റിയാദ്: സൗദി അറേബ്യയില്‍ പ്രവേശന വിലക്കുണ്ടായിരുന്ന വനിതാ ഹജ്ജ് തീര്‍ത്ഥാടകയെയും അവരുടെ ഭര്‍ത്താവിനെയും വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. തെലങ്കാന മഹ്‍ബൂബ് നഗര്‍ സ്വദേശികളായ മുഹമ്മദ് അബ്‍ദുല്‍ ഖാദര്‍, ഭാര്യ ഫരീദ ബീഗം എന്നവരെയാണ് സൗദി അധികൃതര്‍ ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചത്. ഇരുവരും തെലങ്കാന ഹജ്ജ് കമ്മിറ്റി വഴിയാണ് ഹജ്ജിനെത്തിയിരുന്നത്.
കഴിഞ്ഞ ദിവസം വിസ്‍താര എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ ഇരുവരും ജിദ്ദയിലെത്തി. എന്നാല്‍ ഫരീദ ബീഗത്തിന് സൗദിയില്‍ പ്രവേശിക്കുന്നതിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും പാസ്‍പോര്‍ട്ട് ബ്ലാക് ലിസ്റ്റ് ചെയ്‍തിരിക്കുകയാണെന്നും ജിദ്ദ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭര്‍ത്താവിന്റെ ഹജ്ജ് അപേക്ഷയും ഒരേ കവര്‍ നമ്പറിലായിരുന്നതിനാല്‍ അദ്ദേഹത്തിനും പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് അധികൃതരുടെ നിര്‍ദേശ പ്രകാരം വിസ്‍താര എയര്‍ലൈന്‍സിന്റെ തന്നെ മുംബൈ വിമാനത്തില്‍ ഇവരെ തിരിച്ചയക്കുകയായിരുന്നു. അവിടെ നിന്ന് ഹൈദരാബാദിലെത്തിക്കും.
ഫരീദ ബീഗം നേരത്തെ സൗദി അറേബ്യയില്‍ ജോലി ചെയ്‍തിരുന്നതായും അപ്പോള്‍ ഉണ്ടായ ചില പ്രശ്നങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയതാണെന്നും പറയപ്പെടുന്നു. ഇത് കാരണമാണ് സൗദി ഇമിഗ്രേഷന്‍ രേഖകളില്‍ ഇവരുടെ പാസ്‍പോര്‍ട്ട് ബ്ലാക് ലിസ്റ്റ് ചെയ്യപ്പെട്ടത്. സംഭവം ഹജ്ജ് കമ്മിറ്റിയെ വിസ്‍താര എയര്‍ലൈന്‍സ് ഔദ്യോഗികമായി അറിയിച്ചു. വിശദ വിവരങ്ങള്‍ അറിയാന്‍ തെലങ്കാന ഹജ്ജ് കമ്മിറ്റി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ഹജ്ജ് മിഷനുമായും ബന്ധപ്പെട്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം