ജൂണിലെ ചുട്ടുപൊള്ളുന്ന രാത്രിയിൽ, ഭഗവാൻ ഘുക്സെ ഒരു ഞെട്ടലോടെ ഉണർന്നു.. തന്റെ ജീവനുവേണ്ടി ഓടാൻ തീരുമാനിച്ചു. മരണമല്ലാതെ മറ്റൊന്നും മുന്നിലില്ലെന്ന് അയാള്‍ക്ക് അറിയാമായിരുന്നു . എങ്കിലും ഒരു അവസാന ശ്രമം. വീർത്ത കണ്ണുകളും കാലിലെ കുഴിഞ്ഞ മുറിവുകളുമായി അവസാന ശ്രമം. അയാള്‍ രക്ഷപ്പെട്ടു. പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് അവകാശപ്പെടുന്ന മനുഷ്യാവകാശങ്ങള്‍ക്കായി ഏത് ലോക വേദിയിലും ഘോരഘോരം വാദിക്കുന്ന ഇന്ത്യയെന്ന മഹാരാജ്യത്തെ ചില നേര്‍ക്കാഴ്ചകളെ കുറിച്ചാണ്. സമൂഹത്തിന്റെ തെളിഞ്ഞ പ്രതലങ്ങള്ക്കടിത്തട്ടില് കലങ്ങിപ്പായുന്ന ഒഴുക്കിനെ കുറിച്ചാണ്. അടിമകളുടെ ലോകത്തെ കുറിച്ചാണ്. നരകത്തിന്റെ അങ്ങേത്തലക്കല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ലോകം.
അടിമകള്‍ എന്ന് വിളിക്കപ്പെടുന്ന ഒരു വിഭാഗം ജനതയെ നമ്മളില്‍ എത്രപേര്‍ക്കറിയാം. ഒരു പക്ഷെ സിനിമകളിലും വായനകളിലും മാത്രം പരിചമുള്ളവര്‍. നിവൃത്തികേടിന്റെ അങ്ങേയറ്റമായ ജീവിതക്കാഴ്ചകള്‍. പക്ഷെ യാഥാര്‍ത്ഥ്യം അതിന്റെ നൂറുമടങ്ങ് ദുരിതപൂര്‍ണ്ണമെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് ഇന്ത്യയില്‍ നിന്നുള്ള ഭഗവാൻ ഘുക്സെ അടക്കമുള്ളവര്‍.
ആടുജീവിതങ്ങള്‍;-
ഇനി മഹാരാഷ്ട്രയിലെ മഹാരാഷ്ട്രയിലെ ഉസ്മാനബാദ് ജില്ലയിൽ നിന്നുള്ള കാഴ്ചയിലേക്ക്. ചില കരാറുകാർ കിണർ കുഴിക്കാൻ തൊഴിലാളികളെ വാടകയ്ക്കെടുക്കുന്നു. അങ്ങനെ കരാര്‍ അടിസ്ഥാനത്തില്‍ കിണര്‍ കുഴിക്കുന്ന ജോലിക്കായിഎത്തിയതാണ് ഭഗവാൻ ഘുക്സെ. അയാളോടൊപ്പം മറ്റ് ആറുപേര്‍ കൂടി അവിടെ ഒപ്പമുണ്ടായിരുന്നു. ദിവസങ്ങള്‍ കടക്കവേ അവര്‍ക്കു മനസിലായി പറഞ്ഞറിവില്‍ മാത്രമുള്ള അടിമകളേക്കാള്‍ ഗതികെട്ടതാണ് തങ്ങളുടെ ജീവിതമെന്ന്. മരണം മാത്രം മോചനം നല്കുന്ന തടവിലാണെന്ന്.
ദിവസവും 12 മുതൽ 14 മണിക്കൂർ വരെയാണ് ജോലിസമയം. അതിനുശേഷം ഇവരെ ചങ്ങലയില്‍ ബന്ധിക്കുകയാണ്. തുടര്‍ന്ന് പിന്നീട് കടുത്ത പീഡനങ്ങള്‍. മയക്കുമരുന്ന് നൽകി ഭക്ഷണമോ വെള്ളമോ ഇല്ലാതെ മണിക്കൂറുകളോളം ശാരീരിക അധ്വാനം ചെയ്യിക്കുന്നു. രാത്രി തൊഴിലാളികൾക്ക് രക്ഷപ്പെടാൻ കഴിയാത്തവിധം ട്രാക്ടറുകളിൽ ചങ്ങലയിൽ ബന്ധിക്കും. വേദനയും, വിശപ്പും, ക്ഷീണവുമൊക്കെയായി ഉറങ്ങാന്‍ കഴിയാതെ വരുമ്പോള്‍ ഏതൊക്കെയോ ആളുകള്‍ എത്തി വടികൊണ്ട് തലങ്ങും വിലങ്ങും അടി. പിന്നീട് വിലകുറഞ്ഞ മദ്യവും മയക്കുമരുന്നും കുടിപ്പിച്ച് ബലം പ്രയോഗിച്ച് മയക്കും. കുഴിച്ച കിണറുകൾക്കുള്ളിൽ തന്നെയായിരുന്നു മലമൂത്ര വിസര്‍ജ്ജനവും. ജോലി പൂർത്തിയാക്കിയ ശേഷം വിസര്‍ജ്ജ്യം വാരിക്കളയണം. ഇവരിൽ ഭൂരിഭാഗം പേരുടെയും കണ്ണുകളിലും കാലുകളിലും കുമിളകളും ആഴത്തിലുള്ള മുറിവുകളും ഉണ്ടായി. താങ്ങാനാകാത്ത ജോലി, മര്‍ദ്ദനം എങ്ങനെ രക്ഷപ്പെടണമെന്ന് ചിന്തിക്കാനുള്ള ശേഷി പോലും അവര്‍ക്കുണ്ടായിരുന്നില്ല. ദിവസങ്ങള്‍ ഏതെന്ന് പോലും തിരിച്ചറിയാനാകാത്ത അവസ്ഥ.
ജൂൺ 15ഓ 16ഓ എന്ന് കൃത്യമായി ഖുക്സെയ്ക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. ഒടുവില്‍ രക്ഷപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുട്ടിന്റെ മറവില്‍ കാലിലെ ചങ്ങലയുടെ ചെറിയ പൂട്ട് പൊട്ടിക്കാനുള്ള ശ്രമം നടത്തി. പരാജയപ്പെട്ടപ്പോള്‍ പിന്നീട് ഒരു വിരല്‍ കൊളുത്തില്‍ കടത്തി അത് വളയ്ക്കാനുള്ള ശ്രമമായി . മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കൊളുത്തുകള്‍ അകറ്റി. കോമ്പൌണ്ടില്‍ നിന്ന് പുറത്തിറങ്ങി മുന്നില്‍ കണ്ട കരിമ്പിന് തോട്ടത്തിലൂടെ ജീവന് പറപ്പിച്ച ഓട്ടം.. ഏതോ റെയില്‍വേ ട്രാക്കില്കയറി. ഇന്നും സ്വപ്നമാണോയെന്ന് താന്‍ ആലോചിക്കുന്നുവെന്ന് ഭഗവാന് ഘുക്സെ ഭീതിയോടെ പറയുന്നു. ഘുക്സെ തന്റെ ഗ്രാമത്തിലെത്തി പീഡനത്തെക്കുറിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. അതേ കരാറുകാർ നടത്തുന്ന രണ്ട് വ്യത്യസ്ത കിണറുകളിൽ നിന്ന് മറ്റ് 11 തൊഴിലാളികളെയാണ് അയാളുടെ വീണ്ടെടുത്ത ആത്മധൈര്യം രക്ഷിച്ചത്. തൊഴിലാളികളെ കണ്ടെത്തിയ സാഹചര്യം അതിഭീകരം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞത്.
ഒസ്മാനാബാദിനടുത്തുള്ള അഹമ്മദ്നഗർ പട്ടണത്തിൽ ജോലിതേടി നിരവധി തൊഴിലാളികളാണ് എത്തപ്പെടുന്നത്. ഇവരാണ് ഇത്തരം ലോബികളുടെ കൈയ്യില്‍ പെടുന്നതും. കരാര്‍ എന്ന രീതിയില്‍ ആദ്യം സമീപിക്കും. കിണര്‍ കുഴിക്കുന്നതിന് മൂന്ന് നേരം ഭക്ഷണത്തോടൊപ്പം 500 രൂപയെന്ന മോഹന വാഗ്ദ്ദാനത്തില്‍ അവര്‍ വീഴുകയാണ്. പിന്നീട് ഏജന്റുമാര്‍ വിവിധ സ്ഥലങ്ങളിലേക്ക് ഇവരെ മാറ്റുന്നു. ജോലിചെയ്യുന്ന സ്ഥലത്തെത്തിക്കുന്നതും ഏജന്റുമാരുടെ വിധം മാറുന്നു. ഫോണുകളും ഔദ്യോഗിക രേഖകളും കരാറുകാരുടെ സാന്നിധ്യത്തില്‍ തട്ടിയെടുക്കുന്നു. രണ്ടോ മൂന്നോ മാസത്തോളം അവരെ ഇത്രയും ഭയാനകമായ അവസ്ഥയിൽ പാർപ്പിച്ച ശേഷം, പ്രതികൾ ഒരു പൈസ പോലും നൽകാതെ ആളുകളെ വിട്ടയക്കും .ഇതിനിടയ്ക്ക് ജീവന് കിട്ടിയാല്‍ ഭാഗ്യം. കാണാതായവരെ കുറിച്ച് പരാതി നല്‍കിയിട്ടും ഒരന്വേഷണവും നടക്കുന്നില്ലെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു.
രക്ഷപ്പെട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെയുണ്ടായ ആഘാതത്തിൽ നിന്ന് കരകയറാൻ കഴിഞ്ഞിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. പലരും തങ്ങളുടെ ജീവിതം ആദ്യം മുതല്‍ തുടങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പീഡനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തങ്ങൾ നിരാശയിലേക്ക് വഴുതിവീഴുന്നതായി അവര്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം