന്നതിനുള്ള വൈദഗ്ധ്യം, തൊഴില്‍ നൈപുണ്യം, കോളേജ് വിദ്യാഭ്യാസം, തൊഴില്‍, ബന്ധങ്ങളും ലൈംഗികതയും, സാമൂഹ്യ- വൈകാരിക ക്ഷേമം, നിത്യജീവിതത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്നീ വിഷയങ്ങളെ കുറിച്ച് വിദഗ്ധര്‍ പ്രഭാഷണങ്ങള്‍ നടത്തും. ഗവേഷണ അടിസ്ഥാനത്തിനുള്ള പ്രായോഗിക കാര്യങ്ങളെയും മാതൃകകളെയും ആധാരമാക്കി വികസിപ്പിച്ചെടുത്തതും ലോകത്തിന്റെ പല ഭാഗങ്ങളിലും വിജയകരമായി നടപ്പാക്കിയതുമായ കാര്യങ്ങള്‍ സമ്മേളനത്തില്‍ പങ്കുവയ്ക്കുകയും ചെയ്യും.
ഭിന്നശേഷി വിദഗ്ധര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുമായി സംസാരിക്കാനും ചര്‍ച്ച നടത്താനും അവസരമുണ്ടാകും. ഒപ്പം ഭിന്നശേഷിക്കാര്‍ പ്രായപൂര്‍ത്തിയിലേക്ക് കടക്കുന്ന കാലയളവില്‍ അവരെ സഹായിക്കുന്നതിനുള്ള ഏറ്റവും മികച്ച പരിശീലനങ്ങള്‍ മാതാപിതാക്കള്‍ക്ക് മനസ്സിലാക്കുന്നതിനും ഉള്ള വേദിയായി സമ്മേളനം മാറും. സമ്മേളനത്തില്‍, ഭിന്നശേഷിക്കാര്‍ കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്ക് കടക്കുമ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍, അവയ്ക്കുളള്ള പരിഹാരം എന്നിവയും മുന്നോട്ടുവയ്ക്കും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരായ ഗവേഷകരും അധ്യാപകരും സമ്മേളനത്തില്‍ പങ്കാളികളാകും. വിദേശത്ത് നിന്നുള്ള വിദഗ്ധര്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പുറമേ കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍, പ്രൊഫഷണലുകള്‍, മാതാപിതാക്കള്‍ എന്നിവരും മൂന്ന് ദിവസത്തെ പരിപാടിയുടെ ഭാഗമാകും. കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതിവകുപ്പിന് കീഴില്‍ ഭിന്നശേഷി മേഖലയ്ക്കായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ പ്രത്യേക വിഭാഗവും കോണ്‍ഫറന്‍സിലുണ്ടാകും. കൂടാതെ പോസ്റ്റര്‍ പ്രദര്‍ശനം, ഭിന്നശേഷി സംബന്ധമായ നിരവധി സ്റ്റാളുകള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
Read more:ചമ്പക്കുളം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു; അപകടത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചു
ജൂലൈ 5ന് രാവിലെ 10ന് ആരംഭിക്കുന്ന കോണ്‍ഫറന്‍സ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര് ബിന്ദു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോണ്‍ഫറന്‍സ് ഹാന്‍ഡ് ബുക്കിന്റെ പ്രകാശനം ഗവര്‍ണര്‍ കടകംപള്ളി സുരേന്ദ്രന് കൈമാറി നിര്‍വഹിക്കും. മാനസികാരോഗ്യ വിദഗ്ദ്ധനും ചലച്ചിത്രതാരവുമായ മോഹന്‍ അഗാഷെ മുഖ്യാതിഥിയാവും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതം പറയും. ജൂലൈ 7 വൈകുന്നേരം 4ന് നടക്കുന്ന സമാപന പരിപാടി കേരള ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകനും മാജിക് അക്കാദമിയുടെ രക്ഷാധികാരിയുമായ അടൂര്‍ ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ക്കുള്ള അവാര്‍ഡ് വിതരണം നടക്കും.
ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് നല്കിയ വിലപ്പെട്ട സംഭാവനകളെ മുന്‍നിര്‍ത്തി ‘ദി ഇന്‍വിസിബിള്‍ മെജോറിറ്റി – ഇന്ത്യാസ് ഏബിള്‍ഡ് ഡിസേബിള്‍ഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവായ വി ആര് ഫിറോസിന് ആദ്യ ഡി.എ.സി ബെനവലന്‍സ് പുരസ്കാരം സമ്മാനിക്കും. കാലിഫോര്‍ണിയയിലെ എഞ്ചിനീയറിംഗ് എസ്.എ.പി അക്കാദമിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും തലവനുമായ ഫിറോസിന് ജൂലൈ 5 ന് വൈകുന്നേരം 5.30 ന് സാമൂഹ്യനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്.ബിന്ദു അവാര്‍ഡ് സമ്മാനിക്കും. കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷനാകും.
കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടക്കുന്ന സമ്മേളനത്തില്‍ ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിയവയെ കുറിച്ച് വിശദമായി മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് ഒരുക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം