കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കള്ളക്കേസിൽ സംസ്ഥാനത്ത് ഒട്ടാകെ പ്രതിഷേധം ശക്തമാകുന്നു. മുഴുവൻ ജില്ലകളിലും കഴിഞ്ഞ മണിക്കൂറുകളിൽ കടുത്ത പ്രതിഷേധമാണ് നടന്നത്. പ്രവർത്തകർ മണ്ഡലം തലങ്ങളിൽ പോലും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ചിലയിടങ്ങളിൽ പ്രവർത്തകർ റോഡുകൾ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ്, കെഎസ്യു, മഹിളാ കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിലും പലയിടങ്ങളിലും പ്രതിഷേധം നടന്നു.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കൊച്ചിയിൽ എംജി റോഡ് ഉപരോധിച്ചു. പറവൂരില്‍ പന്തംകൊളുത്തി പ്രകടനം നടന്നു. കളമശേരിയിലും റോഡ് ഉപരോധിച്ചു. കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ പ്ലാസ ജംക്ഷനിൽ റോഡ് ഉപരോധിച്ചു.
Read more: പുരാവസ്തു തട്ടിപ്പ്; കെ സുധാകരന് അറസ്റ്റില്‍
തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ പ്രകടനമായി വന്ന പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. വയനാട് കല്പറ്റയിലും റോഡ് ഉപരോധമുണ്ടായി. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനമാകെ കരിദിനം ആചരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
അതേസമയം, കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് പറഞ്ഞു. നാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ജില്ലകളിലും ബൂത്തുതലം വരെയുള്ള പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തും. പ്രകടനങ്ങളില്‍ പ്രവര്‍ത്തകര്‍ പരമാവധി സംയമനം പാലിക്കണമെന്നും ടി.യു.രാധാകൃഷ്ണന് പറഞ്ഞു.
മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസിലാണ് സുധാകരൻ അറസ്റ്റിലായത്. കോടതി നിർദേശമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഏഴര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം