മുംബൈ : ബാൽ താക്കറെയുടെ യഥാർഥ പിന്‍ഗാമികൾ തങ്ങളാണെന്ന വാദവും ശക്തി പ്രകടനവുമായി ശിവസേനയുടെ സ്ഥാപക ദിനം ആഘോഷിക്കാൻ ഉദ്ധവ് താക്കറെ – ഏക്നാഥ് ഷിൻഡെ വിഭാഗങ്ങൾ. പിളർപ്പിന് ഒരു വർഷത്തിനുശേഷം വരുന്ന ആഘോഷം രണ്ടു വിഭാഗങ്ങളും രണ്ടായി നടത്തും. കാർട്ടൂണിസ്റ്റായിരുന്ന ബാൽ താക്കറെ 1966 ജൂൺ 19നാണ് ശിവസേന സ്ഥാപിച്ചത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു പിളർപ്പ്.
വരുന്ന ലോക്സഭാ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകൾ മുൻനിർത്തി ശക്തിപ്രകടനമാണ് ഇരു വിഭാഗങ്ങളും നടത്താനിരിക്കുന്നത്. ഷിൻഡെ വിഭാഗം നടത്തുന്ന പരിപാടി വടക്കുപടിഞ്ഞാറൻ മുംബൈയിലെ ഗോരഗാവിലും ഉദ്ധവ് വിഭാഗത്തിന്റേത് മധ്യ മുംബൈയിലെ സിയോണിലുമാണ്.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാരിനെ അട്ടിമറിച്ച് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ 39 എംഎൽഎമാർ ബിജെപിയുടെ പിന്തുണയോടെ കൂറുമാറുകയായിരുന്നു. ഷിൻഡെ മുഖ്യമന്ത്രിയായി. പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ പാർട്ടിയുടെ ഔദ്യോഗിക പേരും ചിഹ്നവും ഷിൻഡെ വിഭാഗത്തിനു അനുവദിക്കുകയും ചെയ്തു. ഉദ്ധവ് വിഭാഗത്തിന്റെ പേര് ശിവസേന (യുബിടി –ഉദ്ധവ് ബാലസാഹബ് താക്കറെ) എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചത്.
Read More:സ്വകാര്യ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ ; തലയ്ക്കടിച്ചു കൊന്നു
‘യഥാർഥ ശിവസേന’
അതിനിടെ, ഉദ്ധവ് വിഭാഗത്തിന്റെ എംഎൽസി മനീഷ കായൻഡെ ഷിൻഡെ വിഭാഗത്തിനൊപ്പം ചേർന്നു. ശിവസേന (യുബിടി) പാർട്ടി വനിതകളിൽനിന്നുവരെ പണം ആവശ്യപ്പെടുന്നുവെന്നും മനീഷ ആരോപിച്ചു. സ്ഥാപകദിനത്തോടു ചേർന്നുതന്നെ മനീഷ കൂറുമാറിയത് നേതൃത്വത്തെ ഞെട്ടിച്ചു. കഴിഞ്ഞദിവസം മുതിർന്ന നേതാവ് ശിഷിർ ഷിൻഡെയും പാർട്ടി വിട്ട് ശിവസേനയിൽ ചേർന്നിരുന്നു.
പാർട്ടി പ്രവർത്തകർ എന്തുകൊണ്ടു വിട്ടുപോകുന്നുവെന്ന് താക്കറെ വിഭാഗത്തിനു നേതൃത്വം നൽകുന്നവർ ചിന്തിക്കുമെന്നു ഒരു വർഷമായി കാത്തിരിക്കുകയായിരുന്നുവെന്നാണ് താനെയിൽ ശിവസേനയിൽ ചേർന്ന പരിപാടിയിൽ വച്ച് മനീഷ പറഞ്ഞത്. ‘‘ഷിൻഡെ നേതൃത്വം നൽകുന്നതാണ് ബാലസാഹബ് താക്കറെയുടെ യഥാർഥ ശിവസേന. കഴിഞ്ഞ ജൂണിൽ അധികാരത്തിൽ വന്നതിനു പിന്നാലെ മികച്ച പ്രകടനമാണ് കാണുന്നത്. കോൺഗ്രസിന്റെയും എൻസിപിയുടെയും അജൻഡ നടപ്പാക്കുകയാണ് താക്കറെ വിഭാഗം. ഹിന്ദു ദൈവങ്ങള്‍ക്കെതിരെ സംസാരിക്കുന്നവർക്കു ശിവസേനയുടെ മുഖമാകാൻ സാധിക്കില്ല’’ – അവർ കൂട്ടിച്ചേർത്തു.
പാർട്ടിയിൽ ചേർന്നതിനു പിന്നാലെ ശിവസേനയുടെ സെക്രട്ടറിയും വക്താവുമാക്കി ഇവരെ ഷിൻഡെ നിയമിച്ചു. ശിവസേനയിൽ ചേരുന്നതിനു മുൻപുതന്നെ മനീഷയെ ഉദ്ധവ് വിഭാഗം ‘പാർട്ടി–വിരുദ്ധ’ പ്രവർത്തനത്തിന്റെ പേരിൽ വക്താവ് സ്ഥാനത്തുനിന്നു നീക്കിയിരുന്നു. എന്നാൽ പുറത്താക്കിയിരുന്നില്ല. 2012ലാണ് മനീഷ ശിവസേനയിൽ ചേർന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം