പതിനേഴുകാരനെ പൊലീസ് വെടിവെച്ചു കൊന്നതിന് പിന്നാലെ ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം വ്യാപിക്കുന്നു. കൊല്ലപ്പെട്ട നഹേലിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് മുന്‍പ് ആയിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പ്രതിഷേധക്കാരെ നേരിടാനായി പാരിസില്‍ 45,000 പൊലീസുകാരെ നിയോഗിച്ചു.
ശനിയാഴ്ച രാവിലെയാണ് നഹേലിന്റെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 79പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
1,350 വാഹനങ്ങളും 234 കെട്ടിടങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നാലു ദിവസമായി ഫ്രാന്‍സില്‍ പ്രതിഷേധം അയവില്ലാതെ തുടരുകയാണ്. പ്രതിഷേധത്തിന്റെ മറവില്‍ വ്യാപകമായ മോഷണങ്ങളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ട് നിര്‍ത്താതെ പോയ പതിനേഴുകാരനായ ഡെലിവെറി ബോയിയെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. പതിനേഴുകാരന് പൊലീസുകാര്‍ക്ക് നേരെ കാര്‍ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തത് എന്നാണ് പൊലീസ് വിശദീകരണം.
നിര്‍ത്തിയിട്ട കാറിന് നേര്‍ക്ക് ചൂണ്ടി ‘ നിന്റെ തലയില്‍ ബുള്ളറ്റ് കയാറന് പോവുകയാണ്’ എന്ന് പൊലീസുകാരന് പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. കാര്‍ പെട്ടേന്ന് മുന്നോട്ടെടുക്കയും പൊലീസുകാരന് വെടിയുതിര്‍ക്കുന്നതും വീഡിയോയില്‍ കാണാം.
വിഷയം പുറത്തറിഞ്ഞതിന് പിന്നാലെ, പാരീസ് നഗരത്തില്‍ പ്രതിഷേധം കത്തി പടരുകയായിരുന്നു. കൗമാരക്കാരനെ പൊലീസ് വെടിവെച്ച് കൊന്നത് അംഗീകരിക്കാനാവാത്തതും പൊറുക്കാന്‍ കഴിയാത്തതുമായ തെറ്റാണെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചിരുന്നു. പ്രതിഷേധക്കാര്‍ അക്രമത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം