രത്നങ്ങളുടെ നാട്… മണിപ്പൂർ. വിശേഷണം പോലെ തന്നെ ഇന്ത്യയെന്ന മഹാ രാജ്യത്തിന് രത്നമായി തീരേണ്ട നാട് … പർവ്വത നിരകളാൽ ചുറ്റപ്പെട്ട താഴ്വര..ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാമടക്കം വ്യത്യസ്ഥ മത വിശ്വാസങ്ങളും സനാമഹി പോലുള്ള തദ്ദേശീയ മതപാരമ്പര്യങ്ങളും പിന്തുടരുന്ന 39 വംശീയ സമൂഹങ്ങളുടെ ആവാസ കേന്ദ്രം. 1949-ൽ മണിപ്പൂർ അടക്കം വടക്ക് കിഴക്കൻ മേഖലകൾ സ്വതന്ത്ര ഇൻഡ്യയുടെ ഭാഗമാക്കി കൂട്ടിച്ചേർത്തപ്പോൾ മുതൽ ഉയർന്നതാണ് ഇന്ദ്രപ്രസ്ഥവും ഈ മേഖലകളുമായുള്ള വിയോജിപ്പുകളും അസ്വാരസ്യങ്ങളും … ഇതു തന്നെയാണ് ഈ മേഖലയിൽ വിഘടനവാദ – നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് വിത്ത് വിതച്ചതെന്ന് പറയാം..
സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം പിച്ചവച്ചു മാത്രം തുടങ്ങിയ ഇന്ത്യയിൽ വിഘടിച്ചു നിന്ന വേറിട്ട സ്വരങ്ങൾ വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ പോന്നവയായിരുന്നു.
ഈ ചെറുത്തുനിൽപ്പിനെ ശമിപ്പിക്കാൻ ഇന്ത്യൻ ഗവൺമെന്റ് 1958-ൽ വിവാദമായ Armed Force Special Powers Act അഥവാ അഫ്സ്പ എന്ന ചുരുക്കപ്പേരിൽ വ്യാപകമായി അറിയപ്പെടുന്ന സായുധ സേനയുടെ പ്രത്യേക അധികാര നിയമം ചുമത്തി. പ്രക്ഷുബ്ധ മേഖലകളിൽ പൊതു ക്രമം നിലനിർത്താൻ സൈനിക, അർദ്ധസൈനിക വിഭാഗങ്ങൾക്ക് വിശാലമായ അധികാരങ്ങൾ നൽകി.
നിയമം പ്രാബല്യത്തിൽ വന്നതോടെ മനുഷ്യാവകാശ സംഘടനകളുടെ വലിയ എതിർപ്പുകൾക്ക് വഴിവെച്ചു. കലാപ ബാധിത പ്രദേശങ്ങളിൽ ഇത്തരമൊരു നിയമം ആവശ്യമാണെന്ന കേന്ദ്ര സർക്കാരിന്റെ വാദം മണിപ്പൂർ സംസ്ഥാനവുമായുള്ള വിശ്വാസക്കുറവിന്റെ വിള്ളൽ വർദ്ധിപ്പിച്ചു. മണിപ്പൂർ അടക്കമുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വിഘടന വാദ പ്രസ്ഥാനങ്ങൾക്കുള്ള വിദേശ പിന്തുണ കേന്ദ്രം ഭരിക്കുന്ന സർക്കാരുകളെ എന്നും അലോസരപ്പെടുത്തിയിരുന്നു.
ഇന്ന് ഈ മേഖലയിൽ വിവിധ വംശീയ സാമുദായിക ജനവിഭാഗങ്ങൾ അവകാശ വാദങ്ങൾ ഉന്നയിക്കുമ്പോൾ ആ അവകാശ വാദങ്ങളെ പ്രതിരോധിക്കാൻ സായുധ വിമത ഗ്രൂപ്പുകളും രംഗത്തുണ്ട്. നാല് താഴ്വര കേന്ദ്രീകരിച്ച് നാഗ ഗ്രൂപ്പുകളും 30 ഓളം കുക്കി സായുധ വിമത സംഘടനകളും അടക്കം 60 ഓളം സായുധ സംഘങ്ങൾ സജീവമാണ്..
അസ്ഥിരത അടിത്തറയിളക്കി
അസ്ഥിരത നിലനിൽക്കുന്നിടത്ത് അരാജകത്വം നടമാടുമെന്നത് പ്രകൃതി നിയമമാണ്. മണിപ്പൂർ എന്ന സുന്ദര ഭൂമി മയക്കുമരുന്നിന്റെയും മനുഷ്യക്കടത്തിന്റെയും ആയുധക്കളികളുടെയും വിഹാരകേന്ദ്രമായി മാറിയതിൽ അത്ഭുതമില്ല. രാഷ്ട്രീയ കോമരങ്ങൾ പ്രക്ഷുബ്ദമായ സാഹചര്യം മുതലെടുത്തുവെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. വിവിധ മേഖലകളിൽ സ്വാധീനം ഉറപ്പിക്കുന്നതിന് രാഷ്ട്രിയ പാർട്ടികളും തിരിച്ച് തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സായുധ ഗ്രൂപ്പുകളും പരസ്പരം ആശ്രയിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങി.
സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ സായുധ സംഘങ്ങൾ പലപ്പോഴും സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നു. 2022 ൽ, രണ്ട് കുക്കി വിമത ഗ്രൂപ്പുകൾ ബിജെപിക്ക് പിന്തുണ നൽകി രംഗത്ത് വന്നു. 2019 ൽ .പാർട്ടി ടിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് സായുധ വിഭാഗങ്ങൾ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്ത് ഈ സായുധ വിഭാഗങ്ങള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വിവാദമാക്കി.
തോക്കിന് മുനയിലെ ജനാധിപത്യം
മണിപ്പൂരിലെ ഭൂരിഭാഗം ജനവിഭാഗമായ മെയ്തേയ് സമുദായത്തിന് പട്ടികവർഗ പദവി പരിഗണിക്കണമെന്ന് മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഏറ്റവും പുതിയ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. മെയ്തേയ് വിഭാഗത്തിന് സര്ക്കരിലെ സംവരണ സീറ്റുകള്‍ അടക്കമുള്ള ആനുകൂല്യങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതാണ് ഹൈക്കോടതി ഉത്തരവ്. മെയ്തേയ് സമുദായം ഈ പദവി ഏറെകാലമായി ആവശ്യപ്പെട്ടിരുന്നതാണ്.
പക്ഷെ ഇത്തരമൊരു നീക്കം വംശീയ വിഭജനം വർദ്ധിപ്പിക്കുമെന്ന ശക്തമായ ആശങ്കകൾ ശക്തമായിരുന്നു. പ്രത്യേകിച്ച് കുക്കി, നാഗ തദ്ദേശീയ സമൂഹങ്ങൾക്കിടയില്‍. കോടതി ഉത്തരവിന് തൊട്ടുപിന്നാലെ, കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് മെയ് 3 ന് മണിപ്പൂരിലെ ഓൾ-ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ പ്രതിഷേധറാലി നടത്തി. അന്നുതന്നെ
മെയ്തെയ്കള്‍ ആംഗ്ലോ-കുക്കി വാർ മെമ്മോറിയൽ ഗേറ്റ് കത്തിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രതികാരമായി ചുരാചൻപൂരിലെ മൈതേയ് സമുദായങ്ങൾ താമസിക്കുന്ന നിരവധി ഗ്രാമങ്ങൾ കുകികള്‍ കത്തിച്ചു. തിരിച്ചു ഇംഫാല്‍ താഴ്വരകളിലെ കുകി അധീന മേഖലകളില്‍ മെയ്തേയ് വിഭാഗവും കടുത്ത ആക്രമണങ്ങള്‍ നടത്തി.
മണിപ്പൂരിലെ ഏറ്റവും ഒടുവിലത്തെ സംഘര്‍ഷങ്ങള്‍ക്കുള്ള കാരണമായി ഈ ഹൈക്കോടതി ഉത്തരവ് കാണാമെങ്കിലും
തദ്ദേശീയ സമൂഹങ്ങൾക്കിടയിലെ അസ്വാരസ്യങ്ങൾക്കും സംഘർഷങ്ങൾക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് . നിലവിലെ സംസ്ഥാന സർക്കാർ ഭൂമി അവകാശ തർക്ക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത്, തലസ്ഥാന താഴ്വരയ്ക്ക് ചുറ്റുമുള്ള മലയോരങ്ങളിൽ താമസിക്കുന്ന കുക്കി സമുദായങ്ങളെ ലക്ഷ്യമിട്ടായിരുന്നു. മലയോര മേഖലയിലെ സംരക്ഷിത വനങ്ങൾ സർവേ ചെയ്യാനെന്ന പേരിൽ കുക്കി ഗ്രാമങ്ങളെ കുടിയൊഴിപ്പിക്കുയായിരുന്നു സർക്കാർ.
തദ്ദേശീയ സമൂഹങ്ങൾ തമ്മിലുള്ള ഭൂമി അസന്തുലിതാവസ്ഥയാണ് മറ്റൊരു തർക്ക വിഷയം. മുമ്പ് സൂചിപ്പിച്ച തലസ്ഥാന താഴ്വരക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ മെയ്തികൾക്ക് ഭൂമി വാങ്ങാൻ അനുമതി ഉണ്ടായിരുന്നില്ല. അതേ സമയം കുക്കികൾക്കും ആദിവാസി സമൂഹങ്ങൾക്കും താഴ്വരയിൽ ഭൂമി വാങ്ങാൻ അനുവാദമുണ്ടായിരുന്നു.
2021-ൽ അയൽ രാജ്യമായ മ്യാൻമറിൽ സൈനിക അട്ടിമറിയെ തുടർന്നുള്ള അഭയാർത്ഥി പ്രവാഹം – പ്രത്യേകിച്ച് കുക്കികളുമായി ശക്തമായ ബന്ധമുള്ള സാഗിംഗ് മേഖലയിൽ നിന്നുള്ളവർ – മെയ്തേയ് തദ്ദേശീയ സമൂഹത്തിന് കൂടുതൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. തോക്കും മയക്കുമരുന്നും രാഷ്ട്രീയവും നിയന്ത്രിക്കുന്നവർ സംഘർഷങ്ങൾക്ക് വഴി മരുന്നിട്ടപ്പോൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് സ്ത്രീകളും കുട്ടികളുമാണ്.. പക്ഷെ വംശീയ സമുദായങ്ങളുടെ സ്വത്വങ്ങൾ ചിലർ ആയുധങ്ങളാക്കുകയാണ്.
സംഘർഷത്തിന്റെ പരിണാമം
മണിപ്പൂർ വാർത്തകളിലും ദൃശ്യങ്ങളിലും നിറയുന്നത് യുദ്ധഭൂമിയായി തന്നെയാണ്. തീവ്രവാദികൾ നിറയുന്ന തെരു വീഥികൾ.. പ്രതിരോധത്തിനും അതിജീവനത്തിനും ആയുധമെടുക്കേണ്ടിവരുന്ന ഗ്രാമവാസികൾ .. ഭരണകൂടത്തിലും സുരക്ഷയിലും വിശ്വാസo തകർന്ന പൗരന്മാരുടെ നേർക്കാഴ്ചയാണ് മണിപ്പൂരിൽ . സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്, ഭക്ഷണവും മരുന്നും അവശ്യസാധനങ്ങളും കൊണ്ടുപോകുന്ന ട്രക്കുകൾ അതിർത്തികളിൽ കുടുങ്ങിക്കി കുടുങ്ങിക്കിടക്കുന്നു.
ഇന്ത്യൻ ഭരണകൂടത്തിന്റെ പ്രതികരണം.
അക്രമം പൊട്ടിപ്പുറപ്പെട്ട സമയത്ത് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രദ്ധേയമായ മൗനം ഉണ്ടായിരുന്നു. പ്രതിപക്ഷ പാർട്ടികളിൽ നിന്ന് വലിയ വിമർശനമാണ് സർക്കാരിന്റെ ഈ മൗനം ക്ഷണിച്ചു വരുത്തിയത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയ ലാഭ ലക്ഷ്യത്തോടെ, കേന്ദ്ര സർക്കാർ ഈ നിശബ്ദത മുതലെടുക്കുകയായിരുന്നു എന്ന ആരോപണത്തിനിടെയാണ്
ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ മണിപ്പൂരിലെത്തിയത്, സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ത്യയുടെ സൈനിക മേധാവിയും മണിപ്പൂരിലെത്തി. ജൂൺ ആദ്യം മണിപ്പൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ, റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന് വേണ്ടി “അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ” ഒരു ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. വിവിധ സമുദായ അംഗങ്ങൾക്കിടയിൽ സമാധാന സമിതി രൂപീകരിക്കുമെന്നും മ്യാൻമർ അതിർത്തിയിൽ അധിക ഫെൻസിങ് സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പക്ഷെ നിലവിലെ അരാജകത്വം സായുഘ സംഘങ്ങള്‍ മുതലെടുക്കുന്നത് തുടരുന്നതിനിടെ വാഗ്ദ്ധാനങ്ങളും പ്രഖ്യാപനങ്ങളും എത്രകണ്ട് നിറവേറ്റാന്‍ കഴിയും എന്നതാണ് കണ്ടറിയേണ്ടത്.
അനുരഞ്ജന സാധ്യതകള്‍
അനുരഞ്ജന ശ്രമങ്ങളില്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ കരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒന്ന് തലമുറകളായി തുടരുന്നു സാമുദായിക അസ്വാരസ്യങ്ങളും ഏറ്റുമുട്ടലുകളും . രണ്ട് ഇവ നേരിടാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന സൈനിക നടപടി അടക്കമുള്ള കടുത്ത നിലപാടുകളും.
മണിപ്പൂരിലെ എല്ലാ വിഭാഗം സമുദായങ്ങളും വര്‍ഷങ്ങളായി ഒരുപാട് ദുരിതങ്ങള്‍ സഹിച്ചവരാണ്. അന്നം വിളയേണ്ട തങ്ങളുടെ പാടങ്ങള്‍ യുദ്ധക്കളങ്ങളായി മാറുന്നതിന് ദൃക്സാക്ഷികളായവരാണ്. അധികാര മോഹികളായ ഒരു കൂട്ടം ആളുകള്‍ ജനങ്ങളെ ഭിന്നിപ്പിച്ച് അക്രമം വിതച്ച് സമാധാനം കവര്‍ന്നെടുക്കുന്നത് കണ്ടവരാണ്.
പതിറ്റാണ്ടുകളായി തദ്ദേശീയ സമൂഹങ്ങളെ ധ്രുവീകരിക്കുന്ന ആഴത്തിലുള്ള അവിശ്വാസവും ചരിത്രപരമായ മുറിവുകളും പരിഹരിക്കുന്നതിന് സ്ത്രീവിഭാഗത്തെയടക്കം മുന്‍നിര്‍ത്തി പൗര കേന്ദ്രീകൃത സംഭാഷണങ്ങളും സമാധാന യോഗങ്ങളും സുപ്രധാനമാണ് . പ്രതികരണാത്മകമായ ഭരണവും സുതാര്യതയും കെട്ടിപ്പടുക്കുന്നതു പോലെ പതിറ്റാണ്ടുകളായി അക്രമങ്ങളിലൂടെയും അവഗണനയിലൂടെയും മാത്രം കടന്നുവന്ന തകര്‍ന്ന ഹൃദയങ്ങളുടെ മുറിവുണക്കുന്നതും ഒരു സുദീര്‍ഘ പ്രക്രിയയാണെന്ന് നമ്മള് തിരിച്ചറിയേണ്ടിയിരിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം