ടോക്കിയോ: ജപ്പാനിൽ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് പെൺകുട്ടികളുടെ പ്രായം 16ആക്കി ഉയർത്തി. ലൈംഗിക കുറ്റകൃത്യ നിയമങ്ങളിൽ പരിഷ്കാരം വരുത്തുന്നതിന്റെ ഭാഗമായാണ് ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള നിയമപരമായ പ്രായം ഉയർത്തിയത്. നേരത്തെ ഉഭയസമ്മത പ്രകാരം ബന്ധത്തിലേർപ്പെടാൻ 13 വയസായിരുന്നു പ്രായം. ഒളിഞ്ഞുനോട്ടം ക്രിമിനൽ കുറ്റമാക്കാനും തീരുമാനിച്ചു. പാർലമെന്റിന്റെ ഉപരിസഭയിൽ ഏകകണ്ഠമായാണ് നിയമഭേദഗതി പാസായത്. പരിഷ്കാരങ്ങളെ ടോക്കിയോ ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് നൗ ഗ്രൂപ്പ് സ്വാഗതം ചെയ്തു. രാജ്യത്തെ വലിയ മുന്നേറ്റമെന്നാണ് ഇവര് വിശേഷിപ്പിച്ചത്.
പ്രായപൂർത്തിയായവർ കുട്ടികൾക്കെതിരെ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന സന്ദേശം സമൂഹത്തിന് നൽകുന്നതാണ് പ്രായം ഉയർത്തുന്ന ഭേദഗതിയിലൂടെ ഉണ്ടായതെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു. ബ്രിട്ടനിൽ 16, ഫ്രാൻസിൽ 15, ജർമ്മനിയിലും ചൈനയിലും 14 വയസ്സ് എന്നിങ്ങനെയാണ് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം. 1907 മുതൽ ജപ്പാനിൽ 13 വയസാണ് ബന്ധത്തിലേർപ്പെടാനുള്ള കുറഞ്ഞ പ്രായം. എന്നിരുന്നാലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രായപൂർത്തിയാകാത്തവരുമായുള്ള ലൈംഗിക വേഴ്ച മോശപ്പെട്ട കാര്യമായാണ് കാണുന്നത്.
പുതിയ നിയമപ്രകാരം, രണ്ട് പങ്കാളികളും 13 വയസ്സിന് മുകളിലാണെങ്കിൽ, പ്രായവ്യത്യാസം അഞ്ച് വയസ്സിൽ കൂടാത്ത കൗമാരക്കാരെ പ്രോസിക്യൂഷനിൽ നിന്ന് ഒഴിവാക്കും. 2017-ലാണ് ജപ്പാൻ അവസാനമായി ലൈംഗിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച ക്രിമിനൽ കോഡ് പരിഷ്കരിച്ചത്. ബലാത്സംഗക്കേസുകളിൽ പ്രതികളെ വെറുതെ വിടുന്നതിനെതിരെ 2019-ൽ, രാജ്യവ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. കുറ്റവാളികൾക്ക് അനുകൂലമാണ് പഴയ നിയമമെന്നായിരുന്നു പ്രധാന ആരോപണം. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടവും കുറ്റകൃത്യമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം