കൊച്ചി: പുരാവസ്തു തട്ടിപ്പിലെ പണമിടപാട് കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. സെക്രട്ടറിയേറ്റിലേക്ക് ഉടൻ മാർച്ച് നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഇന്നും നാളെയും കേരളത്തിലുടനീളം കോണ്ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. അറസ്റ്റിനെതിരെ കരിദിനമാചരിക്കുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
തന്നെ ശിക്ഷിക്കാൻ മാത്രമുള്ള തെളിവുകളൊന്നും ക്രൈംബ്രാഞ്ചിന്റെ പക്കലില്ലെന്ന് വ്യക്തമായെന്ന് സുധാകരൻ പറഞ്ഞു.
ഏത് പ്രശ്നങ്ങളെയും നേരിടാൻ തയാറാണെന്നും ഒരിടത്തും പോയി ഒളിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി. കേസിനെപ്പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല. കേസ് കോടതിയിൽ വരട്ടെ; പോലീസിന് കൊടുത്ത മൊഴി പരസ്യമാക്കില്ല.
Read more: പുരാവസ്തു തട്ടിപ്പ്; കെ സുധാകരന് അറസ്റ്റില്
മോൻസൻ മാവുങ്കലിനെ താൻ നേരത്തെ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അയാളുടെ സാംസ്കാരിക നിലവാരം വളരെ മോശമാണെന്ന് തെളിഞ്ഞതാണ്. ജീവിതാവസാനം വരെ അയാൾക്ക് തടവുകിട്ടിയതാണ്. അതിനാൽ കൂടുതൽ പറയുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കെപിസിസി പ്രസിഡന്റിനെതിരെ സിപിഎം പാർട്ടി സെക്രട്ടറി നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇത് മുൻകൂട്ടി കണ്ടാണ് കോൺഗ്രസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചതെന്നും അദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടാണ് മുൻകൂർ ജാമ്യം അനുവദിച്ചതെന്നും നേതാക്കൾ പറഞ്ഞു. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തു.
അറസ്റ്റ് പ്രതിഷേധാർഹമാണ്. കേരളത്തിലെ കോൺഗ്രസിന്റെ കരുത്ത് ഇല്ലാതാക്കാനുള്ള സിപിഎം രാഷ്ട്രീയതന്ത്രമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
എട്ട് മണിക്കൂർ നീണ്ടുനിന്ന ചോദ്യംചെയ്യലിനൊടുവിലാണ് ക്രൈംബ്രാഞ്ച് സംഘം സുധാകരനെ അറസ്റ്റ് ചെയ്തത്. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുള്ളതിനാൽ 50,000 രൂപ ബോണ്ടിലും രണ്ട് ആള് ജാമ്യത്തിലും സുധാകരനെ വിട്ടയയ്ക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം