മനുഷ്യന് മഞ്ഞലോഹത്തോടുള്ള അതിമോഹത്തിന് കാലാതീതമായ പഴക്കമുണ്ട്. ആഗോള വാർത്താ ഏജൻസിയായ അൽ ജസീറയുടെ ഇൻവെസ്റ്റിഗേറ്റിവ് യൂണിറ്റായ ഐ നടത്തിയ നാല് ഭാഗങ്ങളുള്ള അന്വേഷണ പരമ്പരയിൽ ദക്ഷിണാഫ്രിക്കയിലെ അധോലോക- സുവർണ്ണ സാമ്രാജ്യത്തിലെ സ്വർണ്ണ കള്ളക്കടത്ത് സംഘങ്ങളുടെ ഏടുകൾ പുറം ലോകത്തേക്ക് തുറന്നു വെക്കുകയാണ് ..
പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധങ്ങൾ ഏറ്റുവാങ്ങി തകർന്നടിയുന്ന ദക്ഷിണാഫ്രിക്കൻ രാജ്യങ്ങൾ തങ്ങളുടെ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്താൻ സ്വർണ്ണക്കടത്തിനെയും കള്ളപ്പണം വെളുപ്പിക്കലിനെയും മുഖം മൂടിയില്ലാതെ ആശ്രയിക്കുന്നതും പിന്തുണയ്ക്കുന്നതുമാണ് അൽ ജസിറ അന്വേഷണ സംഘത്തിന് കാണാൻ കഴിഞ്ഞത്.
മുഖംമൂടിയണിഞ്ഞ മാന്യർ
അവർ ശരിക്കും ആരൊക്കെയാണ്.. പുതുതലമുറയിലെ പാസ്റ്റർമാർ മുതൽ സംഗീതജ്ഞരും പ്രഖ്യാപിത പ്രവാചകരും വരെ . രാജ്യത്തെ നയതന്ത്രജ്ഞർ മുതൽ സിംബാബ്വേ പ്രസിഡന്റിന്റെ മരുമകൾ വരെ . വിവിധ മേഖലകളിലുള്ളവർ സമൂഹത്തിന്റെ പരിച്ഛേദമമായി പല മുഖങ്ങളെ പ്രതിനിധീകരിക്കുന്നവർ. ചിലപ്പോൾ ചിലരെല്ലാം ഒരേ ചേരിയിലാണ് … മറ്റു ചിലപ്പോൾ എതിർചേരികളിലും … പറഞ്ഞു വരുന്നത് ലോകത്തെ പ്രമുഖ സ്വർണ്ണോല്പാദക രാജ്യമായ ദക്ഷിണാഫ്രിക്കയിൽ , സ്വർണ്ണക്കടത്തും കള്ളപ്പണം വെളുപ്പിച്ചും വിരാജിക്കുന്ന രാജാക്കന്മാരെ കുറിച്ചാണ് . ചക്രവർത്തിമാരെ കുറിച്ചാണ് .
ബ്രദർ പോൾ എന്ന കമലേഷ് പട്ട്നി
1990 കളിൽ പട്ട്നി യുടെ സ്ഥാപനമായ ഗോൾഡൻ ബെർഗ് ഇന്റർനാഷണൽ, കെനിയയിൽ നിന്ന് 600 മില്യൺ ഡോളർ , അതായത് രാജ്യത്തിന്റെ ജിഡിപിയുടെ 10 ശതമാനം കവർന്ന, ഭീമാകാരമായ അഴിമതിയുടെ കേന്ദ്രമായിരുന്നു. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഉപരോധം നേരിടുന്ന സമയത്ത് രാജ്യം സാമ്പത്തികമായി തകരാതിരിക്കാൻ കെനിയൻ സ്വർണ്ണം കയറ്റുമതി ചെയ്യാൻ പറ്റ്നിയുമായി പ്രസിഡന്റ് ഡാനിയേൽ അരപ് മോയ് കരാറിലേർപ്പെട്ടു. ഈ ലൈസൻസ് , കോംഗോ അടക്കമുള്ള രാജ്യങ്ങളിലേക്ക് സ്വർണ്ണം കടത്തുന്നതിന് പട്‌നി അനധികൃതമായി ഉപയോഗിക്കുകയായിരുന്നു. പട്നിക്ക് മേൽ കുറ്റം ചുമത്തിയെങ്കിലും ശിക്ഷാവിധി നടപ്പാക്കാൻ കെനിയൻ ഭരണകൂടത്തിന് ഒരിക്കലും കഴിഞ്ഞില്ല .കാരണം രാജ്യത്തെ നിയമങ്ങൾക്കതീതമായി, വിദേശ ഉപരോധങ്ങളെ മറികടക്കാൻ സർക്കാർ താല്ക്കാലികമായി ഏർപ്പെട്ട സംവിധാനമായിരുന്നു പറ്റ്നിയുമായുള്ള കരാർ. മുൻ ലിബിയൻ പ്രസിഡന്റ് മുഅമ്മർ ഗദ്ദാഫി മുതൽ സിംബാബ്‌വേ പ്രസിഡന്റ് റോബർട്ട് മുഗാബെ വരെയുള്ള ആഫ്രിക്കൻ നേതാക്കൾക്കിടയിൽ തന്റെ സ്വാധീനത്തിനുള്ള തെളിവുകൾ നിരത്തി പറ്റ്നി അൽ ജസീറ കവർ ടീമിന് മുന്നിൽ. നിലവിൽ ഒരു പള്ളി സ്ഥാപിച്ച് പാസ്റ്ററുടെ പുതിയ വേഷത്തിലാണ് പറ്റ്നി ..ഇപ്പോൾ ദുബായ് കേന്ദ്രീകരിച്ചാണ് ‘പാസ്റ്ററുടെ പ്രവർത്തനങ്ങൾ ‘
‘ നയതന്ത്രക്കടത്തുമായി ‘ മാലാഖ ‘
സിംബാബ്‌വേയുടെ ഏറ്റവും സ്വാധീനമുള്ള നയതന്ത്രജ്ഞൻ യൂബെർട്ട് ഏഞ്ചൽ.
രാജ്യത്തെ തകർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയിലേക്ക് നിക്ഷേപം കൊണ്ടുവരിക എന്ന ദൗത്യമാണ് സിംബാബ്‌വേയുടെ യുറോപ്പ് – അമേരിക്കൻ പ്രത്യേക അംബാസിഡറായ യൂബെർട്ട് ഏഞ്ചലിനെ സിംബാബ്‌വേ പ്രസിഡന്റ് എമേഴ്സൺ മംഗഗ്വ ഏൽപ്പിച്ചത്. സ്വർണ്ണക്കടത്ത് അടക്കം കള്ളപ്പണം വെളുപ്പിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും തന്റെ പദവിയുടെ മറ ഉപയോഗിക്കാമെന്നാണ് അൽ ജസീറയോട് യൂബർട്ട് ഏഞ്ചൽ വെളിപ്പെടുത്തുന്നത്. തനിക്കു പ്രസിഡന്റിന്റെ പിന്തുണയുണ്ടെന്ന് യൂബർട്ട് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.. അതേസമയം ഗുഡ് ന്യൂസ് ചർച്ചിലെ സ്വയം പ്രഖ്യാപിത പ്രവാചകൻ കൂടിയായ ഏഞ്ചൽ ദൈവിക പരിവേഷത്തിന്റെ മറ പിടിച്ചാണ് തന്റെ പ്രവർത്തനങ്ങളെ ന്യായീകരികുന്നത്. ഏഞ്ചലിന്റെ സഹ പ്രവർത്തകനായ റിക്കി ഡൂലനും പൂർണ്ണ പിന്തുണ നൽകി ഒപ്പമുണ്ട്. ഏഞ്ചലിന്റെ സഹായത്തോടെ സിംബാബ്‌വെയിലേക്ക് ഒരു ബില്യൺ ഡോളറിലധികം കള്ളപ്പണം അയച്ചതായി ഡൂലൻ വെളിപ്പെടുത്തുന്നു.
റഷ്വയ എന്ന സൂത്രധാര
സിംബാബ്‌വേ പ്രസിഡന്റ് എമേഴ്സൺ മംഗാഗ്വയുടെ മരുമകളും സിംബാബ്‌വേ മൈനിംഗ് ഫെഡറേഷന്റെ മേധാവിയുമായ ഹെന്റിറ്റ റഷ്വയ . രാജ്യത്തെ സ്വർണ്ണക്കടത്തിന്റെ ഏറ്റവും ആദ്യ കണ്ണിയായി ഇവരെ കണക്കാക്കാം. സ്വർണ്ണക്കടത്തിന്റെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും സുപ്രധാന സൂത്രധാരയും പദ്ധതികളുടെ കൃത്യമായ ആസൂത്രണം ഉറപ്പാക്കുന്നതും റഷ്വയ തന്നെയാണ്.
ഈ രംഗത്ത് കടുത്ത മത്സരമുണ്ട് എന്നതും ശ്രദ്ധേയമാണ്. റഷ്വയയ്ക്കും ഏഞ്ചലിനും ഡൂലനും എതിരാളി മിസ്റ്റർ ഗോൾഡ് എന്നറിയപ്പെടുന്ന ഇവാൻ മക് മിലൻ ആണ്. പ്രതിമാസം 70 മില്യൺ ഡോളർ മുതൽ 80 മില്യൺ ഡോളർ വരെ വിലമതിക്കുന്ന സ്വർണ്ണം ഘാനയും ദക്ഷിണാഫ്രിക്കയും സാംബിയയും അടക്കമുള്ള രാജ്യങ്ങളിലേക്ക്
‘കയറ്റുമതി ‘ ചെയ്യുന്നുവെന്ന് അഭിമാനപൂർവ്വം മക് മില്യൻ വീമ്പിളക്കുന്നു.
നൂറ് മില്യൺ ഡോളറിലധികം അപ്രഖ്യാപിത സ്വത്ത് വെളുപ്പിക്കാൻ ശ്രമിക്കുന്ന ചൈനിസ് ക്രിമിനലുകളായി വേഷപ്പകർച്ച നടത്തിയായിരുന്നു അൽ ജസീറയുടെ രഹസ്യ റിപ്പോർട്ടർമാർ അന്വേഷണം നടത്തിയത്. കളളപ്പണം വെളുപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലയിൽ മഞ്ഞ ലോഹത്തിന് ഇത്ര വിലയുള്ളത് എന്തുകൊണ്ടാണെന്ന് സ്വർണ്ണ മാഫിയ അന്വേഷണം കാണിക്കുന്നു. പാശ്ചാത്യ ഉപരോധത്തിന്‍റെ പിടിയിൽ നിന്ന് കരകയറാൻ രാജ്യത്തെ സഹായിക്കുന്ന കള്ളക്കടത്തിലും കള്ളപ്പണം വെളുപ്പിക്കലിലും സിംബാബ്‌വെയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും അന്വേഷണം തുറന്നുകാട്ടുന്നു. ഇത്തരം കുറ്റകൃത്യങ്ങളുടെ ആഗോള സ്വഭാവമാണ് ഇത് വെളിപ്പെടുത്തുന്നത്. അതിൽ ഒരു രാജ്യത്ത് നിന്ന് കടത്തുന്ന സ്വർണ്ണം ലോകമെമ്പാടുമുള്ള മുൻനിര കമ്പനികളുടെ ഓഫ്‌ഷോർ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന പണത്തിന്‍റെ രൂപത്തിൽ അവസാനിക്കും.
ശുദ്ധമായ സ്വർണ്ണമോ? അങ്ങനെയൊന്നില്ല.
സ്വർണ്ണം എവിടെ നിന്ന് വാങ്ങിയാലും, അതിന്‍റെ ഉത്ഭവസ്ഥാനം എവിടെ നിന്ന് എന്ന ഉറപ്പ് നല്‍കുന്നത് ബുദ്ധിമുട്ടാണ്. സ്വർണ്ണം ഉരുകുകയും ആവർത്തിച്ച് ശുദ്ധീകരിക്കുകയും ചെയ്യുന്നതിനാല്‍ അതിന്‍റെ ഉത്ഭവത്തിന്‍റെ എല്ലാ സൂചനകളും അവ്യക്തമാക്കുന്നു, കള്ളക്കടത്തുകാരെന്ന് സംശയിക്കുന്നവർക്കെതിരെ തെളിവുകളുണ്ടാക്കുന്നത് അതുകൊണ്ട് തന്നെ ഏറെ ബുദ്ധിമുട്ടാണ്. ഓപ്പൺ മാർക്കറ്റിൽ വാങ്ങുന്ന സ്വർണം ധാർമികമായും നിയമപരമായും ശുദ്ധമാണോ അതോ വെളുപ്പിക്കലും കുറ്റകൃത്യവും ഇല്ലാത്തതാണോ എന്ന് ഉറപ്പിക്കാൻ പ്രയാസമാണെന്നും ഇതിനർത്ഥം മനസിലാക്കണം. റിഫൈനർമാർക്ക് ലഭിക്കുന്ന സ്വർണ്ണം, ഒരിക്കൽ ശുദ്ധീകരിച്ചാൽ, അത് പ്രായോഗികമായി പുതിയ സ്വർണ്ണമാണ് എന്നാണ് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ശുദ്ധീകരണശാലകളിലൊന്നായ കലോട്ടിയെയുടെ മുന്‍ പങ്കാളിയായ അംജദ് റിഹാൻ വെളിപ്പെടുത്തുന്നത്.
പണമൊഴുകും വഴി
വർഷങ്ങളായി തുടരുന്ന അമിത പണപ്പെരുപ്പത്തില്‍ അന്താരാഷ്ട്ര വ്യാപാരത്തിൽ പ്രാദേശിക കറൻസിക്ക് മൂല്യമില്ലാത്തതിനാൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡോളർ ആവശ്യമുള്ള ഒരു രാജ്യമായ സിംബാബ്‌വെയിലാണ് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ ആസ്ഥാനം. രാജ്യത്തെ ഏറ്റവും വലിയ കയറ്റുമതിയായ സ്വർണം ഡോളർ സമ്പാദിക്കാനുള്ള നല്ലൊരു വഴിയായി അവര്‍ കാണുന്നു
കൃത്യമായ പരിശോധനകള്‍ക്ക് വിധേയരാകാത്ത കള്ളക്കടത്തുകാരും സിംബാബ്‌വെയുടെ സ്വർണം ദുബായിലേക്ക് കൊണ്ടുപോകുന്നു, അവിടെ അത് ശുദ്ധമായ പണത്തിന് പകരമായി വിൽക്കുന്നു. കള്ളപ്പണം വെളുപ്പിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ പണം മാറ്റപ്പെടുകയാണ്, ഡോളറിന് തുല്യമായ തുക കള്ളക്കടത്തുകാരിലൂടെ സിംബാബ്‌വെ സർക്കാരിന് കൈമാറുന്നു. സിംബാബ്‌വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സര്‍ക്കാരുകളില്‍ ആഴത്തിൽ വേരുകളുള്ള ഇരുണ്ട സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമാണ് സ്വർണം എന്ന് അല്‍ജസീറ അന്വേഷണത്തിൽ കണ്ടെത്തി. സ്വർണ്ണ മാഫിയ സര്‍ക്കാരുകളേക്കാള്‍ വലുതാകുന്നു എന്ന യാഥാര്‍ത്ഥ്യം ലോകത്തോട് തുറന്നു കാട്ടുകയാണ് അവര്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം