തൃശൂർ: തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മദ്യം വാങ്ങാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ. മദ്യശാല അടച്ച ശേഷം മദ്യം വാങ്ങാനെത്തിയവരാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല് പേരാണ് പിടിയിലായത്. ഇവരിൽ നിന്നു എയർ ഗണ്ണും പൊലീസ് പിടിച്ചെടുത്തു.
തൃശൂർ പൂത്തോളിൽ ഇന്നലെ രാത്രിയാണ് സംഭവം. കൺസ്യൂമർ ഫെഡിന്റെ ഔട്ട്ലെറ്റിലാണ് സംഘം മദ്യം വാങ്ങാൻ എത്തിയത്. ഒൻപത് മണിക്ക് ശേഷമാണ് ഇവർ മദ്യം വാങ്ങാൻ വന്നത്. സമയം കഴിഞ്ഞതിനാൽ മദ്യശാലയുടെ ഷട്ടർ പാതി അടച്ച നിലയിലായിരുന്നു. ജീവനക്കാർ ഔട്ട്ലെറ്റ് അടക്കാനുള്ള ഒരുക്കത്തിലായിരുന്നു.
അതിനിടെയാണ് നാലംഗ സംഘം വന്നു ഷട്ടറിൽ മുട്ടി മദ്യം നൽകാൻ ആവശ്യപ്പെട്ടത്. എന്നാൽ പ്രവർത്തനം അവസാനിച്ചെന്നും മടങ്ങിപ്പോകണമെന്നും ജീവനക്കാർ ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ മദ്യം കിട്ടാതെ പോകില്ലെന്നു പറഞ്ഞു സംഘം ജീവനക്കാരോടു തട്ടിക്കയറി. പിന്നാലെ എയർ ഗൺ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
തോക്കു ചൂണ്ടിയതോടെ ജീവനക്കാർ പരിഭ്രാന്തരായി. പിന്നാലെ ഇവർ പൊലീസിനെ വിവരം അറിയിച്ചു. വെസ്റ്റ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കാൻ എത്തിയെങ്കിലും അപ്പോഴേക്കും നാല് പേരും സ്ഥലം വിട്ടിരുന്നു. പിന്നാലെ ബാറുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം അരമന ബാറിൽ നിന്നു പിടിയിലായത്.
പിടിയിലായ കോഴിക്കോട് സ്വദേശികൾക്കെതിരെ നേരത്തെയും കേസുകളുണ്ടെന്ന് പൊലീസിന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തെ കൂടുതൽ ചോദ്യം ചെയ്യും. ഇന്നുതന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം