വിശാഖപട്ടണം: പ്രായപൂർത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടുന്ന സന്യാസിക്കെതിരെ വീണ്ടും പീഡന പരാതിയുമായി പെൺകുട്ടി. സ്വാമി പൂർണാനന്ദയ്ക്കെതിരെയാണ് പെണ്‍കുട്ടി ആന്ധ്രാപ്രദേശിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ‘ദിശ’യില്‍ പരാത നൽകിയിരിക്കുന്നത്. വിശാഖപട്ടണത്തെ ഒരു ആശ്രമത്തിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പൂർണാനന്ദയ്ക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. 2016 മുതൽ ആശ്രമത്തിൽ താമസിക്കുന്ന പെൺകുട്ടിയെ ജൂൺ 13 ന് കാണാതായിരുന്നു.
സ്വാമി പൂർണാനന്ദ ആശ്രമത്തിൽ വച്ച് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വിവേകാനന്ദൻ പറഞ്ഞതായി എൻഡിറ്റിവി റിപ്പോർട്ട് ചെയ്തിരിക്കുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പെണ്‍കുട്ടി ദിശയിൽ മൊഴി നൽകിയിരിക്കുന്നത്. ആശ്രമത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.
2012ൽ ഇതേ സന്ന്യാസിക്കെതിരെ പ്രായപൂർത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടി പീഡന പരാതി നല്‍കിയിരുന്നു. ഈ കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. സന്ന്യാസിക്കെതിരെ ബലാത്സംഗക്കേസിൽ വിചാരണ നടക്കുമ്പോൾ എങ്ങനെയാണ് ആശ്രമത്തിൽ പെണ്‍കുട്ടികൾ ഉണ്ടായതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. ആശ്രമത്തിൽ കുട്ടികളെ താമസിപ്പിക്കാൻ ലൈസൻസ് ഉണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. പന്ത്രണ്ട് കുട്ടികളാണ് പൂർണാനന്ദയുടെ ആശ്രമത്തിൽ താമസിച്ച് വന്നിരുന്നത്. ഇവരിൽ നാലുപേർ പെൺകുട്ടികളാണ്.
64 വയസ്സുള്ള അവിവാഹിതനായ സ്വാമി പൂർണാനന്ദ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളയാളാണ്. രണ്ട് വിഷയങ്ങളിൽ മാസ്റ്റർ ബിരുദവും, ബി.എഡ്, നിയമ ബിരുദങ്ങളും ഉള്ളയാളാണ് പൂർണാനന്ദയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ നേരത്തെയും പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്തതായി പരാതികളുണ്ട്. പൂർണാനന്ദക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റർ ചെയ്തിരുന്നു. ഭൂമി തർക്കങ്ങളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പൂർണാനന്ദയുടെ ആശ്രമം നിലനിൽക്കുന്ന 9.5 ഏക്കർ ഭൂമിയും തർക്കത്തിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം