ഇംഫാൽ: മണിപ്പുരിൽ വെടിവയ്പ്പിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. കാങ്പൊക്പി ജില്ലയിൽ സൈന്യവും കലാപകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരാൾ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനം തെരുവിൽ ഇറങ്ങിയതോടെ മണിപ്പുരിൽ വൻ സംഘർഷം.
വൈകിട്ട് ഏഴു മണിയോടെ ഇംഫാൽ നഗരത്തിലാണ് വൻസംഘർഷമുണ്ടായത്. കാങ്പോക്പിയിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ഇംഫാൽ മാർക്കറ്റ് ഏരിയയിലെത്തിയ ആയിരത്തിലധികം വരുന്ന മെയ്തെയ് ജനക്കൂട്ടം കലാപം സൃഷ്ടിച്ചതിനെത്തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. റോഡുകളും മറ്റും ടയറുകൾ കൂട്ടിയിട്ട് തീയിട്ട് തടഞ്ഞിരിക്കുകയാണ്. ഇതിനിടെ വൈകീട്ട് നാല് മണിയോടെ ഹരോതെൽ ഗ്രാമത്തിൽ വീണ്ടും വെടിവയ്പ്പുണ്ടായി.
കുക്കികളുടെ ഗ്രാമമായ ഹരോതെലിൽ ആക്രമണമുണ്ടായതോടെ ഇന്ന് രാവിലെ 5.30നാണ് സൈന്യം ഇവിടെ എത്തിയത്. സൈന്യത്തിനുനേരെ ആയുധധാരികൾ വെടിവയ്ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. വെടിവയ്പ്പ് രൂക്ഷമായതോടെ കൂടുതൽ സൈന്യം സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. രാവിലെ 9 മണിവരെ ഏറ്റുമുട്ടൽ തുടർന്നു. മെയ്തെയ് വിഭാഗത്തിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരുക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു.
അതേ സമയം, കലാപബാധിത പ്രദേശങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശനം നടത്തുകയാണ്. രാഹുൽ ഗാന്ധി ചുരാചന്ദ്പുരിലെ ദുരിതാശ്വാസ ക്യാംപിലെത്തി. രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞതിനെത്തുടർന്ന് സംഘർഷമുണ്ടായിരുന്നു. ആകാശത്തേക്ക് വെടിവച്ച പൊലീസ്, കണ്ണീർവാതകവും പ്രയോഗിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് ഇംഫാലിൽ നിന്ന് ഹെലികോപ്ടറിലാണ് രാഹുൽ ചുരാചന്ദ്പുരിലെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം